കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവം തുടങ്ങും മുമ്പേ കത്തി കയറി 'പാക്കിസ്ഥാൻ അനുകൂല നാടക' വിവാദം. നാടകത്തിന് അവതരണാനുമതി നൽകരുതെന്നും പാക്ക് അനുകൂലമായി വിദ്യാർത്ഥികളെ തിരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടന വേദിയിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി. ദേശ വിരുദ്ധ പ്രവർത്തനമാണ് ഇതെന്നാണ് ആക്ഷേപം. കോഴിക്കോട് റവന്യു ജീല്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാമതെത്തിയ 'ബൗണ്ടറി' എന്ന നാടകത്തിനും സംവിധായകനുമെതിരെയാണ് പ്രതിഷേധം. അതിരുകളില്ലാത്ത മാനവ സ്നേഹത്തിന്റെ കഥ പറയുന്നതാണ് നാടകം എന്നാണ് അതിന് പിന്നിലുള്ളവർ പറയുന്നത്.

മേമുണ്ട സ്‌കൂളിൽനിന്നു നിരന്തരമായി വിവാദ നാടകങ്ങൾ സൃഷ്ടിച്ച് സിപിഎം മനപ്പൂർവം വിവാദം ഉണ്ടാക്കുകയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിക്കുന്നു. മുൻ വർഷം മേമുണ്ട സ്‌കൂൾ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായിരുന്നു. പിന്നീട് വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാണ് നാടകം അരങ്ങേറിയത്. ഇതുപോലെ പാക്ക് അനുകൂല ഭാഗങ്ങൾ ഒഴിവാക്കണം. അല്ലെങ്കിൽ അവതരണവേദിയിൽ പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപനം. ബൗണ്ടറി എന്നാണ് നാടകത്തിന്റെ പേര്. അതിൽ വിവാദം ഉള്ള പരാമർശം ഉണ്ട്. അതുകൊച്ചു കുട്ടികളെ കൊണ്ട് പറയിപ്പിക്കുന്നു. പാക്കിസ്ഥാന് ജയ് വിളിച്ചാൽ എന്ത് എന്ന ചോദ്യം നാടകത്തിലുണ്ടെന്നാണ് സൂചന.

അണ്ടർ 19 ദേശീയ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുൽത്താനയെന്ന പെൺകുട്ടിയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. ഇന്ത്യാ- പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വിജയിച്ച പാക് ടീമിന്റെ ചിത്രവും വാർത്തയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഫാത്തിമ വിലക്ക് ഭീഷണി നേരിടുകയാണ്. നാടെങ്ങും ഫാത്തിമ സുൽത്താനക്കെതിരായി പ്രതിഷേധങ്ങളും കൊലവിളികളും ഉയരുമ്പോൾ കുട്ടികൾ അവൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയാണ്. ഇതാണ് നാടകം.

നാടകത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ഡയലോഗാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. 'ബ്രസീലും അർജന്റീനയും കളി ജയിക്കുമ്പോൾ കയ്യടിക്കാറില്ലേ.. പിന്നെന്താ പാക്കിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിക്കുമ്പോൾ മാത്രം ഇത്ര പ്രശ്നം' എന്ന നാടകത്തിലെ ചോദ്യമാണ് വിവാദം. നാടകത്തിൽ തുടർന്നു വരുന്ന ഡയലോഗുകൾ മറച്ചു വച്ചാണ് തനിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. ആരാണ് ഈ ഭൂമിയിൽ അതിർത്തികളും വേലികളും ഒക്കെ കെട്ടി മനുഷ്യന്മാരെ വേർതിരിച്ചത്. അതിർത്തികൾ ഒന്നും ഇല്ലായിരുന്നെങ്കിൽ നമുക്ക് എല്ലാ രാജ്യക്കാരെയും ഒരു പോലെ സ്നേഹിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് കഥാപാത്രം തുടർന്ന് ഉയർത്തുന്നത്.

പാക്കിസ്ഥാനുമായുള്ള യുദ്ധത്തെക്കുറിച്ചല്ല, മറിച്ച് കളിയെക്കുറിച്ചാണ് നാടകത്തിൽ പറയുന്നത്. സ്നേഹവും ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ളതാണ് ഓരോ കളിയും. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന നാടകത്തിൽ നിന്ന് പാക്കിസ്ഥാൻ മാത്രം മുറിച്ചെടുത്താണ് സംഘപരിവാർ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ലോകകപ്പ് ഫുട്ബോളിനെതിരെ രംഗത്ത് വന്ന മതനേതാക്കളെ ഉൾപ്പെടെ ഈ നാടകത്തിൽ പരിഹസിക്കുന്നുണ്ട്. സങ്കുചിതമായ മതബോധവും ദേശീയതയും ഒരുപോലെ അപകടകരമാണ് എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നതെന്നും റഫീഖ് വ്യക്തമാക്കി.

സംഘപരിവാർ പ്രവർത്തകർക്കൊപ്പം സ്വതന്ത്ര ചിന്തകരെന്ന് വിശേഷിപ്പിക്കുന്ന ചിലരും തനിക്കെതിരെയുള്ള പ്രചരണങ്ങൾ ഏറ്റുപിടിക്കുന്നതാണ് റഫീഖിനെ വേദനിപ്പിക്കുന്നത്. മേമുണ്ട സ്‌കൂളിന് വേണ്ടി റഫീഖ് ഒരുക്കിയ കിത്താബ് എന്ന നാടകത്തിനെതിരെ പ്രതിഷേധവുമായെത്തിയത് മുസ്ലിം സംഘടനകളായിരുന്നു. മുസ്ലിം സ്ത്രീകളെ വാങ്ക് വിളിക്കാൻ അനുവദിക്കാത്തതെന്ത് എന്ന ചോദ്യമായിരുന്നു ഈ നാടകം ഉയർത്തിയത്. ബദറുദീൻ നാടകം എഴുതുമ്പോൾ, റാബിയ തുടങ്ങിയ റഫീഖിന്റെ പല നാടകങ്ങൾക്കെതിരെയും മത സംഘടനകൾ രംഗത്ത് വന്നിരുന്നു.

മുസ്ലിം സംഘടനകളെ വിമർശിച്ചപ്പോൾ തന്നെ സംഘിയായാണ് പലരും ചിത്രീകരിച്ചത്. ഇപ്പോൾ ഞാൻ മുസ്ലിം തീവ്രവാദിയുമായെന്ന് റഫീഖ് പറയുന്നു. തനിക്കെതിരെയുള്ള നീക്കങ്ങളിൽ ഭീതിയില്ലെന്നും ഒരു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ധൈര്യപൂർവ്വം നാടകങ്ങളുമായി മുന്നോട്ട് പോകുമെന്നും റഫീഖ് വ്യക്തമാക്കുന്നു. ഉപജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം മാത്രം ലഭിച്ച മേമുണ്ട ടീം അപ്പീലിലൂടെയാണ് ഇത്തവണ ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത് വിജയം കൊയ്തെടുത്തത്.