തലശേരി: പട്ടാപ്പകൽ മാസ്‌കണിഞ്ഞു കത്തിക്കാട്ടിയെത്തിയ മോഷ്ടാവിന്റെ രൂപം ഇപ്പോഴും മായുന്നില്ല പ്രസന്നാജി ഭട്ടിന്റെ മനസിൽ. തലശേിയിൽ ഏതാണ്ട് അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്ന ഇവർക്ക് ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായാണ്. മതിൽ ചാടി വീടിനകത്തേക്ക് കടന്ന മോഷ്ടാവ് കത്തി കാട്ടി കൈയിലണിഞ്ഞ വളയും ആഭരണങ്ങളും ഊരിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ ചെറുത്ത പ്രസന്നാജി ഭട്ടിനെ അക്രമിക്കാനും ബലപ്രയോഗത്തിലൂടെ കീഴടക്കാനും ശ്രമിച്ചു.

ഇവരുടെ ബഹളവും കരച്ചിലുംകേട്ടു അയൽവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോൾ മോഷ്ടാവ് കൈയിലെ പിടുത്തം ഒഴിവാക്കി കുതറി മാറി രക്ഷപ്പെടുകയായിരുന്നു. തലശേരി മുകുന്ദ് മല്ലാർ റോഡിൽ നരസിംഹം ക്ഷേത്രത്തിന് പിൻവശമുള്ള ഗോപാലകൃഷ്ണ ദേവസ്വം മഠത്തിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ സ്വർണാഭരണങ്ങൾ കത്തി കാട്ടി കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തലശേരി ടൗൺ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രം പുജാരി പരേതനായ ഗണേശ ഭട്ടിന്റെ ഭാര്യ പ്രസന്നാ ജി ഭട്ടിന്റെ സ്വർണ ഭാരണങ്ങളാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കവർച്ച ചെയ്യാൻ ശ്രമിച്ചത്. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. മാസ്‌ക് അണിഞ്ഞെത്തിയ യുവാവാണ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രസന്നാ ജി യുടെ ആഭരണങ്ങൾ കൊള്ളയടിക്കാൻ ശ്രമിച്ചത്. മഠത്തിന്റെ മതിൽ ചാടിയാണ് മോഷ്ടാവ് എത്തിയത്. പിടിവലിക്കിടെയിൽ പ്രസന്നാ ജിക്ക് നിസാര പരുക്കേറ്റു. ഇവരുടെ മൊഴി തലശേരി പൊലീസ് ഇൻസ്‌പെക്ടർ എം. അനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതിയെ കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലിസ് അറിയിച്ചു.തലശേരി നഗരഹൃദയത്തിലാണ് മുകുന്ദ് മല്ലാർ ജങ്ഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ ശനിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കവർച്ചാ ശ്രമം നടന്നത്. ഭർത്താവ് മരിച്ചതിനു ശേഷം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രസന്നാ ജി.ഭട്ട്. ക്ഷേത്രത്തിന്റെ അടുത്തുള്ള മഠമാണ് ഇവരുടെ വീട്. ഇവിടേക്ക് മതിൽ ചാടികടന്നു കൊണ്ടാണ് മാസ്‌ക് അണിഞ്ഞ കവർച്ചക്കാരനെത്തിയിരുന്നു. ഇയാൾ പ്രസന്ന ജി ഭട്ടിനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന വളയും അണിഞ്ഞ മാലയും ഊരിനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സ്വർണാഭരണങ്ങൾ കിട്ടുന്നതിനായി വയോധികയെ അക്രമിക്കാനും മോഷ്ടാവ് മുതിർന്നു. തലശേരി നഗരത്തിൽ മയക്കുമരുന്ന് മാഫിയയും പിടിച്ചുപറിക്കാരും പെരുകുമ്പോഴും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണം പ്രദേശവാസികളിൽ ശക്തമാണ. രണ്ടുമാസം മുൻപാണ് തലശേരി വീനസ് കോർണറിൽ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടു പേർ കൊല്ലപ്പെടുന്നത്. ഇതിനു ശേഷം മറ്റൊരു ലഹരികൊലപാതകം കൂടി തലശേരിയിലുണ്ടായി.

രണ്ടുമാസത്തിനിടെയിൽ മൂന്ന് കൊലപാതകങ്ങൾ നടന്നത് തലശേരിയിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇതിനിടെയിൽ തലശേരി റെയിൽവേ സ്റ്റേഷനു സമീപത്തെ പഴയ ലോട്ടസ് ടാക്കീസിനു സമീപവും വീട്ടിൽ ബോംബ് സ്‌ഫോടനം നടന്ന് യുവാവിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. വീട്ടിൽ സൂക്ഷിച്ച സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ പരുക്കേറ്റ നടമ്മൽ ലക്ഷം വീട് കോളനിയിലെ ജിതിൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.