കൊച്ചി: ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെയും പുകശല്യം തുടരുകയാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. ഇന്നെങ്കിലും തീ അണയ്ക്കാനാകുമെന്നാണു പ്രതീക്ഷയിലാണ് അധികൃതർ. കൊച്ചിക്കാരെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയാണ് അധികാരികൾ ചെയതത്. പുകശല്യത്തെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏഴ് ക്ലാസിന് മുകളിലുള്ളവർക്ക് പുകശല്യം ബാധിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളിലും ഇന്നലെയും വിഷപ്പുക പടർന്നു. രാവിലെ എട്ടായപ്പോഴേക്കും റോഡിൽ കാഴ്ച മറഞ്ഞു. വൈറ്റില, മരട്, കുണ്ടന്നൂർ ഭാഗങ്ങളിൽ തൊട്ടടുത്തുള്ള ആളെപ്പോലും കാണാനാകുമായിരുന്നില്ല. തീയണയ്ക്കലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഏകോപനസമിതിക്കു രൂപം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. എന്നാൽ, സഹിക്കാനാകാത്ത പുകയോടെ ചികിത്സ തേടിയവരും നിരവധിയാണ്.

ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമാണ്. ആരോഗ്യ വകുപ്പ് 2 കൺട്രോൾ റൂമുകൾ തുറന്നു. എല്ലാവരും എൻ95 മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ ബ്രഹ്മപുരത്തേക്ക് ഇന്നലെ മാലിന്യവുമായെത്തിയ ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മാലിന്യ നീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്താനാണു തീരുമാനം. അതേസമയം, ബ്രഹ്മപുരത്തു മാലിന്യ നിർമ്മാർജന ചട്ടങ്ങൾ പാലിക്കാത്തതിന് കോർപറേഷന് 1.8 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടിസ് നൽകി.

അപായരേഖയിൽ തൊട്ടു കൊച്ചിയിലെ വായു

അതിതിനിടെ കൊച്ചിയിലെ പുകശല്യം അപകടകരമായ വിധത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ. വായു അപായരേഖയിൽ തൊട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞായറാഴ്ച രാത്രി കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി തെളിഞ്ഞത്. വൈറ്റിലയിലെ അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള 'ലൈവ് 'പരിശോധനാ റിപ്പോർട്ടാണിത്. ഞായറാഴ്ച രാത്രി 10-ന് പി.എം. 2.5 ന്റെ മൂല്യം 441 ആയിരുന്നു. അതായത് ഏറ്റവും ഗുരുതരമായ അളവിൽ. നല്ല ആരോഗ്യമുള്ളവരിൽ വരെ ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാക്കാവുന്ന അവസ്ഥയാണിത്. ഞായറാഴ്ച രാത്രി കൊച്ചിയിലെ അന്തരീക്ഷ വായുവിൽ പി.എം. 2.5-ന്റെ ശരാശരി മൂല്യം 182 ആയിരുന്നു. ഏറ്റവും കുറവ് 48-ഉം കൂടിയത് 441-ഉം ആയിരുന്നു. സമാനമായി പി.എം. 10-ന്റെ അളവ് 333 വരെ ഉയർന്നു. ഇത് ശരാശരി 131 ആയിരുന്നു. കുറവ് 57-ഉം.

ആഗോളതലത്തിൽ അന്തരീക്ഷ മലിനീകരണമളക്കുന്നത് പി.എം. 2.5, പി.എം. 10 (അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങൾ) എന്നിവയുടെ തോത് അനുസരിച്ചാണ്. പി.എം. 10-ന്റെ അളവ് ഒരു ഘനഅടി അന്തരീക്ഷ വായുവിൽ നൂറ് മൈക്രോൺ (24 മണിക്കൂറിൽ) എന്നതാണ് അനുവദനീയ അളവ്. പി.എം 2.5-ന്റേത് 60-ഉം. നഗ്‌നനേത്രങ്ങളാൽ കാണാൻ കഴിയാത്ത അത്ര സൂക്ഷ്മമാണ് ഈ കണങ്ങൾ.

0-50 - നല്ലത്

51-100 - തൃപ്തികരം - ചെറിയ രീതിയിലുള്ള ശ്വസന പ്രശ്‌നങ്ങൾ വന്നേക്കാം.

101-200 - മിതമായ നിലയിൽ - ആസ്മ, ശ്വാസകോശ രോഗം എന്നിവയുള്ളവരിൽ ശ്വസന പ്രക്രിയയ്ക്ക് പ്രശ്‌നമുണ്ടാകും.

201-300 കുറഞ്ഞ ഗുണനിലവാരം - അധികനേരം ഈ വായു ശ്വസിക്കാനിടയായാൽ ആരോഗ്യമുള്ളവരുടെ ശ്വസനത്തെ വരെ ബാധിക്കും.

301-400 - തീരെ കുറഞ്ഞ ഗുണനിലവാരം - അധികനേരം ഈ വായു ശ്വസിക്കാനിടയായാൽ ശ്വാസകോശ രോഗങ്ങളിലേക്ക് നയിക്കും.

401-500 - അപായകരമായത് - ആരോഗ്യമുള്ളവരെ പോലും ബാധിക്കാം. ശ്വാസകോശ രോഗമുള്ളവർക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാം.

പി.എം. (പർട്ടിക്കുലേറ്റ് മാറ്റർ അഥവാ പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങൾ). ആഗോളതലത്തിൽ അന്തരീക്ഷ വായുവിന്റെ ശുദ്ധത അളക്കുന്നതിനുള്ള മാനകമാണ്. ശ്വസനപ്രക്രിയയിലൂടെ മനുഷ്യന്റെ ശ്വാസകോശത്തിലേക്ക് കടക്കുന്ന പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങളാണിത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇടവരുത്തിയേക്കും. കേരളത്തിലെ ജനങ്ങളിൽ 10 ശതമാനവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്.

ശ്വസനപ്രക്രിയയിലൂടെ പൊടിപടലങ്ങളുടെ സൂക്ഷ്മ കണങ്ങൾ ശ്വാസകോശത്തിന്റെ ആഴത്തിലേക്ക് എത്തും. ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. പ്രായം ചെന്നവരെയും ബാധിക്കും. ചുമ, ശ്വാസമെടുക്കുന്നതിലുള്ള വിഷമം, നെഞ്ചിൽ പിരിമുറുക്കം അനുഭവപ്പെടുക, കണ്ണുകൾക്ക് അസ്വസ്ഥത.

ചികിത്സ തേടി നിരവധിപ്പേർ

തീപ്പിടിത്തത്തെ തുടർന്നുള്ള പുകമൂലം ബ്രഹ്മപുരത്തും പരിസരത്തുമുള്ളവർ ശ്വാസംമുട്ടിയാണ് കഴിയുന്നത്. ഇരുമ്പനം, എരൂർ, അമ്പലമുകൾ, ഹിൽപാലസ്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് പുകശല്യം രൂക്ഷമായിട്ടുള്ളത്. ബ്രഹ്മപുരം പ്രദേശത്ത് നിരവധിപ്പേരാണ് ചുമയും വലിവും ശ്വാസംമുട്ടലുമായി ചികിത്സ തേടിയത്. ്ബ്രഹ്മപുരം സി.എച്ച്.സി. വായനശാലയിൽ നടത്തിയ ക്യാമ്പിൽ 10 പേർ ചികിത്സ തേടി. ഇതിൽ രണ്ട് പേരെ വടവുകോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇരുമ്പനം പേടിക്കാട്ടുതുരുത്ത് പ്രദേശത്ത് നിരവധി പേർക്ക് ശ്വാസംമുട്ടലും തലവേദനയും അനുഭവപ്പെട്ടു. പ്രദേശത്ത് അനൂപ് ജേക്കബ് എംഎ‍ൽഎ. സന്ദർശനം നടത്തി.

അമ്പലമുകൾ ഗ്രിഗോറിയോസ് ചാപ്പലിൽ കുർബാന മധ്യേ പലർക്കും ശ്വാസംമുട്ടും തലകറക്കവും അനുഭവപ്പെട്ടു. തുടർന്ന് സൺഡേ സ്‌കൂളിനുൾപ്പെടെ അവധി പ്രഖ്യാപിച്ചു. മുൻകരുതലായി എറണാകുളം ജനറൽ ആശുപത്രിയിൽ 100 കിടക്കകളും തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയിൽ 20 കിടക്കകളും മെഡി. കോേളജ് ആശുപത്രിയിൽ കുട്ടികൾക്കായി 10 കിടക്കകളും സ്‌മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.

പുക പടർന്നിരിക്കുന്ന പ്രദേശങ്ങളിലുള്ളവർ എൻ-95 മാസ്‌ക് ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, കുട്ടികൾ, വയോധികർ തുടങ്ങിയവർ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അഗ്‌നിരക്ഷാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസ്സം ഉണ്ടായാൽ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജൻ പാർലറുകൾ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വരുന്ന ഒരാഴ്ച 24 മണിക്കൂറും ഡോക്ടർമാർ ഉൾപ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് പൾമണോളജിസ്റ്റ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘവും ഇവിടെയുണ്ടാകും. ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.

വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവിൽ വൈറ്റിലയിലെയും ബി.പി.സി.എല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. കാറ്റിന്റെ ദിശ അനുസരിച്ച് പുക വ്യാപിച്ചതിനാൽ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 കൺട്രോൾ റൂമുകൾ തുറന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് (80757 74769), ഡി.എം.ഒ. ഓഫീസ് (04842360802) എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ.