- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷപുക കോട്ടയത്തും അലപ്പുഴയിലേക്കും തൃശൂരിലേക്കും വ്യാപിക്കുന്നു; ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങൾ ദീർഘകാല പ്രശ്‌നങ്ങളുണ്ടാക്കാൻ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; കത്തുന്നത് പൂർണ്ണമായും അണയ്ക്കാനായില്ല; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി
കൊച്ചി: കൊച്ചിയിൽ വിഷപുക തുടരുന്നു. ബ്രഹ്‌മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയൽജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു. കൊച്ചിയിൽ വായു മലിനീകരണ തോത് ഉയർന്നു തന്നെ നിൽക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂർണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്. കൊച്ചിയിൽ മാലിന്യ നീക്കവും പ്രതിസന്ധിയിലാണ്. ഇതോടെ സമ്പൂർണ്ണ പ്രശ്‌നത്തിലേക്ക് പോകുകയാണ് കൊച്ചി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാലിന്യമാപിനിയിൽ ഇന്നലെ തൃശൂരിലെ കരിമാലിന്യത്തിന്റെ തോത് (പിഎം 10) 138 പോയിന്റാണ്. വായുവിൽ രാസകണികകൾ ചേർന്നുണ്ടാകുന്ന എയ്‌റോസോൾ മാലിന്യം (പിഎം 2.5) 126 പോയിന്റ്. കരിമാലിന്യം 100 പോയിന്റും എയ്‌റോസോൾ 50 പോയിന്റും കവിയരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്നലെ കൊച്ചിയിൽ ഇവ യഥാക്രമം 400 പോയിന്റും 457 പോയിന്റുമായിരുന്നു. ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇതിനൊപ്പം വിഷ പുകയും കൊച്ചിയിലുണ്ട്. ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങൾ ദീർഘകാല പ്രശ്‌നങ്ങളുണ്ടാക്കാൻ പോന്നവയാണ്. ഇതും ആശങ്ക പടർത്തുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൽസമയ മാലിന്യമാപിനികളില്ലാത്ത കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉപഗ്രഹാധിഷ്ഠിത മാലിന്യമാപിനിയായ ബ്രീസോമീറ്ററിലെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. കോട്ടയം നഗരത്തിലെ മലിനീകരണത്തോത് നേരത്തേ 150 പോയിന്റ് ആയിരുന്നത് ഇന്നലെ 220 പോയിന്റ് പിന്നിട്ടു. ആലപ്പുഴ നഗരത്തിൽ 100 പോയിന്റിൽ താഴെയായിരുന്നത് 205 പോയിന്റായി. പ്ലാസ്റ്റിക് കത്തി വിഷപ്പുക ഉയരുന്ന സാഹചര്യത്തിൽ കുട്ടികൾ ഇത്തരം അന്തരീക്ഷത്തിൽ അധിക നേരം ചെലവഴിക്കാതെ മാറി നിൽക്കാൻ ശ്രദ്ധിക്കണം. എന്നാൽ നാട്ടുകാർക്ക ഇതു ചെയ്യാനും കഴിയുന്നില്ല. അങ്ങനെ സമ്പൂർണ്ണ ആരോഗ്യ പ്രതിസന്ധിയിലേക്ക് പോവുകയാണ് കൊച്ചിയും സമീപ പ്രദേശങ്ങളും.
ജൈവ മാലിന്യങ്ങൾ ശേഖരിച്ച് ബുധനാഴ്ചയും അമ്പലമുകളിൽ സംസ്‌കരിക്കാൻ എത്തിച്ചില്ല. ഒരാഴ്ച കഴിഞ്ഞു, കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ട്. തീപ്പിടിത്തത്തെ തുടർന്ന് അമ്പലമുകൾ ഫാക്ട് കോമ്പൗണ്ടിലുള്ള കിൻഫ്രയുടെ സ്ഥലത്ത് ജൈവ മാലിന്യം താത്കാലികമായി സംസ്‌കരിക്കണം എന്നു തീരുമാനിച്ചെങ്കിലും മാലിന്യവണ്ടികൾ ബുധനാഴ്ചയും എത്തിയില്ല. നിലവിൽ ജൈവ മാലിന്യങ്ങൾ തള്ളിയിരുന്ന ബ്രഹ്‌മപുരം പ്ലാന്റിലെ സ്ഥലത്ത് തീപ്പിടിത്ത ഭീഷണിയില്ല.
ബ്രഹ്‌മപുരത്തെ തീപ്പിടിത്തമെത്താത്ത സ്ഥലത്തോ, കിൻഫ്രയുടെ സ്ഥലത്തോ മാലിന്യം എത്തിക്കാനുള്ള തീരുമാനം ഇനിയും നടപ്പാക്കാത്തതിൽ കോർപ്പറേഷനെ കുറ്റപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടർ, സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. കോർപ്പറേഷൻ അധികൃതർ ഇതുവരെയും അതിനുള്ള നീക്കങ്ങൾ നടത്താത്തതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു കത്ത്.
ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മലകൾ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്കുയർന്ന രാസ സംയുക്തങ്ങളായ ഡയോക്സിനുകൾ ഭാവിയിലും ഗുരുതര ആരോഗ്യ പ്രതിസന്ധിയായേക്കും. വന്ധ്യതാ പ്രശ്‌നങ്ങൾ, ക്രമംതെറ്റിയ ആർത്തവം എന്നിവയുണ്ടാക്കുന്നതിനു പുറമേ ഇത് പ്രത്യുത്പാദന ശേഷി, കുട്ടികളുടെ സ്വാഭാവിക വളർച്ച, രോഗപ്രതിരോധ ശേഷി എന്നിവയെയും ബാധിക്കാനിടയുണ്ട്. അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസ സംയുക്തമാണ് ഡയോക്സിനുകൾ. പതിവായി ഡയോക്സിനുകൾ കലരുന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദരോഗ സാധ്യതയും കൂടുതലാണ്.
ഡയോക്സിനുകൾ ശരീരത്തിനുള്ളിലെത്തിയാൽ കൊഴുപ്പ് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ദീർഘകാലം പുറത്തുപോകാതെ നിൽക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിൽ പറയുന്നു. ഏഴുമുതൽ 11 വർഷംവരെ ഡയോക്സിനുകൾക്ക് മനുഷ്യശരീരത്തിൽ കഴിയാനാകും. അപകടകാരിയാണ് ഡയോക്സിനുകൾ. ചിരഞ്ജീവികൾ എന്ന് വിളിക്കാവുന്ന രാസ സംയുക്തങ്ങളിൽ ഒന്നാണ് ഡയോക്സിനുകൾ. വളർന്നുവരുന്ന ആൺകുട്ടികൾക്ക് ഉദ്ധാരണക്കുറവ്, പെൺ കുട്ടികൾക്ക് എട്ടുവയസ്സിലും ഒമ്പതുവയസ്സിലും ആർത്തവം ഉണ്ടാവുക, പുരുഷ ബീജത്തിന്റെ എണ്ണക്കുറവും ആരോഗ്യക്കുറവും അടക്കമുള്ള പ്രശ്‌നം ഇതുണ്ടാക്കാം.
മറുനാടന് മലയാളി ബ്യൂറോ