- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദത്തിന്റെ 5 മടങ്ങ് വേഗവും 1000 കിലോമീറ്ററാണു ദൂരപരിധിയും ; ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാകാൻ ഇന്ത്യയുടെ ബ്രഹ്മോസ് 2 വരുന്നു; കരുത്തേറുന്ന ബ്രഹ്മോസിന്റെ വരവറിയിച്ച് ആദ്യമെത്തുക ബ്രഹ്മോസ് നെക്സ്റ്റ് ജനറേഷൻ മിസൈലുകൾ
ഭോപാൽ: ലോകം തന്നെ ഉറ്റുനോക്കിയ ഇന്ത്യയുടെ അഭിമാനമാണ് ബ്രഹ്മോസ് മിസൈൽ. നിർമ്മാണം പൂർത്തിയാക്കി ഒരോ പരീക്ഷണവും വിജയിച്ച് മുന്നേറുമ്പോൾ ലോകത്തിന്റെ ശ്രദ്ധ വീണ്ടും വീണ്ടും ബ്രഹ്മോസിലേക്ക് എത്തി.കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്.ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമ്മിച്ചെടുത്തത്.
റഷ്യയുടെ തന്നെ പി800 ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ് ബ്രഹ്മോസ് എന്ന പേര് വന്നത്.ബ്രഹ്മോസിന്റെ കുതിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പല രാജ്യങ്ങളും ഈ മിസൈലിനെത്തേടി രംഗത്ത് വന്നത്.അതിന് പിന്നാലെ നിർമ്മാണം പുരോഗമിക്കുന്ന ബ്രഹ്മോസിന്റെ രണ്ടാം പതിപ്പിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്.
മധ്യപ്രദേശിലെ ഭോപാലിൽ നടക്കുന്ന ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ ഡിആർഡിഒ ഒരുക്കിയ പ്രദർശന സ്റ്റാളിൽ എത്തിയവരിൽ പലർക്കും അറിയേണ്ടിയിരുന്നത് ബ്രഹ്മോസിനെക്കുറിച്ചാണ്.ബ്രഹ്മോസ് 2 എന്ന സൂപ്പർ സോണിക് മിസൈലും ബ്രഹ്മോസ് എൻജി (നെക്സ്റ്റ് ജനറേഷൻ) എന്ന മിസൈലുമാണു വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മോസ് എൻജി ആദ്യം പുറത്തിറങ്ങും.
3 ടൺ ഭാരമുള്ള ബ്രഹ്മോസ് നിലവിൽ സുഖോയ് 30 വിമാനത്തിൽ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരെണ്ണമേ വഹിക്കാൻ പറ്റൂ. ബ്രഹ്മോസിനെക്കാൾ ഭാരവും വലുപ്പവും കുറവാണ് എൻജിക്ക്. ഒരു സുഖോയ് 30 വിമാനത്തിനു 2 മിസൈൽ വഹിക്കാം. മിഗ്, തേജസ്സ് വിമാനങ്ങളിലും ഉപയോഗിക്കാം. ശബ്ദത്തെക്കാൾ 3 ഇരട്ടി വരെ വേഗത്തിൽ 290 കിലോമീറ്റർ ദൂരം എൻജി സഞ്ചരിക്കും.
ശബ്ദത്തിന്റെ 5 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്നതാണ് ബ്രഹ്മോസ് 2. 1000 കിലോമീറ്ററാണു ദൂരപരിധി. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈലാകും ഇത്.ഈ വർഷമോ അടുത്ത വർഷം തുടക്കത്തിലോ ഇതിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയേക്കാം.പുതിയ പതിപ്പുകൾ ബ്രഹ്മോസ് മിസൈലുകളെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിആർഡിഒ.
ഇന്ത്യൻ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും ഉദ്ഘാടനം ചെയ്തു. 24ന് സമാപിക്കും.
മറുനാടന് മലയാളി ബ്യൂറോ