- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സുമെന്ന് മഞ്ജു വാര്യർ; ന്യായീകരിക്കുന്നവരോട് അനുതാപമെന്ന് രമേഷ് പിഷാരടി; സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു; പ്രതിസന്ധി ഒഴിയാതെ ബ്രഹ്‌മപുരം; തിങ്കളാഴ്ച മുതൽ ശക്തമായ പ്രതിഷേധ സമരത്തിന് ഒരുങ്ങി നാട്ടുകാർ
കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിൽ കൊച്ചി നഗരവാസികൾ ഒരാഴ്ചയിലേറെയായി കടുത്ത ദുരിതം അനുഭവിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതികരണമാണ് കൊച്ചി നിവാസികളിൽ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒപ്പം സിനിമാപ്രവർത്തകരും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നിർമ്മാതാവ് ഷിബു ജി സുശീലൻ എന്നിവരൊക്കെ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നുവെന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലൂടെ ആണ് നടിയുടെ പ്രതികരണം.
'ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും!', എന്നാണ് മഞ്ജു വാര്യർ കുറിച്ചത്.
അതേസമയം, ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ രമേഷ് പിഷാരടി രംഗത്തെത്തിയിരുന്നു. തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിനോട് അനുതാപമാണ് എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.
നടി കൃഷ്ണ പ്രഭ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തി. കഴിഞ്ഞ പത്ത് ദിവസമായി ഒറ്റ രാത്രി പോലും ഒരു പോള കണ്ണടക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്റെ മാത്രമല്ല, കൊച്ചിയിൽ താമസിക്കുന്ന ഓരോ മനുഷ്യന്റെയും അവസ്ഥ ഇതായിരിക്കും. ആരോട് പറയാൻ ആര് കേൾക്കാൻ എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്.
ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഞങ്ങളെ പോലെയുള്ള സാധാരണക്കാരായ ജനങ്ങളാണ്. എന്തൊക്കെ അസുഖങ്ങളാണ് വരാൻ പോകുന്നതെന്ന് ഒരുപിടിയുമില്ല. ഈ തീയും പുകയുമൊക്കെ അങ്ങ് അടങ്ങുമായിരിക്കും. ഇതിന് കാരണക്കാർക്ക് എതിരെ അതിപ്പോ ആരായാലും ശക്തമായ നടപടി എടുക്കണം. അത്രമാത്രം സഹികെട്ടിട്ടാണ് ഇത് എഴുതുന്നത്.
ബ്രഹ്‌മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അഗ്‌നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർക്ക് കൃത്യമായ ചികിത്സ നൽകും. കൂടുതൽ ആളുകളും ഡിസ്ചാർജ് ആയി. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ. കുഞ്ഞുങ്ങൾ, പ്രായമുള്ളവർ, രോഗബാധിതർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊച്ചിയിലെത്തുന്നവർക്ക് മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അർബർ ആരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസ് ക്ലിനിക്ക് ആരംഭിക്കും. പൾമനറി ഫംഗ്ഷൻ പരിശോധന നടത്തും. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവ്വെ നടത്തുമെന്നും മന്ത്രി അറിയിച്ചു. കേരളം ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം ഭരണകൂടത്തിന്റെ അനാസ്ഥയ്ക്ക് എതിരെ സമരത്തിന് ഒരുങ്ങുകയാണ് ബ്രഹ്‌മപുരം നിവാസികൾ. പ്ലാന്റ് പ്രവർത്തനക്ഷമമായതിന് ശേഷം മാത്രമേ മാലിന്യം കൊണ്ടുവരാൻ പാടുള്ളൂവെന്ന് തുടങ്ങിയ നിർദേശങ്ങൾ പാലിക്കാതെ മാലിന്യം തള്ളി ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരേ തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്ന് കുന്നത്തുനാട് പഞ്ചായത്തംഗവും ബ്രഹ്‌മപുരം ജനകീയ സമിതി അംഗവുമായ യൂനസ് പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇപ്പോഴും പാലിക്കുന്നില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ബ്രഹ്‌മപുരത്തേക്ക് മാലിന്യം എത്തിച്ചതിനെതിരേ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നിന്നുയരുന്നത്.
കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളാനുള്ള നീക്കത്തെ തടയുക എന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്വമാണ്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാലിന്യം പ്ലാന്റിലേക്ക് കൊണ്ടുവന്ന് തള്ളിയത്. എന്നാൽ ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ആവശ്യമല്ല. ഇവിടുത്തെ ജനങ്ങളുടെ പൊതുവായുള്ള പ്രശ്‌നമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മുന്നോട്ട് വരണമെന്നും എല്ലാവരുടേയും നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുവരാൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. കവചിത വാഹനത്തിലേ മാലിന്യം കൊണ്ടുവരുവാൻ പാടുള്ളൂ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. എന്നാൽ റോഡിലൂടെ ജനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ തുറന്ന വാഹനത്തിലാണ് മാലിന്യം കൊണ്ടുവരുന്നത്. തുറന്ന വാഹനത്തിൽ കൊണ്ടുവരുന്ന ഒരു മാലിന്യവാഹനവും ബ്രഹ്‌മപുരത്തേക്ക് ഇനിമുതൽ വിടില്ല. ഭക്ഷ്യമാലിന്യങ്ങൾ കൊണ്ടുവരുമ്പോൾ അത് ഭക്ഷ്യമാലിന്യങ്ങളാണോയെന്ന് ജനകീയ സമിതി വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചതിന് ശേഷം മാത്രമേ പ്ലാന്റിനകത്തേക്ക് കയറ്റി വിടുകയുള്ളൂവെന്നും യൂനസ് പറഞ്ഞു.
പ്രദേശത്തുള്ളവർക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഭരണകൂടം ബോധപൂർവം മറച്ചുവെക്കുകയാണ്. മൂന്ന് മണിക്ക് ശേഷം മഴക്കാറ് പോലെ വരുകയാണ്. ഈ സമയത്താണ് പ്രായമായവർക്ക് ശ്വാസംമുട്ടലും ശ്വാസതടസവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. കുട്ടികളടക്കം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുള്ള ജനങ്ങൾക്ക് യാതൊരു പരിഗണനയും കൊടുത്തിട്ടില്ല.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ നിന്നുള്ള വിഷപ്പുക അന്തരീക്ഷമാകെ നിറയുമ്പോൾ സാധാരണ മാസ്‌കുകൾ പോലും നിർബന്ധമായും ധരിക്കണമെന്ന് ജനങ്ങളോട് പറയാത്ത സർക്കാരാണെന്നും ഇതുവരേയും ഒരു മെഡിക്കൽ സംഘത്തെ ഈ പ്രദേശത്തേക്ക് വിടാൻ തയാറായിട്ടില്ലെന്നും യൂനസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ