- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കണക്ടിങ്ങ് ഇന്ത്യയല്ല.. കണക്ടിങ്ങ് ഭാരത്; നീലയും ചുവപ്പും നിറങ്ങള്‍ക്ക് പകരം ത്രിവര്‍ണ്ണവും ഇന്ത്യയുടെ ഭൂപടവും; അടിമുടി മാറ്റത്തിനൊരുങ്ങി ബിഎസ്എന്‍എല്‍; അവതരിപ്പിച്ചത് സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും; വേഗത കൂട്ടാന്‍ വല്ല വഴിയുമുണ്ടോയെന്ന് ഉപഭോക്താക്കളും
ഇനി കണക്ടിങ്ങ് ഇന്ത്യയല്ല.. കണക്ടിങ്ങ് ഭാരത്
ന്യൂഡല്‍ഹി: രൂപീകരണത്തിന് ശേഷം ആദ്യമായി ലോഗോയും ടാഗ് ലൈനും പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍.ലോഗോയുടെ നിറത്തില്‍ മാറ്റം വരുത്തിയപ്പോള്‍ ടാഗ് ലൈനിലും പരിഷ്‌കാരം ഉണ്ട്.രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ്
പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് പുതിയ മുഖം നല്‍കിയിരിക്കുന്നത്.കണക്ടിങ്ങ് ഇന്ത്യ എന്ന ടാഗ് ലൈനില്‍ ഇന്ത്യക്ക് പകരം ഭാരതമാക്കിയിട്ടുണ്ട്.ഇ മാറ്റം ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു.
ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലിംകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.ഇതിനൊപ്പം തന്നെ ഏഴ് പുതിയ സേവനങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.ഉപഭോക്താവിനെ അലേര്‍ട്ട് ചെയ്യാതെ തന്നെ ക്ഷുദ്രകരമായ എസ് എം എസ്,തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു പുതിയ സ്പാം ബ്ലോക്കിങ് സേവനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐ സ്പാം ഡിറ്റക്ഷന്‍ എന്ന പേരില്‍ നേരത്തെ എയര്‍ടെലും സമാനമായ സ്പാം ബ്ലോക്കിങ് സംവിധാനം അവതരിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക് ലോഗോ കളറിലും മാറ്റം
ഇന്ത്യ മാറ്റി ഭാരതമാക്കിയവയുടെ പട്ടികയിലേക്ക് ഒടുവില്‍ ബി.സ്.എന്‍.എലും എത്തിയിരിക്കുകയാണ്.ബി.എസ്.എന്‍.എല്ലിന്റെ പുതിയ ലോഗോയില്‍ ഇന്ത്യ മാറ്റി ഭാരതമാക്കി.പഴയ ലോഗോയിലെ കണക്ടിങ് ഇന്ത്യ എന്നുള്ളതാണ് കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയത്.
സുരക്ഷിതം, താങ്ങാവുന്നത്, വിശ്വസനീയം എന്നീ വാക്കുകളും ചേര്‍ത്തു.ഈ മാറ്റം ഇതിനോടകം ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ലോഗോയിലെ നിറങ്ങള്‍ക്കുമുണ്ട് മാറ്റം.പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോഗോയിലെ ഗോളത്തിന്റെ ചാരനിറം കാവിയായപ്പോള്‍ ചുറ്റുന്ന വളയങ്ങളുടെ നിറമാണ് മാറി വെള്ളയും പച്ചയുമായത്.ഗോളത്തിന് നടുവിലായാണ് ഭാരതത്തിന്റെ ഭൂപടവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തെയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍. വ്യക്തമാക്കി.നേരത്തെ ദൂരദര്‍ശന്‍ ലോഗോ ചുവപ്പില്‍ നിന്ന് കാവിനിറത്തിലാക്കിയതും കൂടാതെ ജി20 ക്ഷണക്കത്തില്‍ ഇന്ത്യ വെട്ടി ഭാരതമാക്കിയതും വിവാദമായിരുന്നു.
ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കുകയായിരുന്നു.നിറത്തില്‍ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തുമെന്നുമാണ് അന്ന് ദൂരദര്‍ശന്‍ പ്രതികരിച്ചത്.എന്നാല്‍ നിറം മാറ്റത്തിനെതിരെ വിവിധ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. സമ്പൂര്‍ണ്ണ കാവി വല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് നിറം മാറ്റം എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.
അവതരിപ്പിച്ച ഏഴ് പുതിയ സേവനങ്ങള്‍
പുതിയ ലോഗോ പ്രകാശനത്തിനൊപ്പമാണ് പുതിയ ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചത്.പുതിയ സ്പാം ബ്ലോക്കിങ് സേവനത്തിനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.വൈഫൈ റോമിങ് സര്‍വീസ്,ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി,സിം എടിഎം,ഡി2ഡി സര്‍വീസ്,ദുരന്തമേഖലയിലെ സേവനം,സി-ഡാകുമായുള്ള പങ്കാളിത്തം എന്നിവയാണ് പുതിയ സേവനങ്ങള്‍.ഒരോ സേവനങ്ങളെയും വിശദമായി പരിചയപ്പെടാം.
വൈഫൈ റോമിങ് സര്‍വീസ്
ഫൈബര്‍-ടു-ദി-ഹോം ഉപഭോക്താക്കള്‍ക്കായി ഒരു വൈ ഫൈ റോമിങ് സേവനം അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ ഹോട്ട്സ്പോട്ടുകളില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് ഇതിലൂടെ ആക്സസ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഇത് ഡാറ്റാ ചെലവ് കുറയ്ക്കുന്നു.
ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി
500-ലധികം തത്സമയ ചാനലുകളും പേ ടിവി സൗകര്യവും വാഗ്ദാനം ചെയ്യുന്ന ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സേവനമാണിത്. എഫ്ടിടിഎച്ച്ഉപഭോക്താക്കള്‍ക്ക് അധികപണം നല്‍കാതെ തന്നെ ഈ സേവനം ലഭിക്കും. ടിവി സ്ട്രീമിംഗിനായി ഉപയോഗിക്കുന്ന ഡാറ്റ ഉപയോക്താക്കളുടെ എഫ്ടിടിഎച്ച്ഡാറ്റ അലവന്‍സായി കണക്കാക്കില്ല.
സിം എടിഎം
ഓട്ടോമാറ്റെഡ് സിം കിയോസ്‌കുകള്‍ (എടിഎം) വഴി ഉപഭോക്താക്കള്‍ക്ക് പുതിയ കണക്ഷനുകള്‍ നേടുന്നതും അപ്ഗ്രേഡ് ചെയ്യുന്നതും എളുപ്പമാക്കും. ക്യുആര്‍ പ്രാപ്തമാക്കിയ യുപിഐ പേയ്മെന്റുകളും വിവിധ ഭാഷകളിലുള്ള സേവനങ്ങളോടെ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ സിം കാര്‍ഡുകള്‍ വാങ്ങാനോ മാറ്റിസ്ഥാപിക്കാനോ അപ്ഗ്രേഡ് ചെയ്യാനോ പോര്‍ട്ട് ചെയ്യാനോ ഇത് ഉപയോക്താക്കളെ അനുവദിക്കും.
ഡി2ഡി സര്‍വീസ്
മൊബൈള്‍ ടവര്‍ വഴിയടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ തടസ്സപ്പെടുമ്പോള്‍ സാറ്റലൈറ്റ് വഴി സുഗമമായി മൊബൈല്‍ ഫോണുകളും സേവനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
ദുരന്തമേഖലയിലെ സേവനം
ദുരന്തബാധിത പ്രദേശങ്ങളില്‍ കവറേജ് വര്‍ധിപ്പിക്കുന്നതിന് ബലൂണ്‍ അധിഷ്ഠിതവും ഡ്രോണ്‍ അധിഷ്ഠിത സംവിധാനങ്ങളും ഈ സേവനം പ്രയോജനപ്പെടുത്തുമെന്ന് പറയുന്നു.
സി-ഡാകുമായുള്ള പങ്കാളിത്തം
ഒരു സ്വകാര്യ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുന്നതിനായി ടെലികോം ദാതാവ് സി-ഡാക്കുമായുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചു. ഖനന സേവനങ്ങള്‍ക്കായാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്.
വേഗത പോരെന്ന് ഉപഭോക്താക്കള്‍..കമ്പനി ലക്ഷ്യമിടുന്ന പരിഹാരങ്ങളും
പരിഷാകരങ്ങള്‍ക്കൊപ്പം തന്നെ ഉപഭോക്താക്കള്‍ ചര്‍ച്ചയാക്കുന്നത് ബിഎസ്എന്‍എല്ലിന്റെ വേഗതക്കുറവാണ്.വേഗത വര്‍ധിപ്പിക്കാന്‍ വല്ല പരിഷാകരവും ഉണ്ടാകുമോ എന്നാണ് പലരും ചോദിക്കുന്നത്.ഒപ്പം നിലവിലെ പോരായ്മയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.വേഗത പ്രശ്നം പരിഹരിക്കാതെ എന്ത് പരിഷ്‌കാരം നടത്തിയാലും പ്രതീക്ഷിച്ച മെച്ചമുണ്ടാകില്ലെന്നാണ് നിലവിലെ ഉപഭോക്താക്കള്‍ അഭിപ്രായപ്പെടുന്നത്.
നിലവിലുള്ള 4ജി സൈറ്റുകള്‍ 5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും
2025 മാര്‍ച്ചില്‍ രാജ്യവ്യാപകമായി 4ജി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ഇതിനു ശേഷം 6 മുതല്‍ 8 മാസങ്ങള്‍ക്കുള്ളില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി. 2025 അവസാനത്തോടെ 25 ശതമാനം മൊബൈല്‍ വരിക്കാരുടെ വിപണി വിഹിതം സ്വന്തമാക്കുക എന്ന കര്‍മ പരിപാടിയുമായാണ് ബിഎസ്എന്‍എല്‍ മുന്നോട്ടു പോകുന്നത്.
കാര്‍ഡ് റീപ്ലേസ്‌മെന്റുകളിലൂടെയും സോഫ്‌റ്റ്വെയര്‍ അപ്‌ഗ്രേഡുകളിലൂടെയും നിലവിലുള്ള 4ജി സൈറ്റുകള്‍ 5ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ബി.എസ്.എന്‍.എല്ലിന്റെ നിലവിലെ 4ജി സാങ്കേതികവിദ്യ, അതിന്റെ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തുന്നതും 5ജി നെറ്റ്വര്‍ക്കിനെ പിന്തുണയ്ക്കുന്നതുമാണ്. കമ്പനിയുടെ ക്ലൗഡ് അധിഷ്ഠിത ആര്‍ക്കിടെക്ചര്‍ വിവിധ ഹാര്‍ഡ്വെയര്‍ കോണ്‍ഫിഗറേഷനുകളുമായി പൊരുത്തപ്പെടുന്നതാണ്. ഇത് 5ജി യിലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നു.
2025 മാര്‍ച്ചോടെ ഒരു ലക്ഷത്തിലധികം ടവറുകള്‍
2024 ഒക്ടോബര്‍ അവസാനത്തോടെ 4ജി ടവറുകളുടെ എണ്ണം 80,000 ആയി ഉയര്‍ത്താനും 2025 മാര്‍ച്ചോടെ 21,000 ടവറുകള്‍ അധികമായി വിന്യസിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), തേജസ് നെറ്റ്വര്‍ക്ക്സ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഐ.ടി.ഐ എന്നിവയ്ക്ക് 19,000 കോടി രൂപയുടെ കരാറുകള്‍ ബിഎസ്എന്‍എല്‍ നല്‍കിയിട്ടുണ്ട്. ഈ കരാറുകള്‍ കമ്പനിയുടെ 4ജി നെറ്റ്വര്‍ക്കിന്റെ വിന്യാസം സുഗമമാക്കും. തുടര്‍ന്ന് ഇത് 5ജി ലേക്ക് തടസ്സങ്ങളില്ലാതെ അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.
4ജി, 5ജി അനുയോജ്യമായ ഓവര്‍-ദി-എയര്‍ യൂണിവേഴ്സല്‍ സിം പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ഓഗസ്റ്റ് 10 നാണ് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചത്. ഈ പുതിയ സേവനം ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പറുകള്‍ തിരഞ്ഞെടുക്കാനും ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളില്ലാതെ സിം കാര്‍ഡുകള്‍ മാറ്റിസ്ഥാപിക്കാനും സൗകര്യം നല്‍കുന്നതാണ്.സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് താരതമ്യേന കുറഞ്ഞ നിരക്കുളള ബിഎസ്എന്‍എല്ലിലേക്ക് ഒട്ടേറെ ആളുകളാണ് പോര്‍ട്ട് ചെയ്തത്. നഷ്ടത്തിലായ സ്ഥാപനത്തെ തിരിച്ചുപിടിക്കാനായി മൂന്ന് പുനരുജ്ജീവന പാക്കേജുകളിലായി 3.2 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അനുവദിച്ചിട്ടുളളത്.