ലക്‌നൗ: വിവാഹത്തിനു ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കെ വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടി. മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണാഭരണങ്ങളും പണവുമായാണ് വധുവിന്റെ അമ്മ പോയത്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. വീട്ടില്‍ കരുതിവെച്ചിരുന്ന സ്വര്‍ണവും പണവുമായി വധുവിന്റെ അമ്മ കടന്നു കളയുക ആയിരുന്നു. പുറത്ത് പോയ ഇവരെ രാത്രിയായിട്ടും കാണാതായതോടെയാണ് വരനൊപ്പം ഒളിച്ചോടിയ വിവരം അറിയുന്നത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹ ഒരുക്കങ്ങള്‍ നടത്താനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ വീട്ടില്‍ സന്ദര്‍ശകനായിരുന്നുവെന്നാണ് വിവരം. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഫോണിലൂടെ അടുപ്പം വളരുകയും ഇരുവരും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ആിരുന്നു. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി.

ഏപ്രില്‍ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത മദ്രക് പൊലീസ് ഇരുവരുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്തുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.