- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്‌മപുരത്തു മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ എത്തിയത് ജി ജെ ഏകോ പവർ യുകെ മലയാളികളുടെ കമ്പനി; വിഷപ്പുക ശ്വസിച്ചു ജനങ്ങൾ രോഗികൾ ആകുമ്പോൾ പ്ലാന്റ് നഷ്ടമായത് എങ്ങനെ? 300 കോടി രൂപയുടെ നിക്ഷേപം പോയതെങ്ങനെ? ചോദ്യങ്ങളുടെ പെരുമഴയിലും അഴിമതി തീ ആളിക്കത്തുകയാണോ?
ലണ്ടൻ: ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പ്ലാസ്റ്റിക്കും ടയറും റബറും തുകലും എല്ലാം ചേർന്ന് കത്തിയമരുമ്പോൾ ആ വിഷപ്പുക കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെ രോഗികൾ ആക്കുകയാണ് എന്നത് വിവാദങ്ങൾക്കിടയിലും രാഷ്ട്രീയ ഭരണ നേതൃത്വം കാണുന്നില്ല. ഈ വിവാദങ്ങൾക്കിടയിൽ ഉയർന്നു വന്ന രണ്ടു പേരുകളാണ് ജി ജെ ഏകോ പവർ എന്നതും സോണ്ട ഇൻഫ്രാടെക് എന്നതും. സോണ്ട ബാംഗ്ലൂർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ആണെന്ന് വിവരം പുറത്തു വന്നെങ്കിലും ജി ജെ എയറിൽ നിൽക്കുകയാണ്. ആരാണ് ജി ജെ, എന്താണ് അവരുടെ ഉദ്ദേശം എന്നൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞെങ്കിലും എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ പഠിച്ച യുവാക്കളാണ് ജി ജെ യുടെ പിന്നിലെന്ന എവിടെയും തൊടാത്ത വിവരണമാണ് ചാനലുകളിൽ നിറഞ്ഞത്.
എന്നാൽ ജി ജെ ഏകോ പവർ യുകെ മലയാളികളുടെ സ്വന്തം കമ്പനിയാണെന്ന വിവരമാണ് വിവരമാണ് പുറത്തു വിടുന്നത്. ജി ജെ ഏകോ പവറും കേരള സർക്കാരും തമ്മിൽ നടത്തിയ മുഴുവൻ രേഖകളും ലഭിച്ചതോടെയാണ് ജി ജെ ഏകോ പവർ സംരംഭകർ നേരിട്ട പ്രയാസങ്ങളും നഷ്ടങ്ങളും വ്യക്തമാകുന്നത്. മാത്രമല്ല ജന്മ നാടിനോടുള്ള സ്നേഹം കാട്ടാൻ ഓരോ പ്രവാസി മലയാളിയും തയ്യാറാകുമ്പോൾ ആന്തൂറിലെ സാജൻ മാത്രമല്ല നാളെകളിൽ ലണ്ടനിലെ ജി ജെ ഏകോ പവറും ഓരോ സംരംഭകന്റെയും മനസ്സിൽ ഉണ്ടാവുകയും വേണം.
ബ്രിട്ടീഷ് സാങ്കേതിക വിദ്യ നാട്ടിലെത്തിക്കാൻ ജി ജെ ഏകോ പവർ, ഒടുവിൽ നഷ്ടപ്പെട്ടത് 30 കോടി
വര്ഷങ്ങളോളം കൊച്ചിക്കാരെ മാലിന്യങ്ങളിൽ നിന്നും രക്ഷിക്കാൻ ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ കരുത്തോടെ വമ്പൻ നിക്ഷേപത്തിന് എത്തി ഒടുവിൽ കൈപൊള്ളി മടങ്ങിയ സ്ഥാപനമാണ് ജി ജെ. ഇവരെക്കുറിച്ചാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ കേരളം എവിടെയും തൊടാതെ ചർച്ച ചെയ്തത്. ഇപ്പോൾ മാലിന്യ മല കത്തുകയോ കത്തിക്കുകയോ ചെയ്ത സാഹചര്യത്തിൽ ജനജീവിതം അപകട നിലയിൽ ആയപ്പോൾ മാത്രമാണ് ജി ജെ എന്ന പേര് വാർത്തകളിൽ എത്തിയത്. അതല്ലെങ്കിൽ കേരളം ഒരിക്കലും അറിയാതെ പോകുമായിരുന്ന പേരായിരുന്നേനെ ജി ജെ.
മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഇറങ്ങി വർഷങ്ങളുടെ സമയവും ഊർജവും നഷ്ടപ്പെടുത്തിയ ജി ജെ, മാതൃ കമ്പനികളിൽ നിക്ഷേപിക്കേണ്ടിയിരുന്ന 30 കോടി രൂപയാണ് കൊച്ചിയെ ക്ളീനാക്കാൻ കൊണ്ടുപോയി തുലച്ചത്. പണ നഷ്ടം ഇപ്പോൾ ജി ജെ യുടെ മാത്രം ബാധ്യത ആയി മാറുകയാണെങ്കിലും അവരുടെ സ്വപ്നം ഇല്ലാതായത് ഇപ്പോൾ കൊച്ചിയിലെയും ഏഴു സമീപ നഗര പ്രദേശങ്ങളുടെയും എന്നെന്നേക്കുമായ നഷ്ടമായി മാറിയിരിക്കുകയാണ്. ഇപ്പോൾ പടർന്ന തീയിലൂടെ ആയിരക്കണക്കിന് നിത്യ രോഗികൾ കൂടി ജന്മമെടുത്തു കഴിഞ്ഞുവെന്നത് ജി ജെ യോട് കേരളം കാട്ടിയ നെറികേടിനുള്ള ശാപമായി കാലം വിലയിരുത്തുമോ?
കഴിഞ്ഞ പത്തു വർഷത്തിലേറെ ആയി നടത്തിയ പ്രയ്തനവും 30 കോടി രൂപ മുടക്കിയ നിക്ഷേപവുമാണ് ജി ജെ ഏകോ പവർ. ബ്രഹ്‌മപുരത്ത് ഒരു സുസ്ഥിര, പ്രകൃതി സൗഹൃദ മാലിന്യ പ്ലാന്റ് എന്ന യുകെയിലെ സംരഭകരായ രണ്ടു കൊച്ചിക്കാരുടെ മോഹം കൂടിയാണ് ജി ജെ ഏകോ പവർ. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് വേണ്ടി രൂപം നൽകിയ കമ്പനിക്കു അനേക വർഷം പ്രവർത്തി പരിചയമുള്ള ജി ജെ ഇന്റർനാഷണൽ എന്ന മാതൃ സ്ഥാപനം ഉണ്ടെങ്കിലും അതൊന്നും കാണാതെയാണ് ജി ജെയ്ക്ക് പ്രവർത്തന പരിചയം പോലും ഇല്ലെന്ന ആക്ഷേപവുമായി ഒരു സംഘം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ മുതൽ ഈ പ്രോജക്ടിന് വേണ്ടി അലഞ്ഞ രണ്ടു യുവാക്കളെ കേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കിയതിന്റെ അനന്തര ഫലം കൂടിയാണ് ഇപ്പോൾ കത്തുന്ന ബ്രഹ്‌മപുരവും പുകയുന്ന കൊച്ചിയും എന്ന് നിസംശയം പറയാം.
നഷ്ടമായത് മാലിന്യ മല മാറ്റി കൊച്ചിയുടെ ആരോഗ്യം സംരക്ഷിക്കാനുള്ള സ്വപ്ന പദ്ധതി
യുകെയിൽ നിന്നുള്ള ഒന്നിലേറെ കമ്പനികളുടെ സാങ്കേതിക സഹായവും നിക്ഷേപ പിന്തുണയുമായി 300 കോടി രൂപയുടെ എങ്കിലും നിക്ഷേപം എത്തുമായിരുന്ന ഇന്ത്യയിലെ തന്നെ ഏക ഗ്യാസിഫിക്കേഷൻ സാങ്കേതിക അടിസ്ഥാനമാക്കിയുള്ള മാലിന്യ നിർമ്മാർജന പ്ലാന്റാണ് ജി ജെ കേരള സർക്കാരിനും കൊച്ചി കോർപ്പറേഷനും സമർപ്പിച്ചിരുന്നത്. യുകെയിൽ നിന്നെത്തിയ സംരംഭകർ എന്ന നിലയിൽ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങൾ വേണ്ട വിധം പഠിക്കാതെ പ്രോജക്ൾറ്റ് റിപ്പോർട്ടുമായി ഉദ്യോഗസ്ഥരെ തേടി നടന്നതാണ് ജി ജെ യ്ക്ക് പറ്റിയ ആദ്യ തെറ്റ്. സെക്രട്ടറിയേറ്റിലേയും ഭരണ കക്ഷിയിലെയും ഉന്നതരെ മാത്രമല്ല എറണാകുളത്തെ പരൽ മീനുകളെ വരെ തൃപ്തിപ്പെടുത്തണം എന്ന രാഷ്ട്രീയ ജ്ഞാനം ഇല്ലാതെ പോയതാണ് രണ്ടാമത്തെ തെറ്റ്.
സംരംഭകർ എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ വേരു പടർത്തിയതോടെ സ്വന്തം നാട്ടിൽ ലാഭം നോക്കാതെ സാമൂഹ്യ നന്മ കൂടി ലക്ഷ്യമിട്ടുള്ള ഒരു പ്രോജക്റ്റ് ഉണ്ടാകണം എന്ന് സ്വപ്നം കണ്ടതാണ് മൂന്നാമത്തെ തെറ്റ്. എതിരാളികൾ ഇല്ലാത്ത രംഗം ആണെങ്കിലും എപ്പോൾ വേണമെങ്കിലും എത്ര വലിയ സാങ്കേതിക മികവുമായി എത്തിയാലും ചവിട്ടി തേയ്ക്കാൻ ആളുണ്ടാകും എന്ന് മനസിലാക്കാതെ പോയതാണ് നാലാമത്തെ തെറ്റ്.
ഇത്തരത്തിൽ കേരളത്തിൽ നിന്നും പഠിച്ച തെറ്റുകളുടെ കൂമ്പാരവുമായാണ് ബ്രഹ്‌മപുരം മാലിന്യ പ്രോജെക്റ്റ് എന്ന സ്വപ്നവുമായി നടന്നു ഇപ്പോൾ അധ്വാനിച്ചു ഉണ്ടാക്കിയ കാശും കളഞ്ഞ ഫാർമസ്യൂട്ടിക്കൽ രംഗത്തെ പേരെടുത്ത സംരംഭകരും കൊച്ചിക്കാരുമായ അഭിലാഷും ജിബിയും ബ്രിട്ടീഷ് മലയാളിയോട് ബ്രഹ്‌മപുരം അനുഭവങ്ങൾ പങ്കിട്ടത്.
എങ്ങനെ പുറത്തായെന്നു ജി ജെക്ക് അറിയില്ല, സകല മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ടെന്നു കമ്പനി ഉടമകൾ
സത്യത്തിൽ വർഷങ്ങളുടെ അധ്വാന ഫലമായി നേടിയെടുത്ത കരാറുകളും സർക്കാർ തീരുമാനങ്ങളും എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഇരുവർക്കുമറിയില്ല. ഇതുസംബന്ധിച്ച സകല സർക്കാർ മാനദണ്ഡങ്ങളും മറികടന്നാണ് ജി ജെ ഏകോ പവറിനെ ചവിട്ടി പുറത്താക്കിയത് എന്ന് അഭിലാഷും ജിബിയും വ്യക്തമാക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്ത കരാറിൽ ( പിപിപി ) പാലിക്കേണ്ട നടപടിക്രമങ്ങൾ അട്ടിമറിച്ചാണ് ഒരു സുപ്രഭാതത്തിൽ സർക്കാരും ജി ജെ കമ്പനിയും തമ്മിൽ ഉള്ള കരാർ റദ്ദാക്കുകയാണ് എന്ന് കേരള സർക്കാർ അറിയിക്കുന്നത്.
വിശിദീകരണമോ മുന്നറിയിപ്പോ നൽകാതെ വിദേശ നിക്ഷേപമുള്ള ഒരു സംരംഭത്തിൽ സർക്കാർ ഇത്തരം ഏകപക്ഷീയ നിലപാട് എടുക്കുന്നത് ഒരട്ടിമറിയുടെ ഭാഗമായി സംഭവിച്ചത് ആകണം എന്നാണ് നിക്ഷേപകർ കരുതുന്നത്. എന്നാൽ എന്ത് സംഭവിച്ചു എന്ന് ലണ്ടനിൽ ഉള്ള നിക്ഷേപ കമ്പനിക്കോ സാങ്കേതിക സഹായം നൽകിയ കമ്പനിക്കോ ജി ജെ യുടെ പ്രെമോട്ടർമാരായ അഭിലാഷിനോ ജിബിക്കോ അറിയില്ല.
എതിർഭാഗത്തു കേരള സർക്കാർ ആയതിനാൽ ഇതിന്റെ കൂടുതൽ വിശദീകരണമോ നിയമ നടപടിയോ തേടി പോയതുമില്ല. കാരണം ലണ്ടനിൽ മുഴുവൻ സമയ സംരംഭകരായ ഇരുവർക്കും അതിപ്രധാന ബിസിനസ് കാര്യങ്ങൾക്കിടയിൽ ഒരിക്കലും നടക്കാൻ പോകാത്ത ഒരു സംരംഭത്തിന്റെ പിന്നാലെ പോയി നിലവിൽ ഉള്ള നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ കൂടി പ്രയാസത്തിൽ ആകുന്നത് കാണേണ്ടി വരും എന്നതിനാൽ ബ്രഹ്‌മപുരം പ്രോജക്ടിനെ ഉപേക്ഷിക്കുക ആയിരുന്നു എന്നാണ് ഇരുവരും പറയുന്നത്. ഈ പ്രൊജക്ടിന്റെ ഫീഡർ കമ്പനി ഓഫിസ് കാക്കനാട് വർഷങ്ങളോളം പ്രവർത്തിച്ചത് അടക്കം 30 കോടി രൂപയാണ് വെള്ളത്തിലായത്. വർഷങ്ങളോളം പ്രൊഫഷനലുകളായ എട്ടു ബ്രിട്ടീഷുകാർ അടക്കം 32 ജീവനക്കാരുമായാണ് ഈ സ്ഥാപനം കൊച്ചിയിൽ പ്രവർത്തിച്ചിരുന്നത്.
വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 13 ഇനം അംഗീകാര സർട്ടിഫിക്കറ്റുകൾ നേടി നാല് വർഷം തുടർച്ചയായി ഒന്നാം പിണറായി സർക്കാരിൽ ഉദ്യോഗസ്ഥരുടെയും സെക്രട്ടറിമാരുടെയും മന്ത്രിമാരുടെയും ഓഫിസുകൾ കയറി ഇറങ്ങി അംഗീകാരം നേടി ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തറക്കല്ലിട്ട സ്ഥാപനമാണ് ജനുവരി 30ന് അംഗീകാരം നേടുകയും മൂന്നു മാസം കൊണ്ട് അംഗീകാരം നഷ്ടപ്പെടുകയും ചെയ്തത്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.