റാന്നി: ആർത്തി പൂണ്ട് പട്ടിണിപ്പാവങ്ങളോടും കൈക്കൂലി ചോദിച്ച സർക്കാർ ഡോക്ടറെ സസ്പെൻഡ് ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ ചാർളി ചാക്കോയെയാണ് സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവിട്ടത്.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതയോട് കൈക്കൂലി വാങ്ങിയതിന് ഡോക്ടർ നേരത്തേ നോട്ടപ്പുള്ളിയായിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. അനിത എന്ന യുവതി ഹെർണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയിൽ എത്തിയത്. ഓപ്പറേഷൻ ഡേറ്റ് നൽകുന്നതിന് അനിതയുടെ ഭർത്താവിൽ നിന്നും ഡോക്ടർ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നൽകാൻ കഴിയാത്തതിനാൽ നിരവധി തവണ ഡോക്ടർ ഓപ്പറേഷൻ മാറ്റിവച്ചു. കൂലിപ്പണിക്കാരനായ ഭർത്താവ് 2000 രൂപ ഡോക്ടർക്ക് നൽകിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷൻ തീയതി നൽകിയത്.

ഈ വിവരം ശ്രദ്ധയിൽപ്പെട്ട പ്രമോദ് നാരായണൻ എംഎ‍ൽഎ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോർജിന് കത്ത് നൽകി. പട്ടികവർഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനെയും വിവരങ്ങൾ ധരിപ്പിച്ചു. ഇതേ തുടർന്ന് വകുപ്പ് തല അന്വേഷണത്തിന് മന്ത്രി ഉത്തരവ് ഇട്ടിരുന്നു. മേടിച്ച കൈക്കൂലിയായ തുക മടക്കി നൽകിയും പരാതി പിൻവലിപ്പിച്ചും കേസിൽനിന്ന് രക്ഷപെടാൻ ഡോക്ടർ ശ്രമിച്ചിരുന്നു.

അനിതയുടെ കുടുംബവും പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. വകുപ്പുതല അന്വേഷണ നടപടികൾ നീണ്ടു പോവുകയും ഡോക്ടർ ഓഗസ്റ്റ് 14 ന് ജോലിയിൽ തിരികെ പ്രവേശിക്കുകയും ഉണ്ടായി. തിരികെ ജോലിയിൽ പ്രവേശിച്ച ഡോക്ടർ വീണ്ടും കൈക്കൂലി ആവശ്യപ്പെടുന്നതും രോഗികളോട് മോശമായി പെരുമാറുകയും ചെയ്തു.

ഈ വിവരങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ച എംഎ‍ൽഎയെ് രോഗികൾ അറിയിച്ചു. തുടർന്ന് പ്രമോദ് നാരായണൻ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി വീണ ജോർജിനെയും നേരിട്ട് വിവരം അറിയിച്ചു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയത്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുവാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരക്കാർക്ക് എതിരെ ശക്തമായി നിലപാട് നിലപാടുകൾ സ്വീകരിക്കുമെന്നും പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു