- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു
പുനെ: ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു. അപ്രതീക്ഷിതമായി പന്ത് വന്ന് കൊണ്ട ആഘാതത്തിൽ വേദനയിൽ പുളഞ്ഞ കുട്ടി മൈതാനത്ത് തന്നെ കുഴഞ്ഞുവീണു. പൂണെയിലെ ലോഹെഗോണിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ശൗര്യ എന്നറിയപ്പെടുന്ന ശംഭു കാളിദാസ് ഖണ്ഡവെ കൂട്ടുകാർക്കൊപ്പം കളിയിൽ മുഴുകിയിരിക്കെയാണ് അപകടം ഉണ്ടായത്. വേനലവധിക്ക് സ്‌കൂൾ പൂട്ടിയതോടെ, കൂട്ടുകാർക്കൊപ്പം അൽപം ഉല്ലസിക്കാൻ മൈതാനത്തിറങ്ങിയ കുട്ടിയെ തേടിയെത്തിയത് വലിയ ദുരന്തമാണ്. ശൗര്യ ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ ബാറ്റ് ആഞ്ഞുവീശിയതോടെ, അതിവേഗത്തിൽ വന്ന പന്ത് സ്വകാര്യ ഭാഗത്തുകൊള്ളുകയായിരുന്നു.
മൊതാനത്ത് ശൗര്യ കുഴഞ്ഞുവീണതോടെ, ആകെ പരിഭ്രാന്തരായ കൂട്ടുകാർ സഹായത്തിനായി ഓടിയെത്തി. അബോധാവസ്ഥയിലായ ശൗര്യയെ ഉണർത്താൻ നോക്കിയെങ്കിലും, ഫലിക്കാതെ വന്നതോടെ, വഴിപ്പോക്കർ ഇടപെട്ട് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ച് അൽപസമയത്തിനകം ശൗര്യ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. രമൻബോഗിലെ ന്യൂ ഇംഗ്‌ളീഷ് സ്‌കൂൾ വിദ്യാർത്ഥിയാണ്. കുട്ടി സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെയും പന്തുകൊണ്ട് ബോധരഹിതനാവുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോഹെഗോണിലെ ജഗത്ഗുരു സ്പോർട്ട് അക്കാഡമി ഗ്രൗണ്ടിൽ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്.
മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ശൗര്യയ്ക്ക് ഒരു സഹോദരനുമുണ്ട്. ശൗര്യ റസ്ലർ ആകാൻ ആഗ്രഹിച്ചിരുന്നതായും അതിനായി പരിശീലിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. അപകടമരണത്തിന് എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.