തിരുവനന്തപുരം: ബ്രഹ്‌മപുരം വിഷയത്തിൽ പ്രതിപക്ഷം കടുത്ത വിമർശനം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ബുധനാഴ്ച സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നു പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.

12-ാം ദിനം തീണയണച്ചപ്പോൾ അഗ്‌നിശമന സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടതല്ലാതെ വിഷയത്തിൽ ഇതുവരെ മുഖ്യമന്ത്രി നിയമസഭയിലടക്കം ഒരു പ്രതികരണവും നടത്തിയിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി മൗനം വെടിയാൻ ഒരുങ്ങുന്നത്. സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികളാകും മുഖ്യമന്ത്രി പ്രധാനമായും വിശദീകരിക്കുക.

പൊതുപ്രാധാന്യമുള്ള വിഷയത്തിൽ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താൻ അനുവദിക്കുന്നതാണ് കേരളനിയമസഭാ ചട്ടം 300. ഇതുപ്രകാരം പ്രസ്താവന നടത്തുമ്പോൾ ചോദ്യങ്ങൾ ചോദിക്കാനാകില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബ്രഹ്‌മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും നടന്നുവരികയണ്. സർക്കാർ പൂർണമായും പ്രതിരോധത്തിലായ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നിർണായകമാകും.

തീപിടിച്ച് 12 ദിവസങ്ങൾക്കുശേഷം തീയണച്ച അഗ്‌നിരക്ഷാസേനയെ മുഖ്യമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. അഗ്‌നിരക്ഷാസേനയോടു ചേർന്നു പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും അവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബിപിസിഎൽ, സിയാൽ, പെട്രോനെറ്റ് എൽഎൻജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്‌സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണമെന്നും നിലവിലെ ശ്വാസകോശ പരിശോധന കൊണ്ടു കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുവെന്നും കത്തിൽ സതീശൻ പറയുന്നു. ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ വിഷയത്തിൽ സർക്കാരിന് പൊള്ളുന്ന സ്ഥിതിയാണ് ഉള്ളതെന്ന്  വി.ഡി.സതീശൻ പറഞ്ഞു. മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറുന്നു. കരാറുകാരനെ സംരക്ഷിക്കാൻ മന്ത്രിമാർ വാശിയോടെ നീങ്ങുന്നു. മന്ത്രി എം.ബി.രാജേഷ് പത്തു മിനിറ്റാണ് കരാറുകാരനുവേണ്ടി സഭയിൽ സംസാരിച്ചത്. ആർക്കും ആരോഗ്യപ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും വി.ഡി.സതീശൻ ചോദിച്ചു.