- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിക്ക് അടുത്തെത്തിയപ്പോൾ വിമാനത്തിൽ ബോംബെന്ന അറിയിപ്പ് കിട്ടിയത് ലാഹോർ എയർ ട്രാഫിക് കൺട്രോളിൽ നിന്ന്; രാജ്യതലസ്ഥാനത്ത് 'നാടകം' വേണ്ടെന്ന് തീരുമാനിച്ച് നിർദ്ദേശിച്ചത് ജയ്പൂരിലേക്ക് പറക്കാൻ; പെട്ടെന്ന് ബോംബും ഇല്ല കോപ്പുമില്ല! ആ ഇറാൻ വിമാനം അതിവേഗം ചൈനയിലേക്ക് മാഞ്ഞു; മഹാൻ എയർ ആശങ്കയായത് മുക്കാൽ മണിക്കൂർ; ആ ബോംബ് ഭീഷണിയിൽ ദുരൂഹത മാത്രം
ന്യൂഡൽഹി: ഡൽഹിയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ ആ ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. ഇക്കാര്യത്തിൽ വിശദ പരിശോധന ഇന്ത്യ നടത്തും. ഇന്ത്യയുടെ മുകളിലൂടെ പറക്കവെ, ഇറാന്റെ മഹാൻ എയർ വിമാനത്തിന് ബോംബ് ഭീഷണി ഉയർന്നത് പരിഭ്രാന്തി പരത്തി. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞെങ്കിലും ഇന്ത്യൻ വ്യോമാതിർത്തി കടക്കുംവരെ വിമാനത്തിന് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടിയേകി.
ഇറാനിലെ ടെഹ്‌റാനിൽനിന്ന് ചൈനയിലെ ഗ്വാങ്ചൗവിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നു രാവിലെ 9.20 നാണ് ലഹോർ എയർ ട്രാഫിക് കൺട്രോൾ ഡൽഹി എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചത്. വ്യോമസേന ഉടൻ 2 സുഖോയ് യുദ്ധവിമാനങ്ങളെ രംഗത്തിറക്കി. ഇറാൻ വിമാനത്തിന്റെ പിന്നിൽ ഇരുവശങ്ങളിലുമായി ഇവ പറന്നു. പാക്കിസ്ഥാനിൽ നിന്നാണ് ഇത്തരമൊരു സന്ദേശം എത്തിയതെന്നതും നിർണ്ണായകമാണ്. ഇതിന് പിന്നിൽ ഡൽഹിയെ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നോ എന്നും സംശയമുണ്ട്. അടിയന്തര സാഹചര്യത്തിൽ വിമാനത്തോട് ജയ്‌പ്പൂരിലോ ചണ്ഡിഗഡിലോ ഇറങ്ങാമെന്ന് ഇന്ത്യൻ വ്യാമ മന്ത്രാലയും അറിയിച്ചിരുന്നു.
ജയ്പുർ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഇറങ്ങാൻ അനുമതി നൽകാമെന്ന് ഇന്ത്യൻ അധികൃതർ അറിയിച്ചെങ്കിലും ഗൗങ്ചൗവിലേക്കു തന്നെ പറക്കുകയാണെന്ന് ഇറാൻ വിമാനത്തിലെ പൈലറ്റ് മറുപടി നൽകി. പിന്നാലെ, ഭീഷണി വ്യാജമാണെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു. ഇതാണ് ദുരൂഹമാകുന്നത്. ഡൽഹിയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതോടെ തന്നെ ബോംബ് ഭീഷണി വ്യാജമെന്ന സന്ദേശവും എത്തി. ഈ സാഹചര്യത്തിലും വിമാനം ഇന്ത്യൻ വ്യോമാതിർത്തി കടന്ന് ബംഗ്ലാദേശിൽ പ്രവേശിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സുഖോയ് വിമാനങ്ങൾ പിന്തിരിഞ്ഞത്.
വ്യോമസേനയ്ക്കു പുറമേ വ്യോമയാന മന്ത്രാലയം, വ്യോമയാന സുരക്ഷാ ബ്യൂറോ എന്നിവയും വിമാനത്തെ സസൂക്ഷ്മം നിരീക്ഷിച്ചു. ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങൾക്കും സേനാ താവളങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങൾ വിമാനത്താവളങ്ങളിലൊരുക്കുകയും ചെയ്തിരുന്നു. നാൽപത് മിനിറ്റോളം ഇന്ത്യൻ വ്യോമപരിധിയിൽ ആശങ്കയുണ്ടായിരുന്നു. പഞ്ചാബിൽ നിന്നും ജോധ് പൂരിൽ നിന്നുമുള്ള സുഖോയ് വിമാനമാണ് ഇറാൻ വിമാനത്തെ പിന്തുടർന്നത്.
ഒൻപത് ഇരുപതോടെയാണ് വിമാനത്തിന് ബോംബ് ഭീഷണിയെന്ന സന്ദേശം ഡൽഹിയിൽ കിട്ടുന്നത്. സുഖോയ് വിമാനങ്ങളുടെ അകമ്പടിയും മറ്റും എത്തിയതിന് പിന്നാലെ അത് ഇറാൻ മാറ്റി പറഞ്ഞു. വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പോകാൻ ഇന്ത്യ അനുവദിക്കുകയും ചെയ്തു. ബോംബു ഭീഷണിയുണ്ടെന്നു സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതോടെ വിമാനത്തിനു ഡൽഹിയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ബോംബിന്റെ സ്വഭാവം സംബന്ധിച്ച് വിവരമൊന്നും നൽകിയതുമില്ല. വിമാനത്തിലെ പൈലറ്റ് ഡൽഹിയിൽ ഇറങ്ങാൻ അനുമതി തേടി. ജയ്പൂരിലേക്കോ ചണ്ഡിഗഡിലേക്കോ പോകാനായിരുന്നു നൽകിയ നിർദ്ദേശം. എന്നാൽ പൈലറ്റ് വിമാനവുമായി ചൈനയിലേക്ക് പോയി. ബോംബ് ഭീഷണിയെ കാര്യമായെടുക്കേണ്ടെന്ന നിർദ്ദേശം ഇറാൻ അധികാരികൾ വിമാനത്തിലെ പൈലറ്റിന് നൽകിയെന്നാണ് സൂചന. സംഭവിച്ചതിന് കുറിച്ച് ഇന്ത്യൻ വ്യോമസേന പ്രസ്താവനയും ഇറക്കി.
ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കോ ചണ്ഡിഗഡ്ഡിലേക്കോ പോകാൻ നിർദ്ദേശിച്ചെന്നും എന്നാൽ വിമാനം വഴിതിരിച്ചു വിടാൻ പൈലറ്റ് തയ്യാറായില്ലെന്നും വ്യോമസേന പറയുന്നു. എല്ലാ മുൻകരുതലും ഈ ഘട്ടത്തിൽ സ്വീകരിച്ചെന്നും വ്യാമസേന പറയുന്നു. ഇന്ത്യൻ വ്യോമാതിർത്തിയിൽ കർശന നിരീക്ഷണത്തിലായിരുന്നു ഈ വിമാനം. സുരക്ഷിത അകലത്തിലാണ് യുദ്ധ വിമാനങ്ങൾ ഇറാൻ ഫ്ളൈറ്റിനെ പിന്തുടർന്നതെന്നും വിശദീകരിക്കുന്നു. ഈ വിമാനം ഇന്ത്യൻ വ്യോമപാതയിൽ കടന്നപ്പോൾ ആണ് ബോംബ് ഭീഷണിയുണ്ടായത് എന്നായിരുന്നു അറിയിപ്പ്. ഇറാനിലെ ടെഹ്‌റാനിൽ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് പോകുകയായിരുന്നു വിമാനം.
മറുനാടന്‍ മലയാളി ബ്യൂറോ