അടൂര്‍: ജനറല്‍ ആശുപത്രിയില്‍ പുറത്തെ തടിപ്പ് നീക്കുന്നതിന് ശസ്ത്രക്രിയയ്ക്ക് ചെന്ന രോഗിയോട് 12,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വിനീതിനെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ശബ്ദരേഖ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ആശുപത്രിയില്‍ ഉണ്ടായത്. വിജിലന്‍സും പ്രാഥമികാന്വേഷണം നടത്തിയിരുന്നു.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ആരോഗ്യവകുപ്പ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സും പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി ഇതു വരെ മൊഴി നല്‍കിയിട്ടില്ല.

കരുവാറ്റ പൂങ്ങോട് മാധവത്തില്‍ വിജയാദേവിയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഡോക്ടര്‍ വിനീതിനെ സമീപിച്ചത്. അപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സഹോദരി വിജയശ്രീ ഫോണില്‍ വിളിച്ചപ്പോഴാണ് സര്‍ജറിക്ക് 12,000 രൂപ വേണമെന്ന്

ഡോക്ടര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് രണ്ടു തവണ ശബ്ദരേഖ സഹിതം പരാതി നല്‍കിയിരുന്നു. ഒരു നടപടിയും എടുക്കാതെ വന്നപ്പോഴാണ് മാധ്യമങ്ങളെ കണ്ടത്.

കഴിഞ്ഞ മാസം 16,17 തീയതികളിലാണ് വിജയാദേവി ആശുപത്രിയിലെത്തിയത്. 17 ന് സര്‍ജന്‍ വീനിതിനെ കണ്ടപ്പോള്‍ ടെസ്റ്റിന് കുറിക്കുകയും റിസള്‍ട്ടുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ ചെന്നപ്പോള്‍ രണ്ടു തടിപ്പ് നീക്കുന്നതിന് 12,000 രൂപ ആവശ്യപ്പെട്ടു. അടുത്ത ദിവസം സര്‍ജറിക്ക് വരാനും നിര്‍ദേശിച്ചു. പറഞ്ഞ തീയതിയുടെ തലേന്ന് വിളിച്ചപ്പോഴും പണം ചോദിച്ചു. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ വേറെ ഡോക്ടറെ കാണാന്‍ പറഞ്ഞു. ഇതിന്‍ പ്രകാരം 24,25 തീയതികളില്‍ ഇതേ ആശുപത്രിയിലെ ഡോക്ടറെ കാണുകയും ഒരു പൈസയും കൊടുക്കാതെ സര്‍ജറി നടത്തുകയും ചെയ്തു. തുടര്‍ന്നാണ് വിജയദേവിയുടെ സഹോദരി വിജയശ്രീ സൂപ്രണ്ടിന് പരാതി കൊടുത്തത്. ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഇന്നലെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അന്വേഷണങ്ങള്‍ ആരംഭിക്കുകയായിരുന്നു. ജനറല്‍ ആശുപപത്രിയിലേക്ക് യുവമോര്‍ച്ച, എ.ഐ.വൈ.എഫ്, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ മാര്‍ച്ചും ഉപരോധവും നടത്തി.