- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണ്ട കമ്പനി ഉപകരാർ നൽകിയ ആരഷ് മീനാക്ഷി കമ്പനിയുമായുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് വേണുഗോപാലിന്റെ മകൻ; തെളിവ് പുറത്തു വന്നതോടെ ഒന്നും അറിയില്ലെന്ന പ്രതിരോധവുമായി കോൺഗ്രസ് നേതാവ്; ബ്രഹ്‌മപുരത്തെ കത്തിച്ചത് രാഷ്ട്രീയ കുട്ടൂകച്ചവടമോ? വിവാദം പുതിയ തലത്തിലേക്ക്
കൊച്ചി: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനി ഉപകരാർ നൽകിയ ആരഷ് മീനാക്ഷി കമ്പനിയുമായുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് കോൺഗ്രസ് നേതാവ് എൻ വേണുഗോപാലിന്റെ മകൻ വി. വിഘ്നേഷ്. ബ്രഹ്‌മപുരത്തെ രാഷ്ട്രീയേതര ബന്ധം തെളിയിക്കുന്നതാണ് രേഖ. ബ്രഹ്‌മപുരം അട്ടിമറിയിൽ കോൺഗ്രസ് സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. അതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ കുടുംബവും പ്രതിക്കൂട്ടിലാകുന്നത്.
കമ്പനിയുമായി വിഘ്നേഷിന് ബന്ധമുണ്ടെന്ന വാദങ്ങൾ ആദ്യഘട്ടത്തിൽ ഉയർന്നപ്പോൾ തന്നെ തനിക്കോ തന്റെ മകനോ കരാറുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. കരാറിന്റെ രേഖകൾ പുറത്ത് വന്നതോടെ മകന്റെ ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ് വേണുഗോപാൽ ഇപ്പോൾ പറയുന്നത്. ആരഷ് കമ്പനിയുമായുള്ള കരാറിലെ സാക്ഷിയുടെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നത് മകൻ വിഘ്നേഷ് ആണ്. കമ്പനിയുമായി തന്റെ മകന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു ആദ്യഘട്ടം മുതൽ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ രേഖകൾ പുറത്തുവന്നതോടെയാണ് മകന്റെ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന വേണുഗോപാലിന്റെ പ്രതികരണം.
'ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കമ്പനിയുമായി എന്റെ മകന് ബന്ധമുണ്ടെന്ന ആക്ഷേപമാണ് ആദ്യം മുതൽ ഉണ്ടായിരുന്നത്. എന്നാൽ ഞാൻ അത് നിഷേധിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം എന്റെ മരുമകനാണ് ഇതിൽ പാർട്നർ എന്നൊരു ആക്ഷേപം ഉയരുകയായിരുന്നു. അതും യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇപ്പോൾ ഉയരുന്ന ആരോപണം മകൻ കമ്പനിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എനിക്ക് അതിനെപ്പറ്റി അറിയില്ല. മകന് ഒരുപാട് പേർ സുഹൃത്തുക്കളായി ഉണ്ട്. കൂടാതെ സാക്ഷിയായി ഒപ്പിടുന്നത് തെറ്റാണെന്നുള്ള വിശ്വാസം എനിക്കില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി ചോദിക്കുന്നില്ല.'- വേണുഗോപാൽ പറഞ്ഞു.
ബ്രഹ്‌മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോണ്ട ഇൻഫ്രടെക് കമ്പനിക്ക് കരാർ നൽകിയത്. 54 കോടി രൂപക്കാണ് കൊച്ചി കോർപറേഷൻ കരാർ നൽകിയിരുന്നത്. ഒൻപതുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ 22 കോടി രൂപക്ക് സോണ്ട ഇൻഫ്രാടെക് ആരഷ് കമ്പനിക്ക് കരാർ മറിച്ചു കൊടുക്കുകയായിരുന്നു. 2021 നവംബർ 20ാം തീയതിയാണ് ആരഷ് മീനാക്ഷി എൻവയോകെയറുമായി സോണ്ട ഉപകരാറിലേർപ്പെടുന്നത്. ഇതിന് പിന്നിലും രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് ഉയരുന്ന ആക്ഷേപം.
കരാറുണ്ടാക്കുമ്പോൾ ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഈ കരാറുണ്ടാക്കി ഒരുമാസത്തിന് ശേഷം ഡിസംബർ 20നാണ് ആരഷ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരാർ നേടിയെടുക്കുന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ കമ്പനിയെന്ന വിലയിരുത്തലും ശക്തമാണ്. കൂടാതെ ബയോമൈനിങിനായി യാതൊരു മുൻപരിചയവുമില്ലാത്ത കമ്പനിയാണ് ആരഷ്.
മറുനാടന്‍ മലയാളി ബ്യൂറോ