ലണ്ടന്‍: ബ്രിട്ടനില്‍ പള്ളികള്‍ അടച്ചു പൂട്ടുന്നു എന്നത് കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒരു പ്രസ്താവനയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ബ്രിട്ടനില്‍ അടച്ചു പൂട്ടിയത് 3500 പള്ളികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരുകാലത്ത്, ബ്രിട്ടീഷ് സമൂഹത്തില്‍ അതിപ്രാധാന്യം ലഭിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു അവ. മനോഹരമായ ശില്പകലാ ചാതുരികൊണ്ട് ഏല്ലാ മതവിഭാഗത്തില്‍ പെടുന്നവരുടെയും ശ്രദ്ധയാകര്‍ഷിക്കാനും അവയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ന് ബ്രിട്ടീഷ് ചരിത്രത്തിലെ സുവര്‍ണ്ണ സ്മരണകള്‍ മാത്രമായി അവ മാറിക്കഴിഞ്ഞു.

പള്ളികളിലെത്തുന്ന വിശ്വാസികളുടെ എണ്ണം കഴിഞ്ഞ ഒന്ന് രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞതോടെ, പള്ളി കെട്ടിടങ്ങള്‍ പരിപാലിക്കാന്‍ ആവശ്യമായ തുക കണ്ടെത്തുക ഏറെ ക്ലേശകരമായി. ഭൂതകാല പ്രൗഢി വിളിച്ചോതുന്ന ഇത്തരം കെട്ടിടങ്ങളില്‍ പലതും ഇപ്പോള്‍ ഉപയോഗിക്കാതെ അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. ബ്രിട്ടനെ ഇപ്പോഴും ഒരു ക്രിസ്ത്യന്‍ രാജ്യമായി കണക്കാക്കുന്നവര്‍ക്ക് ഹൃദയഭേദകമാണ് ഈ കാഴ്ചയെങ്കിലും, ഇത്തരം പള്ളി കെട്ടിടങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും കൈവരാന്‍ തുടങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം.




മറ്റ് പല കാര്യങ്ങള്‍ക്കുമായി ഈ ഭൂതകാല ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തുകയാണിപ്പോള്‍. ചിലയിടങ്ങളില്‍ അവ വീടുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍, മറ്റിടങ്ങളില്‍ കമ്മ്യൂണിറ്റി സെന്ററുകളായും, ലൈബ്രറികളായും, മ്യൂസിയങ്ങളായും, ആര്‍ട്ട് സെന്ററുകളായും തീയറ്ററുകളായും, ഓഫീസുകളായും എന്തിനധികം, പബ്ബുകളായും നൈറ്റ് ക്ലബ്ബുകളായുമൊക്കെ രൂപം മാറുന്നുണ്ട്. ബ്രിട്ടന്റെ നിലവിലെ മതവ്യാപനത്തിന്റെ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ പല ചര്‍ച്ചുകള്‍ മോസ്‌കുകളായും മാറുന്നുണ്ട്.

ക്രിസ്തുമതം ദുര്‍ബലമാവുകയും ഇസ്ലാം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയായാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കീഴില്‍ 16,000 പള്ളികളാണ് ഉള്ളത് എന്നാല്‍ അതില്‍ 12,500 എണ്ണം ഇപ്പോള്‍ ഏതാണ്ട് പ്രവര്‍ത്തന രഹിതമാണ്. രാജ്യത്തെ മൊത്ത ഗ്രേഡ് വണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങളുടെ പകുതിയോളം വരും ഇത്. 3000 മുതല്‍ 5000 വരെ പാരിഷ് പള്ളികള്‍ ഇതിനോടകം തന്നെ അടച്ചു പൂട്ടുകയോ റെസിഡന്റ് വികാരി ഇല്ലാത്ത അവസ്ഥയിലാവുകയോ ചെയ്തിട്ടുണ്ട്.