വയനാട്: വയനാട് ബത്തേരിയില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റിക്കെതിരെ അതീവ ഗുരുതരമായ കള്ളപ്പണ ആരോപണവുമായി മുന്‍ ജീവനക്കാരന്‍ രംഗത്തെത്തിയതുണ്ടാക്കുന്നത് ഗുരുതര സ്ഥിതി വിശേഷം. സൊസൈറ്റിയുടെ കീഴിലുള്ള മലബാര്‍ മീറ്റ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരനും സി.പി.എം. കല്‍പറ്റ ടൗണ്‍ ബ്രാഞ്ച് അംഗവുമായിരുന്ന എം. നൗഷാദാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2021 ഡിസംബര്‍ രണ്ടിന് കോഴിക്കോട് സ്വദേശിയായ ഒരാള്‍ 36 ലക്ഷം രൂപ ചാക്കില്‍ കെട്ടി സൊസൈറ്റിയില്‍ എത്തിച്ചതായും, ഇത്രയും വലിയ തുക നേരിട്ട് നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ പത്തോളം ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ വിഭജിച്ച് നിക്ഷേപിച്ച് വെളുപ്പിച്ചെന്നുമാണ് ആരോപണം. താന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഇതിനായി ദുരുപയോഗം ചെയ്തുവെന്നും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ സമയത്ത് ഈ നോട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ താന്‍ പകര്‍ത്തിയിട്ടുണ്ടെന്നും നൗഷാദ് അവകാശപ്പെടുന്നു.

സൊസൈറ്റിയില്‍ നൗഷാദ് നിക്ഷേപിച്ച 22 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 100 കോടിയിലധികം രൂപയുടെ ബാധ്യതയുള്ള ബ്രഹ്‌മഗിരി സൊസൈറ്റി കഴിഞ്ഞ രണ്ടു വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. വന്‍തോതില്‍ കള്ളപ്പണം സ്വീകരിച്ച് നഷ്ടത്തിലായ ഫാക്ടറിയെ സംരക്ഷിക്കാന്‍ ഭരണസമിതി ശ്രമിച്ചതായാണ് വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്‍പിലും തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്ന് നൗഷാദ് വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ മേഖലയില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്ന ഈ ആരോപണം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും. കരുന്നൂര്‍ സഹകരണ ബാങ്കില്‍ അടക്കം ഇത്തരം ആരോപണം സജീവമാണ്. ആരാണ് പണവുമായയി എത്തിയത് എന്നതാണ് ഉയരുന്ന ചോദ്യം. താന്‍ നിക്ഷേപിച്ചിരുന്ന 22 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ചാണു നൗഷാദിന്റെ വെളിപ്പെടുത്തല്‍.

2021 ഡിസംബര്‍ 2ന് കോഴിക്കോട് സ്വദേശി ചാക്കില്‍ കെട്ടി 36 ലക്ഷം രൂപ ബ്രഹ്‌മഗിരിയില്‍ എത്തിച്ചതായും ഈ തുക ബത്തേരിയിലെ ദേശസാല്‍കൃത ബാങ്കിലെത്തിച്ച് ബ്രഹ്‌മഗിരിയിലെ 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു വീതിച്ചു നിക്ഷേപിച്ച ശേഷം ബ്രഹ്‌മഗിരിയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് നൗഷാദ് ആരോപിക്കുന്നത്. മറ്റൊരിക്കല്‍ ബത്തേരി സ്വദേശിയും ഇതേ രീതിയില്‍ പണമെത്തിച്ചിരുന്നു. അറ്റന്‍ഡറായിരുന്ന താന്‍ അതിന് സാക്ഷിയാണെന്നും പണം നിക്ഷേപിക്കുന്നതിനു ബാങ്കില്‍ പോയപ്പോള്‍ ഈ നോട്ടുകളുടെ ചിത്രങ്ങള്‍ എടുത്തെന്നാണ് നൗഷാദ് പറയുന്നത്.

സൊസൈറ്റിയുടെ കീഴില്‍ ഒന്നര പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ മലബാര്‍ മീറ്റ് മാംസ സംസ്‌കരണ ഫാക്ടറി രണ്ടുവര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചതും ജീവനക്കാരുടെ ശമ്പളക്കുടിശിക ഇനത്തിലും 100 കോടിയിലധികം രൂപയുടെ ബാധ്യതയിലാണ് ഫാക്ടറി. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചെങ്കിലും ഇതു വരെ ലഭ്യമായിട്ടില്ല. നഷ്ടത്തിലായ ഫാക്ടറിയെ രക്ഷിക്കാന്‍ വന്‍തോതില്‍ കടമായും നിക്ഷേപമായും സ്വീകരിച്ച പണമാണ് ഇങ്ങനെ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണു വിവരം.