കൊല്‍ക്കത്ത: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്കാണ് ഭീഷണി. സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ തകര്‍ക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തില്‍ പറയുന്നു. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഇമെയിലിലൂടെ ബേംബ് ഭീഷണി സന്ദേശം ലഭിച്ചത്.

കൊല്‍ക്കത്തയിലെ പത്തോളം ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചത്. ''നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടന്‍ പൊട്ടിത്തെറിക്കും''ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പോലീസ് പറയുന്നു.

തിരുപ്പതിയില്‍ മൂന്നു ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി. രാജ്‌കോട്ടിലെ 10 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്‌കോട്ട് ഡപ്യൂട്ടി കമ്മിഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കാറിലും സ്‌ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്‌സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളില്‍ വിമാന കമ്പിനികളും മറ്റ് ഉദ്യേഗസ്ഥരും അന്വേഷണം നടത്തിവരികയാണ്. രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതിന് പിന്നാലെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്കും വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഡല്‍ഹിയിലേയും ഹൈദരാബാദിലേയും സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്കും ഹൈദരാബാദിലെ ഒരു സ്‌കൂളിനുമാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.