ചെന്നൈ: കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണുന്നതിനായി വീടുവിട്ടിറങ്ങിയ 13 വയസുകാരായ മൂന്ന് പെൺകുട്ടികളെ കാട്പാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന പദ്ധതികൾ. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് തമിഴ്‌നാട് കരൂർ സ്വദേശികളായ പെൺകുട്ടികളെ വീടുകളിൽ നിന്നും കാണാതായത്. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പൽ കയറി കൊറിയയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ഈ കുട്ടികളിൽ ചിലരുടെ വീട്ടിൽ കുടുംബ പ്രശ്‌നങ്ങളുമുണ്ട്.

പൊലീസ് അതിശക്തമായ അന്വേഷണമാണ് കുട്ടികൾക്ക് വേണ്ടി നടത്തിയത്. റെയിൽവേ പൊലീസിന്റെ നീക്കമാണ് നിർണ്ണായകമായത്. 14,000 രൂപയുമായാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ബിടിഎസിനെ കാണുന്നതിനായി ഒരുമാസം മുൻപ് തന്നെ നാടുവിടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചായിരുന്നു നീക്കങ്ങൾ.

തമിഴ്‌നാട് ഈറോഡിൽ നിന്ന് ചെന്നൈയിലേക്ക് ട്രെയിൻ കയറി, അവിടെ നിന്ന് എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പൽക്കയറി കൊറിയയിലേക്ക് പോകാനായിരുന്നു ഇവരുടെ ആഗ്രഹം. ചെന്നൈയിൽ എത്തുന്നതിന് മുൻപുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു. ആദ്യ ആവേശം മാറിയപ്പോൾ പരിഭ്രമിച്ചുപോയ പെൺകുട്ടികൾ തിരികെ വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.

വെല്ലൂരിനടുത്തുള്ള കാട്പാടി സ്റ്റേഷനിൽനിന്നാണ് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ റെയിൽവേ പൊലീസ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ വെല്ലൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം നാലിനാണ് പെൺകുട്ടികൾ വീടുവിട്ടിറങ്ങിയത്.

ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. രണ്ടു ഹോട്ടലുകളിൽ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലിൽ 1,200 രൂപയ്ക്ക് മുറിയെടുത്തു. ചെന്നൈയിൽ എത്തിയതിന് പിന്നാലെ കുട്ടികൾക്ക് തളർച്ച അനുഭവപ്പെടുകയും പിറ്റേന്ന് നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള യാത്രയ്ക്കിടെ കാട്പാടി സ്റ്റേഷനിൽ ഭക്ഷണം വാങ്ങാനിറങ്ങി. അതിനിടെ ട്രെയിൻ പോയി. സ്റ്റേഷനിൽ നിൽക്കുന്ന പെൺകുട്ടികളെ സംശയം തോന്നി റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തമിഴ്‌നാട് കരൂർ സ്വദേശികളെയാണ് വെല്ലൂരിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. സംശയം തോന്നിയ റെയിൽവേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെൺകുട്ടികൾ പറയുകയായിരുന്നു.