- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ നടപടികൾക്കും മുമ്പേ മെഡിക്കൽ സംഘത്തെ എത്തിച്ച് മമ്മൂട്ടി; പിന്നാലെ സർവേയുമായി ആരോഗ്യവകുപ്പും; പുക അടങ്ങിയിട്ടും ജാഗ്രതയോടെ പ്രദേശത്ത് നിലയുറപ്പിച്ചു അഗ്നിരക്ഷാ സേന; ചൊവ്വാഴ്ച രണ്ടുതവണ ചെറിയ പുക ഉണ്ടായത് ഉടൻ അണച്ചു മുൻകരുതൽ; ബ്രഹ്മപുരം പതിയെ സാധാരണ നിലയിലേക്ക് നീങ്ങുന്നു
അമ്പലമേട്: തീ പിടിച്ച് 13-ാം ദിനത്തിൽ ബ്രഹ്മപുരം പതിയെ സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. പുക തൽക്കാലം ഒഴിഞ്ഞെങ്കിലും രാഷ്ട്രീയ വിവാദങ്ങളുടെ പുക അന്തരീക്ഷത്തിലുണ്ട്. ഇനിയൊരു തീപിടുത്തം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയോടെയാണ് അഗ്നിരക്ഷാ സേന നീങ്ങുന്നത്. തീ പൂർണമായും അണച്ചെങ്കിലും അന്തരീക്ഷത്തിലും മണ്ണിലും വലിയ ചൂടുള്ളതിനാൽ വീണ്ടും തീ കത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കാത്ത അവസ്ഥയിലാണ് അതുകൊണ്ടാണ് ജാഗ്രത തുടരുന്നന്നത്.
ഇത്തരത്തിൽ ചൊവ്വാഴ്ച രണ്ടുതവണ ചെറിയ പുക ഉണ്ടായത് ഉടൻ അണച്ചു. നിലവിൽ 15 ഫയർ യൂണിറ്റുകളും 100 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുമാണ് ഷിഫ്റ്റുകളിലായി ബ്രഹ്മപുരത്ത് സേവനമനുഷ്ഠിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി സിവിൽ ഡിഫൻസ് സേനാംഗങ്ങളും സ്ഥലത്തുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാനായി പത്തോളം എസ്‌കവേറ്ററുകളും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ബി.പി.സി.എൽ., നേവി, പോർട്ട് ട്രസ്റ്റ് തുടങ്ങിയവരുടെ അഗ്‌നിരക്ഷാ സേനകളെ മടക്കി അയച്ചു. പുക വ്യാപിച്ച പ്രദേശങ്ങളിൽ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തുകയാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആറ് മൊബൈൽ യൂണിറ്റുകളിലൂടെ 544 പേർക്ക് സേവനം നൽകി. ദിവസങ്ങളോളം പുക രൂക്ഷമായി അനുഭവപ്പെട്ട ഇരുമ്പനത്ത് എൽ.പി. സ്‌കൂളിൽ നടന്ന ക്യാമ്പിൽ 120-ല്പരം പേർ പരിശോധനയ്‌ക്കെത്തി. കൊച്ചി കോർപ്പറേഷന്റെ വിവിധ ഡിവിഷനുകളിലും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം, കടക്കോടം, ബ്രഹ്മപുരം പള്ളി ഹാൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലുമായി മുന്നൂറിലധികം പേരും പരിശോധനയ്‌ക്കെത്തി.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് ബ്രഹ്മപുരത്തെ വീടുകളിലെത്തി 50-ലധികം പേരെ പരിശോധിച്ചു. മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ' പദ്ധതി പ്രകാരമാണ് ആദ്യം പ്രദേശത്ത് മെഡിക്കൽ സംഘമെത്തിയത്. മമ്മൂട്ടിയുടെ നിർദേശാനുസരണം ആലുവ രാജഗിരി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം സൗജന്യ പരിശോധനയ്ക്കാണ് തുടക്കമിട്ടത്. വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകൾക്കരികിലെത്തും. ഇതിൽ ഡോക്ടറും നഴ്‌സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവർക്ക് ഓക്‌സിജൻ കോൺസൻട്രേറ്ററുകളും സൗജന്യമായി നൽകും.
പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പര്യടനം നടത്തുക. ഇന്നലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.
തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു. 'ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ' ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞിരുന്നു.
മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്താൻ ആരോഗ്യ സർവേയും തുടങ്ങിയിട്ടുണ്ട്. ആശാ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. 1576 പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ശേഖരിച്ചു. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പ് രോഗികൾ, മറ്റ് അസുഖങ്ങൾ ഉള്ള 501 പേർ എന്നിവർ ഉൾപ്പെടുന്നു. കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ റീജണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഓഫീസർ കെ. ഹരികുമാർ, തൃക്കാക്കര അഗ്‌നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ