കൊച്ചി: ബ്രഹ്‌മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിന് ആരാണ് ഉത്തരവാദി? പിന്നാമ്പുറ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. ബയോമൈനിങ് ചുമതല ഏറ്റെടുത്ത വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി സോൺട ഇൻഫ്രാടെക്കിന്റെ വീഴ്ചകൾ, കൊച്ചി കോർപറേഷൻ അധികൃതരുടെ വീഴ്ചകൾ എല്ലാം പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിനിടയിൽ, യുദ്ധകാലാടിസ്ഥാനത്തിൽ, പരിഹാരത്തിന് ശ്രമിച്ചുകൊണ്ടിരിക്കെ, എറണാകുളം കളക്ടർ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റിയതും ചർച്ചയായി. കളക്ടറെ ബലിയാടാക്കിയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ആരോപിക്കുന്നത്. എന്തുകൊണ്ട് ഉത്തരവാദികളായ രാഷ്ട്രീയക്കാർക്കെതിരെ നടപടിയില്ല എന്നും ചോദ്യം വരുന്നു. ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി ഉന്നയിച്ച വിമർശനത്തിന്റെ പേരിലാണ് കളക്ടർക്ക് സ്ഥലംമാറ്റം എന്ന വ്യാഖ്യാനവും വന്നിരുന്നു. എന്തായാലും, തന്നെ, പ്രതിസന്ധിക്കിടെ സ്ഥലംമാറ്റിയതിൽ രേണുരാജിനും പ്രതിഷേധം ഉണ്ടെന്നാണ് സൂചന. വനിതാ ദിനത്തിൽ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റും, പുതിയ കളക്്ടർ ചുമതല ഏൽക്കുന്ന ചടങ്ങിൽ നിന്നുവിട്ടുനിന്നതും ഇതിന്റെ സൂചനയാണ്.

നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം'' എന്ന വരികളാണ് വനിതാ ദിനാശംസയായി രേണുരാജ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഏഴു മാസവും 12 ദിവസവുമാണ് രേണുരാജ് ജില്ലയെ നയിച്ചത്. എൻ.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടർ. പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ, കളക്ടറെ മാറ്റിയത് അനുചിതമായെന്ന് ജീവനക്കാരും പറയുന്നു. 2022 ജൂലായ് 27നായിരുന്നു രേണു രാജ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്.

അതേസമയം, എൻ എസ് കെ ഉമേഷിന് ചുമതല കൈമാറാൻ രേണു രാജ് എത്തിയില്ല. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിനുപിന്നാലെ ചുമതലകളിൽനിന്ന് രേണുരാജ് ബുധനാഴ്ച തന്നെ ഒഴിഞ്ഞുപോയിരുന്നു. അതിനാൽ ചുമതല കൈമാറ്റത്തിന് എത്തിയില്ല. ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ടീമായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 'ഞാൻ ഇന്ന് ജോയിൻ ചെയ്തതേയുള്ളൂ. എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും പിന്തുണയോടെ നമ്മൾ പ്രശ്‌നം പരിഹരിക്കും.' - അദ്ദേഹം വ്യക്തമാക്കി. ബ്രഹ്‌മപുരത്തെ തീ അണയ്ക്കാൻ ഡോ. രേണു രാജ് നല്ല ആക്ഷൻപ്ലാനാണ് തയാറാക്കിയത്. അതു നടപ്പാക്കുമെന്ന് പുതിയ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. ജില്ലയിലെ മാലിന്യ നിർമ്മാർജനത്തിനു ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കും. പ്രശ്നപരിഹാരത്തിന് 'ടീം എറണാകുള'മായി പ്രവർത്തിക്കുമെന്നും കളക്ടറായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു.

രേണുരാജിനെ വനിതാ ദിനത്തിൽ തന്നെ മാറ്റിയതിൽ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധക്കുറിപ്പുകൾ വന്നിരുന്നു.

അതേസമയം ബ്രഹ്‌മപുരത്ത് ജില്ലാ ഭരണകൂടത്തിന് വീഴ്ചപറ്റിയെന്ന ആരോപണവും ശക്തമാണ്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി ജില്ലാ കളക്ടർക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തീപ്പിടിത്തത്തിൽ നിന്ന് കളക്ടർക്ക് ഒഴിഞ്ഞുമാറാനാകിലലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്നു പറഞ്ഞിരുന്നോ എന്നും ചോദിച്ചിരുന്നു.

കളക്ടർ രേണുരാജ് നടപടികൾ പലതും സ്വീകരിച്ചെങ്കിലും ഇവ പൊതുജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. തീപിടിത്തമുണ്ടാകുന്നതിന് മൂന്നു ദിവസം മുമ്പ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് കത്തു നൽകിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും കളക്ടർ വിശദീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അദ്ധ്യക്ഷയെന്ന നിലയിൽ കളക്ടർ ചുമതല നിർവഹിച്ചോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.പ്രശ്‌നത്തിൽ നിന്ന് കളക്ടർ മാറി നിൽക്കരുതെന്നും കളക്ടറുടെ ടീം സജീവമായി പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതി വഷളാവില്ലായിരുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.

കളക്ടറെ സ്ഥലം മാറ്റിയ വിവരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു.മാർച്ച് പത്തിന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ പുതിയ കളക്ടർ, നഗരസഭാ സെക്രട്ടറി എ. ബാബു അബ്ദുൾ ഖാദർ എന്നിവർ വീണ്ടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.