- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ വിമർശനം കടുത്തതോടെ ആരോഗ്യവകുപ്പിന് ബോധം വന്നു! ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചു; ഇതിനോടകം ചികിത്സതേടിയത് 1249 പേർ; 11 ശ്വാസ് ക്ലിനിക്കുകളും തുറന്നുവെന്ന് ആരോഗ്യമന്ത്രി; ഡയോക്സിൻ കലർന്ന വായു ശ്വസിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്ന് വീണ ജോർജ്ജ്
തിരുവനന്തപുരം: മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിമർശനം കടുത്തതോടെ നടപടികളുമായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ബ്രഹ്മപുരത്ത് ആരോഗ്യ സർവേ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 1576 ആളുകളുടെ ഡേറ്റ ശേഖരിച്ചു. കണ്ണുപുകച്ചിൽ, ശ്വാസംമുട്ടൽ, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണി വരെയുള്ള കണക്കാണിതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം വരെ 1,249 പേരാണ് വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈൽ ക്ലിനിക്കുകളിലുമായി സേവനം തേടിയെത്തിയത്. 11 ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. 11 പേർ ഇന്ന് ശ്വാസ് ക്ലിനിക്കുകളിലെത്തി പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിലായി ആറ് മൊബൈൽ യൂണിറ്റുകളും സ്ഥാപിച്ചു. അതേസമയം ഡയോക്സിൻ കലർന്ന വായു ശ്വസിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചു. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായ ആരോഗ്യ പ്രശ്നങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.എം.ഇ.യിലെയും ഡി.എച്ച്.എസിലെയും ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സമിതിയെ നിയോഗിച്ചതായും വീണാ ജോർജ് പറഞ്ഞു.
അതേസമയം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം തദ്ദേശ സെക്രട്ടറിമാർക്ക് പരിശീലനം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യസംസ്‌കരണ നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി. മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിക്കുമെന്നും കോടതി പറഞ്ഞു.
നേരത്തെ ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു പ്രതിപക്ഷം. കൊച്ചിയിൽ ഒരു ആരോഗ്യ പ്രശ്‌നവും കൊച്ചിയിൽ ഇല്ലെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിനെതിരെ രൂക്ഷ വിമർശനമാണ് വി ഡി സതീശൻ ഉന്നയിച്ചത്. അത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ചോദിച്ചാൽ അധിക്ഷേപം ആകുന്നത് എങ്ങനെയാണ്? മന്ത്രി എം.ബി രാജേഷ് കരാറുകാരന്റെ വക്താവായണ് നിയമസഭയിൽ പത്ത് മിനിട്ടോളം സംസാരിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജനങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കരാറുകാരനെയാണ് ന്യായീകരിച്ചത്. അത് കേട്ടുകൊണ്ടിരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നും സതീശൻ പറഞ്ഞിരുന്നു.
2019- ൽ തീപിടിച്ചപ്പോൾ ഡയോക്‌സിൻ ബോംബാണെന്ന റിപ്പോർട്ടാണ് മലിനീകരണ വകുപ്പ് നൽകിയതെന്നും സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു. ഡയോക്‌സിൻ എന്ന് ആരോഗ്യമന്ത്രി കേട്ടിട്ടില്ലേ? രക്തത്തിൽ കലർന്നാൽ എല്ലാ അവയവങ്ങളെയും ബാധിക്കുന്ന വിഷമാണത്. വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ചു. എന്നിട്ടാണ് ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്ന് മന്ത്രി പറഞ്ഞത്.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി പൊലീസ് ചവിട്ടി മെതിച്ച വിഷയം നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലേ? അവർക്ക് ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്ന നിലപാട് എടുത്തതുകൊണ്ടാണ് സഭയുടെ ചരിത്രത്തിൽ ആദ്യമായി പ്രതിപക്ഷം നടുത്തളത്തിൽ സമാന്തരമായി അടിയന്തിര പ്രമേയം അവതരിപ്പിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ