കൊച്ചി: കൊച്ചി സാധാരണ നിലയിലേക്ക്. കൊച്ചിയെ വിഷപ്പുകയിലാഴ്‌ത്തിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ 12ാം ദിവസം പൂർണമായി അണച്ചു. പുകയും കുറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും ഇനി തീ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനുള്ള നിരീക്ഷണം തുടരും. അങ്ങനെ വന്നാൽ തീ അതിവേഗം അണയ്ക്കും. തീപിടിത്ത വിഷയത്തിൽ ഒടുവിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി പ്രവർത്തിച്ച സേനാംഗങ്ങൾക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

''ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡിപ്പാർട്ട്‌മെന്റിനേയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഫയർഫോഴ്‌സിനോടു ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.

ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ്.'' ഇതായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.

പോസ്റ്റിന് താഴെ മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും കമന്റുകൾ നിറയുകയാണ്. തീ അണയ്ക്കുന്നവരെ അഭിനന്ദിക്കാൻ ആണെങ്കിലും തീ പിടിച്ചെന്ന് സഖാവൊന്ന് സമ്മതിച്ചല്ലോ, അതിന് നന്ദിയുണ്ടെന്നായിരുന്നു കമന്റുകൾ. ചിലരുടെ കാർ കത്തിയപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി, ഇത്ര ഗുരുതരമായ തീപിടിത്തം സംഭവിച്ച മേഖല സന്ദർശിക്കാൻ എത്താതിരുന്നത് എന്തുകൊണ്ടാണെന്നും അഭിപ്രായങ്ങളുയർന്നു. തീ അണഞ്ഞതിന് ശേഷമാണ് പ്രതികരണമെന്നതാണ് ഇതിനെല്ലാം കാരണം. ബ്രഹ്‌മപുത്തെ പ്രശ്‌നം ചർച്ച ചെയ്യാൻ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിച്ചു. അതേസമയം, ബ്രഹ്‌മപുരം വിഷയം പരിഗണിച്ച ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോർഡിനെയും കോർപറേഷനെയും അതിരൂക്ഷമായി വിമർശിച്ചു.

മാലിന്യം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച സർവ നിയമങ്ങളും ബ്രഹ്‌മപുരത്തു ലംഘിച്ചുവെന്നു കുറ്റപ്പെടുത്തിയ െഹെക്കോടതി, രാജ്യത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരമായി കൊച്ചിയെ മാറ്റിയെന്ന് അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌കരണ കരാർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഹാജരാക്കാനും കഴിഞ്ഞ 7 വർഷം ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ നൽകാനും കോർപറേഷനോട് ആവശ്യപ്പെട്ടു. തീ അണഞ്ഞു എന്ന് മനസ്സിലാക്കിയ ശേഷമാണ് കൗൺസിൽ യോഗവും ചേർന്നത്. അതും അടിയിലേക്ക് മാറി.

കോർപറേഷൻ കൗൺസിൽ യോഗത്തിനെത്തിയ മേയർ എം.അനിൽകുമാറിനെ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. കൗൺസിലർമാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തിവീശി. ഏതാനും യുഡിഎഫ് കൗൺസിലർമാർക്കു പരുക്കേറ്റു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പരുക്കുണ്ട്. പൊലീസ് കാവലിൽ കൗൺസിൽ യോഗം ചേർന്നുവെങ്കിലും ഹാളിന്റെ വാതിൽ പൂട്ടിയതിനാൽ യുഡിഎഫ്, ബിജെപി കൗൺസിലർമാർക്കു പ്രവേശിക്കാനായില്ല.

മേയറുടെ ഓഫിസിന്റെ ജനൽ ചില്ലുകൾ യുഡിഎഫ് കൗൺസിലർമാർ തകർത്തു. മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് 2011 മുതൽ നടപ്പാക്കിയ എല്ലാ കാര്യങ്ങളെക്കുറിച്ചും വിജിലൻസ് അന്വേഷണത്തിനു കോർപറേഷൻ കൗൺസിൽ ശുപാർശ ചെയ്തു.