- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടും; വ്യായാമത്തിനിടെ മോശമായി സ്പർശിച്ചു; ബ്രിജ് ഭൂഷനെതിരെ ഗുരുതര ആരോപണങ്ങൾ; 38 ക്രിമിനൽ കേസിൽ പ്രതി; കൊലപാതകം ചെയ്തുവെന്ന് പരസ്യമായി വിളിച്ചു പറഞ്ഞു; ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയ ചരിത്രമുള്ള നേതാവിനെ തൊടാത്തത് എന്തുകൊണ്ട്?
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ സമരത്തിന് ഇറങ്ങിയപ്പോഴും ബിജെപി പക്കാ ഗുണ്ടാ നേതാവായ ബ്രിജ്ഭൂഷണെ സംരക്ഷിക്കുകായണ്. ഗുസ്തി താരങ്ങളായ പെൺകുട്ടികളെ നിരന്തരം ലൈംഗിക അതിക്രമത്തിന് ബ്രിജ്ഭൂഷൺ ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. എന്നിട്ടും ഇയാളെ യോഗി സർക്കാർ തൊടാത്തത് കൈയൂക്ക് രാഷ്ട്രീയം കൊണ്ട് ബിജെപിക്ക് നേട്ടങ്ങളുണ്ടാക്കി കൊടുക്ക വ്യക്തിയായതു കൊണ്ടാണ്.
നിരന്തര ലൈംഗികാതിക്രമം ബ്രിജ് ഭൂഷന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് താരങ്ങൾ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 'ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസാ'ണ് ബ്രിജ്ഭൂഷണെതിരെ രണ്ട് സീനിയർ വനിത താരങ്ങൾ നൽകിയ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21ന് നൽകിയ പരാതിയിൽ ബ്രിജ് ഭൂഷന്റെ ലൈംഗികാതിക്രമം നേരിടേണ്ടിവന്ന എട്ട് സംഭവങ്ങളാണ് വിവരിക്കുന്നത്.
ശ്വാസം പരിശോധിക്കാനെന്ന വ്യാജേന നെഞ്ചിലും വയറിലും തൊടുക, വ്യായാമത്തിനിടെ മോശമായി തൊടുക, ഓഫിസിനുള്ളിൽ വെച്ചുപോലും മോശം പെരുമാറ്റം തുടങ്ങി ബ്രിജ്ഭൂഷന്റെ ക്രൂരതകൾ പരാതിയിൽ വിവരിക്കുന്നു. ഗുസ്തി ഫെഡറേഷന്റെ മുഴുവൻ അധികാരവും പിന്തുണയും ബ്രിജ് ഭൂഷനുള്ളതിനാൽ ഇത്രയും കാലം ശബ്ദമുയർത്താൻ പോലും സാധിക്കാത്ത സാഹചര്യത്തിലായിരുന്നു വനിതാ താരങ്ങൾ.
റസ്റ്ററന്റിൽ വെച്ചുണ്ടായ മോശം അനുഭവം ഒരു പരാതിയിൽ പറയുന്നു. 2016ലായിരുന്നു ഇത്. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട ബ്രിജ് ഭൂഷൻ മാറിടത്തിലും വയറിലും മോശമായി തൊട്ടു. ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദത്തിലായി താരം. ഉറക്കവും വിശപ്പും ഇല്ലാതായി. 2019ൽ ഒരു ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടെ വീണ്ടും ഇതേ രീതിയിൽ ശരീരത്തിൽ തൊട്ടെന്ന് ഇവർ പറയുന്നു.
ന്യൂഡൽഹി അശോക റോഡിലെ ഗുസ്തി ഫെഡറേഷൻ ഓഫിസിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ച സംഭവവുമുണ്ടായി. രണ്ടാംതവണയും ഇങ്ങനെ സംഭവിച്ചു. 2018ൽ ടൂർണമെന്റിനിടെ മോശമായ രീതിയിൽ കെട്ടിപ്പിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ തൊടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ താൻ കുതറിമാറുകയായിരുന്നെന്ന് വനിതാ താരം പരാതിയിൽ പറയുന്നു. രണ്ടാമത്തെ വനിതാ താരത്തിന്റെ പരാതിയിലും ഒന്നിലേറെ അതിക്രമങ്ങൾ വിവരിക്കുന്നു. 2018ൽ പരിശീലനത്തിനിടെ ബ്രിജ് ഭൂഷൻ അടുത്തെത്തി ശ്വാസം പരിശോധിക്കാനെന്ന വ്യാജേന മാറിലും വയറിലും മോശമായി തൊട്ടു. ഇത് വലിയ മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
ബ്രിജ് ഭൂഷനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന സമരം തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ പരാതി നൽകിയിട്ടും ബ്രിജ് ഭൂഷനെതിരെ നടപടിയല്ലാത്ത സാഹചര്യത്തിലാണ് താരങ്ങളുടെ സമരം. ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്റങ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെ താരങ്ങൾ സമരപ്പന്തലിലുണ്ട്.
ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകുമെന്ന് മുൻ അമച്വർ ഗുസ്ത്രി താരവും ദ്രോണാചാര്യ അവാർഡ് ജേതാവും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഗുസ്തി താരങ്ങളും പത്മശ്രീ ഉൾപ്പെടെയുള്ള അവാർഡുകളും മെഡലുകളും സർക്കാരിന് തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഹരിയാനയിലെ നിരവധി ഖാപ്പ് പഞ്ചായത്തുകളും സമരം നടത്തുന്ന കായികതാരങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ബിജെപി എംപിയായ ഗുണ്ടാ നേതാവ്, ആരാൺ ബ്രിജ്ഭൂഷൺ?
ഗുണ്ടായിസം കൊണ്ടു വളർന്ന ഗ്യാങുകൾ ഉത്തർപ്രദേശിൽ ധാരാളമുണ്ട്. ഈ ഗ്യാങുകളിലെ പ്രധാന നേതാക്കളിൽ ഒരാളാണ് ബ്രിജ്ഭൂഷൺ. താൻ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് പരസ്യമായി വിളിച്ചു പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. മാഫിയ കിങ് എന്നാണ് ഈ ബിജെപി എംപി അറിയപ്പെടുന്നത്. ക്ഷേത്രക്കുളങ്ങളിൽ നേർച്ചയിടുന്ന നാണയങ്ങൾ മുങ്ങിയെടുത്തു തുടങ്ങിയ ജീവിതം പിന്നീട് കൊക്കിൽ ഒതുങ്ങാത്തതും കൊത്തി തുടങ്ങി. ബൈക്ക് മോഷണവും മദ്യവ്യാപാരവും തൊഴിലാക്കി വ്യക്തി ശക്തിശാലിയായി മാറി. ഏഴ് വനിതാ ഗുസ്തി താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവും ലൈംഗികാരോപണ പരാതി ഉന്നയിച്ചിട്ടും കനത്ത പ്രതിഷേധച്ചൂടിലും ബ്രിജ്ഭൂഷൺ സിങ് ഒരു കൂസലുമില്ലാതെ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി ബ്രിജ്ഭൂഷണുണ്ട്. സകലതും പയറ്റിത്തെളിഞ്ഞ ബ്രിജഭൂഷണ് ഇതൊന്നും പുത്തരിയല്ല.
ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്നാണ് മുഴുവൻ പേര്. 1957 ജനുവരി എട്ടിന് ജഗദംബ ശരൺ സിങ്ങിന്റെയും ശ്രീമതിയുടെയും മകനായി ജനനം. ഫൈസാബാദിലെ ഡോ. അർ.എംഎൽ അവധ് അംബേദ്കർ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം. 1980കളുടെ അവസാനത്തിൽ രാമജന്മഭൂമി പ്രസ്ഥാനം വഴിയാണ് ബ്രിജ് ഭൂഷണിന്റെ രാഷ്ട്രീയ അരങ്ങേറ്റം. ഇതിന്റെ തുടർച്ചയായിട്ടാണ് 1990 കളുടെ അവസാനം ബ്രിജ്ഭൂഷൺ സിങ് ബിജെപിയിൽ ചേരുന്നത്. 1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയം.
ആറുതവണ അയാൾ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ ബ്രിജ് ഭൂഷൺ ജയിലിലായിരുന്നപ്പോൾ പകരം ഭാര്യ കേതകി ദേവി സിങാണ് മത്സരിച്ചതും വിജയിച്ചതും. തുടർന്ന് 1999ൽ ഇതേ മണ്ഡലത്തിൽ നിന്ന് പതിമൂന്നാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1999 വർഷങ്ങളിൽ ഗോണ്ട ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച അദ്ദേഹത്തെ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ബൽറാംപൂരിലേക്ക് മാറ്റി. പകരം ഗോണ്ടയിൽ ഖൻശ്യാം ശുക്ലക്ക് സീറ്റ് നൽകുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ദിവസം ശുക്ല കൊല്ലപ്പെട്ടു. ബൽറാംപൂർ മണ്ഡലത്തിൽ നിന്ന് ബ്രിജ്ഭൂഷൺ വിജയിച്ച് വീണ്ടും എംപിയായെങ്കിലും ശുക്ലയുടെ മരണം കൊലപാതകമാണെന്ന ചർച്ച ഉയർന്നു.
2008 ജൂലൈയിൽ നിർണായകമായൊരു അവിശ്വാസപ്രമേയത്തിൽ യു.പി.എക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ബിജെപി ബ്രിജ് ഭൂഷൺ സിങിനെ പുറത്താക്കിയിരുന്നു. എന്നാൽ സമാജ് വാദി പാർട്ടി അദ്ദേഹത്തിന് സീറ്റ് നൽകി. അങ്ങനെ 2009ൽ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്ന് ബ്രിജ് ഭൂഷൺ സിങ് വീണ്ടും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അയാൾ വീണ്ടും ബിജെപിയിലേക്ക് തന്നെ തിരിച്ചുപോയി 2014-ൽ വീണ്ടും ബിജെപിയിൽ ചേർന്ന അദ്ദേഹം 2014-ലും 2019-ലും കൈസർഗഞ്ചിൽ വിജയം ആവർത്തിച്ചു. 1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് അയാൾ തിരിഞ്ഞുനോക്കിയിട്ടില്ല. ആറുതവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.
കൊലപാതകം, കൊലപാതക ശ്രമം, പീഡനശ്രമം, ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് എന്നിങ്ങനെ 38 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബ്രിജ് ഭൂഷൺ. ഈ കേസുകളാകട്ടെ അയോധ്യാ, ഫൈസാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ്. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ എൽ.കെ അധ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിങ് തുടങ്ങിയവരോടൊപ്പം പ്രതിപ്പട്ടികയിൽ പ്രധാന പ്രതികളിലൊരാളായി ബ്രിജ് ഭൂഷണും ഉണ്ടായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത ഇയാൾക്ക് സുപ്രിം കോടതി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. 1990ൽ ഗുണ്ടാതലവൻ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയതിനും ബ്രിജ് ഭൂഷൺ അറസ്റ്റിലായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ തടയൽ നിമയപ്രകാരം അദ്ദേഹം തിഹാർ ജയിലിൽ അടക്കപ്പെട്ടു. എ്‌നാൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.
സുഹൃത്തും സമാജ്വാദി പാർട്ടി നേതാവും മന്ത്രിയുമായിരുന്ന വിനോദ് കെ സിങ് എന്ന പണ്ഡിറ്റ്സിങ്ങിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്ന പരാതിയിൽ 1993ൽ ബ്രിജ് ഭൂഷണിനെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2011 മുതൽ പത്തുവർഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷൻ അടക്കി ഭരിക്കുന്ന ബ്രിജ്ഭൂഷൺ ബിജെപിയുടെ തുറുപ്പു ചീട്ട് കൂടിയാണ്. ബഹ്‌റൈഖ്, ഗോണ്ട, ബൽറാംപൂർ, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി 50-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബ്രിജ് ഭൂഷൺ നടത്തുന്നത്. ഇതാണ് ഗോണ്ട മേഖലയിൽ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ അടിസ്ഥാനവും. ഗുസ്തിക്കായി എത്തുന്നവർ ശക്തരായ ആൺകുട്ടികളും പെൺകുട്ടികളുമാണ്.
2023 ജനുവരിയിലാണ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉയർത്തി വനിതാ താരങ്ങൾ രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷൻ മാനസികമായി പീഡിപ്പിക്കുന്നു എന്നും ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നുമായിരുന്നു പരാതികൾ. ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് പരാതി നൽകിയത്. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ തുടങ്ങി മുപ്പതോളം ഗുസ്തി താരങ്ങൾ അന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചു. വർഷങ്ങളായി ഇയാൾ പീഡനം തുടരുന്നുണ്ടെന്നും ഇങ്ങനെയൊരാൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും താരങ്ങൾ അന്ന് പറഞ്ഞിരുന്നു.
പിന്നീട് ജനുവരി 20ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താരങ്ങൾ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ വാക്ക് പാലിക്കാൻ കേന്ദ്രം തയ്യാറാവാത്തതിനെ തുടർന്നാണ് താരങ്ങൾ വീണ്ടും ജന്തർമന്ദറിൽ സമരം തുടങ്ങിയത്.
മറുനാടന് ഡെസ്ക്