- Home
- /
- News
- /
- SPECIAL REPORT
മുണ്ടക്കൈയിലെ സങ്കട കാഴ്ചകള്‍ കണ്ട് കരഞ്ഞ് മറുനാടന് ഷാജനും; അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ ആകാശത്ത് നിന്ന് ചാടും; ഇതുവരെ ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് നാലര ലക്ഷം രൂപ; ഷാജനും 28 പേരും ലക്ഷ്യമിടുന്നത് ഒരു കോടി രൂപ!
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍. ഈ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ആ ജനതയ്ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും പകച്ചുപോയ ദുരന്തമായിരുന്നു ഇത്. എന്നും മാനവികതകള്‍ക്ക് ഒപ്പം നിന്ന മറുനാടന്‍ മലയാളിയും മുണ്ടക്കൈയില്‍ ദുരന്തമുഖത്ത് സഹായവുമായി എത്തിയിരുന്നു. ദുരിതബാധിതര്‍ക്കുള്ള ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം രൂപ മുസ്ലീംലീഗിന് നല്‍കിയതിന് പിന്നാലെ മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ദുരിതബാധിത മേഖല നേരിട്ടു സന്ദര്‍ശിക്കുകയും ചെയ്തു.
രണ്ടു നാള്‍ അവിടെ തങ്ങി ഹൃദയഭേദക കാഴ്ചകള്‍ കണ്ടപ്പോള്‍ കണ്ണിലുടക്കിയ ദൈന്യതയുടെ ചിത്രങ്ങള്‍ ഒരിക്കലും മറന്നു പോകില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൂരല്‍മലയില്‍ കണ്ടുമുട്ടിയ സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ വിവര ശേഖരത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ മുപ്പതിലേറെ കുഞ്ഞുങ്ങള്‍ക്ക് ഇനി ആരുണ്ട് എന്ന ചോദ്യവുമായാണ് ഷാജന്‍ യുകെയിലേക്ക് വിമാനം കയറുന്നത്.ആ ചോദ്യം ഇന്നും അവിടെ അവശേഷിക്കുകയാണ്. ദുരന്ത ശേഷം ഒട്ടേറെ സഹായ വാഗ്ദാനങ്ങള്‍ എത്തിയെങ്കിലും ഇപ്പോഴും ദുരന്ത ബാധിതര്‍ക്ക് ആകെ കിട്ടിയധനസഹായം സര്‍ക്കാരിന്റെ പതിനായിരം രൂപയും മുസ്ലിം ലീഗ് നല്‍കിയ 15000 രൂപയും ആണെന്ന് പറയപ്പെടുന്നു.
മറുനാടന്‍ ഷാജന്റെ സ്‌കൈഡൈവിങ് ഉദ്യമത്തില്‍ പങ്കാളിയാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ദുരന്തം പിന്നിട്ട ഒരു മാസം കഴിയുമ്പോള്‍ പതുകെ എല്ലാവരും പിന്‍വാങ്ങുന്ന കാഴ്ചയാണ് വയനാട് കാണുന്നത്. സ്‌കൂളുകള്‍ തുറന്ന് ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് കുഞ്ഞുങ്ങള്‍. എങ്കിലും അവര്‍ക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. ഇവരെ സഹായിക്കാന്‍ വേണ്ടി ഒരു പദ്ധതിയും മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരു ശ്രമത്തിന് തുടക്കിടുകയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്‌കൈ ഡൈവിങ് വഴി പണം സമാഹരിച്ച് അത് മാതാപിതാക്കള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്.
ഇതിനോടകം പലര്‍ക്കായി 10 കോടിയോളം സഹായം ചെയ്ത പ്രസ്ഥാനമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. ചിലവിന് പോലും നയാപൈസ എടുക്കാതെയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ കൈമാറുന്നത്. എന്നാല്‍, വിദേശഫണ്ട് വ്യക്തികള്‍ക്ക് നേരിട്ടു നല്‍കുന്നതിന് പരിമിതികള്‍ ഉള്ളതിനാല്‍ വിദേശഫൗണ്ട് സ്വീകരിക്കാന്‍ അനുമതിയുള്ള തിരുവനന്തപുരം പൂവാറിലെ ശാന്തിഗ്രാം കേരള എന്ന പ്രസ്ഥാനം വഴിയാണ് ഇക്കുറി സഹായം എത്തിക്കാന്‍ ശ്രമിക്കുന്നത്. ഗാന്ധിയനായ പങ്കജാക്ഷന്‍ എന്നയാള്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനാണ് ശാന്തിഗ്രാം. ഇവരുടെ സഹായത്തോടെ മുണ്ടക്കൈയിലെ ദുരിതബാധിതരായ കുഞ്ഞുങ്ങള്‍ക്ക് സഹായം ഒരുക്കാനാണ് ശ്രമം.
മാതാപിതാക്കള്‍ നഷ്ടമായ കുരുന്നുകള്‍ക്കാണ് സഹായം എത്തിക്കുക. ഇതിനായി 50 ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ ബ്രിട്ടനില്‍ നിന്നും ശേഖരിച്ച് ആദ്യ ഘട്ടത്തില്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. മുന്‍കാലങ്ങളില്‍ നഴ്‌സിംഗ് സ്റ്റുഡന്‍സ് സ്‌കോളര്‍ഷിപ്പിന് വേണ്ടിയാണ് ഓണക്കാലത്ത് ഫണ്ട് സമാഹരണം നടത്താറുള്ളത്. ഇത് ഇക്കുറി മുണ്ടക്കൈയിലെ കുരുന്നകള്‍ക്ക് നല്‍കാനായി മാറ്റുകയാണ്. ഇങ്ങനെ പണം നല്‍കാന്‍ യുകെ മലയാളികള്‍ക്കാണ് സാധിക്കുക. ഇത് കൂടാതെ മറുനാടന്റെ മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമുള്ള വായനക്കാര്‍ക്ക് ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്കും നേരിട്ട് പണം നല്‍കാം. ഇങ്ങനെ പണം അയക്കുന്നവര്‍ മറുനാടന്‍ ഷാജനെന്നോ ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷനെന്നോ റെഫറന്‍സ് വെക്കുക. ഇതും മുണ്ടക്കൈയിലെ കുരുന്നുകള്‍ക്കായി എത്തിക്കും. തീര്‍ത്തും സുതാര്യമായാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുക. ഈ രണ്ട് സംവിധാനങ്ങളും വഴി ഒരു കോടിയെങ്കിലും സമാഹരിക്കാന്‍ സാധിക്കുമോ എന്നതാണ് ശ്രമം.
അഭയമറ്റ മക്കള്‍ക്ക് ആശ്വാസമാകാന്‍ ഷാജന്‍ സ്‌കറിയയുടെ ആകാശച്ചാട്ടം
മുണ്ടക്കൈയിലെ ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം യുകെയില്‍ എത്തിയ മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പറഞ്ഞത് അനുസരിച്ചാണ് ഇക്കുറി നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിന് പകരം ഇത്തവണ മാതാപിതാക്കലെ നഷ്ടമായ കുരുന്നുകളെ സഹായിക്കാമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തയ്യാറായത്. ഇതോടെ ദുരിതബാധിതരായവരുടെ കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം പകരാന്‍ വേണ്ടി സ്‌കൈ ഡൈവിങിന് തയ്യാറാകുകയാണ് ഷാജനും. ഷാജനൊപ്പം മറ്റ് 28 പേരും സ്‌കൈ ഡൈവിങിന് തയ്യാറാകും. ഈ പണം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്കാണ് ചാരിറ്റി പണം ലഭ്യമാക്കുക. ആരൊക്കെയാണ് ഫണ്ട് നല്‍കിയതെന്ന് വ്യക്തമാകും വിധത്തില്‍ തീര്‍ത്തും സുതാര്യമായാണ് ഫണ്ട് സമാഹരണം. യുകെയില്‍ ഉള്ളവര്‍ക്കാണ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് പണം നല്‍കാന്‍ കഴിയുക. സ്‌കൈ ഡൈവിങ് വഴി സമാഹരിക്കുന്ന ശാന്തിഗ്രാം ഈ പണം മുണ്ടക്കൈയിലെ ദുരിതബാധിതര്‍ക്കായി നല്‍കും.
ജീവിതത്തിലേക്ക് തിരികെ കയറാനുള്ള പ്രയത്ന്നത്തിലാണ് മുണ്ടക്കൈ ദുരന്തത്തെ അതിജീവിച്ചവര്‍. ഈ സാഹചര്യത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുഞ്ഞുങ്ങളുടെ കാര്യം എങ്കിലും പരിഗണിക്കാമോ എന്ന ഷാജന്റെ അഭ്യര്‍ത്ഥനയ്ക്ക് സ്‌കൈ ഡൈവിങ് നടത്തുന്ന ഭൂരിഭാഗവും ഇക്കാര്യത്തില്‍ സഹായിക്കേണ്ടതാണ് എന്ന അഭിപ്രായത്തില്‍ എത്തുക ആയിരുന്നു. തുടര്‍ന്നാണ് എങ്കില്‍ ഇത്തവണ താനും സ്‌കൈ ഡൈവിങ് നടത്തി കിട്ടുന്ന പണം ആരും ഇല്ലാതായിപോയ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നല്‍കാം എന്ന് തീരുമാനിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കാന്‍ ഷാജന്‍ യുകെയില്‍ എത്തുകയും എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അത്തവണ ചാടാനാകാതെ തിരികെ നാട്ടിലേക്ക് മടങ്ങുകയും ആയിരുന്നു. ഇത്തവണ കാലാവസ്ഥ അനുകൂലമായി നില്‍ക്കും എന്ന് തന്നെയാണ് പതിനായിരം അടിയിലേറെ ഉയരത്തില്‍ നിന്നുള്ള ചാട്ടത്തെ ഭയത്തോടെയാണ് കാണുന്നതെങ്കിലും ഷാജന്‍ കരുതുന്നത്.
ഭക്ഷണവും വസ്ത്രവും ഒക്കെ എവിടെ നിന്നും കിട്ടും എങ്കിലും നാളെ എന്തെന്ന ചോദ്യത്തില്‍ പലപ്പോഴും പകപ്പോടെ നില്ക്കാന്‍ മാത്രമാകും ഇത്തരം ദുരന്ത ബാധിതരുടെ നിയോഗം. ഈ സാഹചര്യത്തില്‍ യുകെയിലെയും മറ്റു വിദേശങ്ങളിലുമുള്ള മറുനാടന്‍ വായനക്കാരുടെ സഹായം തേടുകയാണ് ഷാജന്‍. ആരും ഇല്ലാതായിപോയ മക്കളുടെ വിദ്യാഭ്യാസം അടക്കം ഉള്ള കാര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരുന്നു. ഇത്തരം ഉറപ്പുകളാണ് ഷാജന്‍ ഉള്‍പ്പെടെയുള്ള സ്‌കൈ ഡൈവേഴ്സിന് ആകാശച്ചാട്ടത്തിനു ഒരുങ്ങുമ്പോള്‍ കൂടെയുള്ള ഏക ധൈര്യം.
സ്‌കൈ ഡൈവിങ് വഴിയുള്ള ധനസമാഹരണം തുടങ്ങിയപ്പോള്‍ ആദ്യദിനം ബ്രിട്ടീഷ് മലയാളി ചാറ്റി ഫൗണ്ടേഷനിലെ സ്‌കൈഡൈവിങിലേക്ക് 50 ലക്ഷത്തോളം രൂപയും ലഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും രണ്ട് അക്കൗണ്ടുകളിലേക്കും കൂടുതല്‍ തുക എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഒരു കോടിയോളം രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഷാജന്‍ സ്‌കറിയ സ്‌കൈ ഡൈവ് ചെയ്യുന്നതിനുള്ള സംഭാവനയായി ഇതിനോടകം നാലര ലക്ഷം രൂപ ലഭിച്ചു. ഇത് കൂടാതെ ശാന്തിഗ്രാമിന്റെ അക്കൗണ്ടില്‍ ഒന്നര ലക്ഷം രൂപയും സംഭാവനയായി ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിന് നോട്ടിംഗ്ഹാമിലെ ആകാശ മധ്യത്തിലാണ് ബിഎംസിഎഫ് ചാരിറ്റി സ്‌കൈ ഡൈവിങ് നടക്കുക. കോവിഡിന് ശേഷമുള്ള യുകെ മലയാളികളുടെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥവത്തായ ഒരു ദിവസമാകും അന്ന്. ഒരു പക്ഷെ കോവിഡ് നമ്മളെയൊക്കെ ബാക്കി വച്ച് അനേക ലക്ഷങ്ങളെ തട്ടി എടുത്തതും ഇത്തരം നന്മകള്‍ ഭൂമിയില്‍ ബാക്കിയുണ്ടാകണം എന്ന ലക്ഷ്യത്തിനു വേണ്ടിയാകാം. മുന്‍പ് മൂന്നു തവണ സ്‌കൈ ഡൈവിംഗും ഒരിക്കല്‍ ത്രീ പീക് ചലഞ്ചും നടത്തിയിട്ടുണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോഴും കോവിഡില്‍ തരിച്ചു നിന്നപ്പോഴും ഒരു കോടിയിലേറെ രൂപയുടെ സഹായവുമായാണ് ഓടിയെത്തിയത്.
ഇത്തരത്തില്‍ ഉള്ള അപ്പീലുകളില്‍ പതിനായിരക്കണക്കിന് പൗണ്ട് സ്വരൂപിക്കാനാകും എന്നതിനാല്‍ ഏറ്റവും കൂടുതല്‍ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വഴി നടത്തുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കി ഒരു വീട് വയ്ക്കുമ്പോള്‍ അത് ഒരാള്‍ക്കോ ഒരു കുടുംബത്തിനോ മാത്രമാണ് പ്രയോജനകരമായി മാറുന്നത് എന്ന ചിന്തയിലാണ് നല്‍കുന്ന പണം ചെറുതായാല്‍ പോലും അത് ഒരാളുടെ ജീവിതം മാറ്റിമറിയ്ക്കാനുള്ള തുകയായി മാറുമെങ്കില്‍ അതാകും കൂടുതല്‍ പ്രയോജനപ്പെടുക എന്ന ഉറച്ച തീരുമാനമാണ് കാലങ്ങളായി ബിഎംസിഎഫ് നടപ്പിലാക്കുന്നത്.
സ്‌കൈ ഡൈവിങ് എങ്ങനെ?
ഷാജന്‍ സ്‌കറയയെ കൂടാതെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 28 പേരാണ് സ്‌കൈ ഡൈവിങില്‍ പങ്കെടുക്കുക. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഒരുക്കുന്ന ആകാശചാട്ടം വഴി ശേഖരിക്കുന്ന പണം മുണ്ടക്കൈയിലെ സഹായധനമായി മാറും. സ്‌കൈ ഡൈവിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം അര മണിക്കൂര്‍ നീളുന്ന ട്രെയിനിങ് സെക്ഷന്‍ ഉണ്ടായിരിക്കും. ഷാജന്‍ സ്‌കറിയ ആകാശചാട്ടം നടത്തുമ്പോള്‍ അതിന് യുകെയിലുള്ള ആര്‍ക്കും ചാരിറ്റിയിലേക്ക് പണം സംഭാവന ചെയ്യാം. ഈ തുക ദുരിതബാധിതരിലേക്ക് എത്തും. ഇങ്ങനെ 19 പേരും ആകാശച്ചാട്ടം നടത്തുമ്പോള്‍ അവരെലെല്ലാം സമാഹരിക്കുന്ന പണം ചാരിറ്റിയിലേക്ക് നല്‍കും.
എയര്‍ ക്രാഫ്റ്റില്‍ 20 മിനിറ്റ് യാത്രക്ക് ശേഷം 13,500 അടി ഉയരത്തില്‍ എത്തുമ്പോള്‍ ആണ് പരിചയ സമ്പന്നനായ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം ആകാശച്ചാട്ടം നടത്തുക. ആദ്യ ഘട്ടത്തില്‍ 120 എംപിഎച്ച് വേഗത്തില്‍ ആവും താഴേക്ക് പോവുക. 5000 അടി ഉയരത്തില്‍ എത്തിയ ശേഷം പാരചൂട്ട് തുറക്കുന്നതോടെ താഴേക്കുള്ള യാത്രയുടെ സ്പീഡ് കുറയുകയും പതിയെ ലാന്‍ഡ് ചെയ്യുകയും ചെയ്യും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന നാലാമത് സ്‌കൈ ഡൈവിംഗ് ആണ് എട്ടാംതീയതി നോട്ടിങ്ങ്ഹാം ലാംഗര്‍ എയര്‍ ഫീല്‍ഡില്‍ നടക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മുടങ്ങിയ സ്‌കൈ ഡൈവ് ആണ് ഇപ്പോള്‍ മടങ്ങിയെത്തിയിരിക്കുന്നത്.
ശാന്തിഗ്രാം അക്കൗണ്ടിലേക്ക് നേരിട്ടു സഹായം നല്‍കാന്‍ താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക.
Account Number: 32124821963
Branch: KANJIRAMKULAM
IFS Code: SBIN0010704
ശാന്ത്രിഗ്രാം അക്കൗണ്ടിലേയ്ക്ക് യുപിഐ വഴി പണം അയയ്ക്കുന്നതിനായി താഴെ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക
അക്കൗണ്ട് വഴി പണം അയ്ക്കുന്നവരുടെ ശ്രദ്ധയിലേയ്ക്കായി ശാന്തിഗ്രാം ഡയറക്ടര്‍ പങ്കജാക്ഷന്‍ നല്‍കുന്ന അറിയിപ്പ് ഇങ്ങനെയാണ്:-
ഞങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് സംഭാവനകള്‍ നല്‍കി വരുന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നതായി ശാന്തിഗ്രാം ഡയറക്ടര്‍ പങ്കജാക്ഷന്‍ അറിയിച്ചു. നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് നിയമാനുസൃതമുള്ള രസീത് നല്‍കേണ്ടതുണ്ട്. ശാന്തിഗ്രാം വഴി നല്‍കുന്ന ഇത്തരം സംഭാവനകള്‍ക്ക് ആദായനികുതി വകുപ്പിന്റെ 80 G നിയമപ്രകാരമുള്ള നികുതിയിളവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സംഭാവന നല്‍കുന്നവര്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് ബാങ്ക് വഴി പണം അയയ്ക്കുന്നത്. ഇക്കാരണത്താല്‍ പണം അയയ്ക്കുന്ന പലരുടേയും പേരുകള്‍ പോലും വ്യക്തമായി അറിയാന്‍ കഴിയുന്നില്ല.
വരവ്, ചെലവ് കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാകും വിധം 100% സുതാര്യമായിട്ടാണ് ഞങ്ങള്‍ ഈ ദൗത്യം നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സംഭാവന നല്‍കുന്നവര്‍ അവരുടെ പേര്, അഡ്രസ്, ഫോണ്‍ / വാട്‌സ് ആപ്പ് നമ്പര്‍, PAN നമ്പര്‍, ബാങ്ക് ട്രാന്‍സാഷന്‍ രേഖ/ സ്‌ക്രീന്‍ ഷോട്ട് എന്നിവ കൂടി അയച്ചു നല്‍കിയാല്‍ എല്ലാവര്‍ക്കും രസീത് അയച്ചു തരുവാന്‍ സാധിക്കും.
ഇമെയില്‍ ID: santhigramkerala@gmail.com, വാട്‌സ് ആപ്പ് നമ്പര്‍ : +91 9072302707, 8156980450.
ബ്രിട്ടീഷ് മലയാളിയുടെ ഉദയം കൊണ്ടിടം, മറുനാടനെയും നെഞ്ചോടു ചേര്‍ത്ത യു.കെ മലയാളികള്‍
ഷാജന്‍ സ്‌കറിയ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഉദയം കൊണ്ടതില്‍ നിര്‍ണായക പങ്ക് വഹിച്ചത് യുകെയിലെ മലയാളികളാണ്. മറുനാടന്റെ മാതൃസ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ഉദയം ഇവിടെ നിന്നുമായിരുന്നു. തുടര്‍ന്നാണ് മറുനാടന്‍ മലയാളിയെന്ന ആര്‍ക്കു മുന്നിലും മുട്ടുമടക്കാത്ത മാധ്യമസ്ഥാപനം പിറവി കൊണ്ടത്. ചെറുപ്പവും പഠന കാലവും ഒക്കെ ഒരു പോരാളിയെ രൂപപ്പെടുത്തുന്ന സാഹചര്യം ആയതിനാലായിരിക്കാം ഷാജന്‍ സ്‌കറിയ എന്ന മാധ്യമ പ്രവര്‍ത്തകനില്‍ തല കുനിക്കാത്ത വീറും വാശിയും ഇന്നും ഒരു കുറവും ഇല്ലാതെ നിലനില്‍ക്കുന്നത്.
കോളേജ് പഠന കാലത്തു യുവരക്തങ്ങളുടെ ആവേശമാകുന്ന എസ് എഫ് ഐ യുടെ മുന്‍ നിരയില്‍ നിന്ന ഷാജന്‍ പിന്നീട് ഡിഗ്രിയും മാധ്യമ പഠനവും പൂര്‍ത്തിയാകുമ്പോഴേക്കും മേധാ പദ്ക്കര്‍ ഉയര്‍ത്തിയ നര്‍മദാ ബചോവാന്‍ മുദ്രാവാക്യം ഏറ്റെടുക്കുന്ന പതിനായിരങ്ങളില്‍ ഒരാളായി മാറിക്കഴിഞ്ഞിരുന്നു. അവിടെ മുതല്‍ പാര്‍ശ്വവത്കൃത സമൂഹത്തിന്റെ വക്താവായി മാറിയിട്ടുള്ള അദ്ദേഹം ദീപികയിലും അന്യ ഭാഷ മാധ്യമങ്ങളിലും ജോലി ചെയ്ത ശേഷമാണു ബ്രിട്ടനില്‍ എത്തുന്നത്. അപ്പോഴേക്കും മാധ്യമ ലോകം ഇന്റര്‍നെറ്റിന്റെയും ഓണ്‍ലൈന്‍ വാര്‍ത്തകളുടെയും പിടിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
കമ്പനി ജോലികളില്‍ ദിവസം മുഴുവന്‍ പണിയെടുത്താണ് 2007 ല്‍ ഷാജന്‍ ബ്രിട്ടീഷ് മലയാളിക്ക് രൂപം നല്‍കുന്നത്. സ്ഥാപകനെന്ന ആലങ്കാരിക പദവി മാത്രമാണിപ്പോള്‍ കൈവശം . പിന്നീട് ആ വര്ഷം തന്നെ നാട്ടിലേക്ക് കളം മാറ്റിയ ഷാജന്‍ തൊട്ടടുത്ത വര്ഷം മറുനാടന്‍ മലയാളിക്കും തുടക്കമിട്ടു. ഇപ്പോള്‍ മറുനാടന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ഷാജന്‍ ഇതിനിടയില്‍ നിയമ ബിരുദമെടുത്തു. തുടര്‍ന്ന് ക്രിമിനോളജിയിലും സൈക്കോളജിയിലും ബിരുദാന്തര ബിരുദവും സ്വന്തമാക്കി. സ്വന്തം പത്രത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ ഒരു പറ്റം മാധ്യമ പ്രവര്‍ത്തകരെ കൂട്ടിനു കിട്ടിയതോടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായി.
ആരും കൈവയ്ക്കാത്ത വാര്‍ത്തകള്‍, വാസ്തവ ബോധ്യത്തോടെ നല്‍കി തുടങ്ങിയപ്പോള്‍ കേരളത്തില്‍ മാത്രമല്ല ലോകമെങ്ങും മറുനാടന് മലയാളികള്‍ ആരാധകരായി മാറി. ഇത്രയും ചുരുങ്ങിയ കാലത്തില്‍ ഇത്രയധികം ഉറപ്പുള്ള വായനക്കാരെ സ്വന്തമാക്കിയ മറ്റൊരു മാധ്യമം മലയാളത്തില്‍ ഉണ്ടാകില്ല. പ്രായവത്യാസം മറന്നും രാഷ്ട്രീയം മറന്നും ഒക്കെ ജനം മറുനാടന്‍ വായിക്കാനും മറുനാടന്‍ ചാനല്‍ ബുള്ളറ്റിന്‍ വാര്‍ത്തകള്‍ പിന്തുടരാന്‍ കാരണമായതും എതിര്‍ക്കേണ്ടവരെ എതിര്‍ത്ത് മുന്നോട്ടു പോകുന്ന ശൈലിയില്‍ ആകൃഷ്ടരായാണ്.
ലോക മാധ്യമ രംഗങ്ങളില്‍ മാത്രം കാണുന്ന ചൂടും ചൂരും വീറും ആവേശവും മാത്രമല്ല അധികാര കേന്ദ്രങ്ങളെ നേര്‍ക്ക് നേര്‍ നിന്നും വെല്ലുവിളിക്കാനുള്ള ധൈര്യത്തില്‍ വായനക്കാര്‍ സാംഷ്ടാംഗ പ്രണാമം നടത്തുക ആയിരുന്നു. ഒരു തലമുറയ്ക്ക് അന്യമായ വായനാസംസ്‌കാരം തിരിച്ചു പിടിക്കാന്‍ മറുനാടന് കഴിഞ്ഞു എന്നാണ് ഒരു സര്‍ക്കാര്‍ സംവിധാനം മുഴുവനായും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഭൂരിഭാഗവും ( മുഴുവനാളുകളല്ല) വേട്ടയാടാന്‍ മുന്നില്‍ നിന്നപ്പോഴും മറുനാടനും ഷാജനും പിടിച്ചു നിന്നതു സത്യത്തെയും നീതിയെയും കൈപിടിച്ച് മുന്നോട്ട് കൊണ്ട് പോയതുകൊണ്ടാണ്.
സാധാരണ ഇത്തരം കാര്യങ്ങള്‍ ഏവരും പറയുമെങ്കിലും നീതിക്കൊപ്പം നില്ക്കാന്‍ വ്യവസായ മുഖമുള്ള മാധ്യമങ്ങള്‍ക്ക് പലപ്പോഴും കഴിഞ്ഞെന്നു വരില്ല . കീഴടങ്ങേണ്ടിടത്തു വീണു കൊടുത്തു കൊണ്ട് തന്നെയാണ് ഇന്ന് മിക്ക മാധ്യമങ്ങളും മുന്നോട്ട് പോകുന്നതും. എന്നാല്‍ അവിടെയൊക്കെ അഴിമതിക്കും നെറികേടിനും എതിരെ തല ഉയര്‍ത്തി നിന്നാണ് മറുനാടന്‍ കത്തിക്കയറിയത്. രാഷ്ട്രീയത്തോടും സര്‍ക്കാരുകളോടും മാത്രമല്ല അനീതിയും ഗര്‍വും കാട്ടി സാധാരണക്കാരെ ചൂഷണം ചെയ്ത അനേകം വന്‍കിട സ്വകാര്യ സ്ഥാപനങ്ങളെയും ശത്രുക്കളാക്കിയാണ് മറുനാടന്‍ ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇപ്പോള്‍ മുണ്ടക്കൈയലെ ദുരിതബാധിതര്‍ക്കായും ഷാജന്‍ സ്‌കറിയ യുകെ മലയാളികള്‍ക്ക് മുന്നിലെത്തുകയാണ്. മുന്‍കാലങ്ങളില്‍ ഒപ്പം നിന്നു സഹായിച്ചതു പോലെ അപ്പനും അമ്മയും ഒലിച്ചു പോയ മക്കള്‍ക്ക് അഭയമാകാന്‍ വേണ്ടി..