ലണ്ടൻ: കാലം തെറ്റി വരുന്ന കാലാവസ്ഥ മനുഷ്യ ജീവിതം ദുരിതത്തിലാഴ്‌ത്തുന്ന വർത്തമാന കാലത്ത്, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ജനിപ്പിക്കാൻ തികച്ചും വ്യത്യസ്തമായ ഒരു രീതിയാണ് ബ്രിട്ടനിൽ ഒരു പറ്റം ആളുകൾ കൈക്കൊണ്ടത്. വേൾഡ് നേക്കഡ് ബൈക്ക് റൈഡിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളായിരുന്നു ഇന്നലെ നഗര വീഥികളിലൂടെ ബക്കിങ്ഹാം കൊട്ടാരം ലക്ഷ്യമാക്കി, നഗ്‌നരായി സൈക്കിൾ ചവിട്ടി നീങ്ങിയത്. അതോടൊപ്പം, സുസ്ഥിരമായ യാത്രാവാഹനം സൈക്കിൾ തന്നെയാണെന്ന അവബോധവും ജനിപ്പിക്കാൻ അവർ ശ്രമിച്ചു.

തികച്ചും നിയമപരമായി തന്നെ, നല്ല പെരുമാറ്റത്തോടും അതോടൊപ്പം നർമ്മബോധത്തോടും കൂടി, മനുഷ്യ രാശി ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് മനുഷ്യരുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് തങ്ങളുടെ പ്രവർത്തന ശൈലി എന്ന് സംഘാടകർ പറഞ്ഞു.വളർന്നു വരുന്ന കാർ സംസ്‌കാരത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ തന്നെ, ആഗോളതലത്തിൽ തന്നെ ക്രൂഡോയിലിനെ അമിതമായി ആശ്രയിക്കുന്ന പ്രവണതയെയും അവർ എതിർക്കുന്നുണ്ട്.

അതോടൊപ്പം, സൈക്കിൾ യാത്രക്കാർ നിരത്തുകളിൽ എത്രമാത്രം അപകട ഭീതിയാണ് അഭിമുഖീകരിക്കുന്നത് എന്ന് തുറന്നുകാണിക്കുക, സൈക്കിൾ യാത്രക്കാരുടെ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി പോരാടുക എന്നിവയ്ക്കൊപ്പം ശരീര സ്വാതന്ത്ര്യം അനുഭവിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ സൈക്കിൾ യാത്രയ്ക്ക് പുറകിലുണ്ടെന്ന് സംഘാടകരുടെ വെബ്‌സൈറ്റിൽ പറയുന്നു. മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം നഗരത്തിന്റെ വിവിധ കോണുകളിൽ സൈക്കിൾ യാത്രക്കായി ആളുകൾ ഒത്തുകൂടി. അവരിൽ പലരും തന്നെ അൽപ വസ്ത്ര ധാരികളായിരുന്നു. ചിലർ ശരീരത്തിലുടനീളം വർണ്ണങ്ങൾ ചാലിച്ചു പുരട്ടി ശരീരത്തിന്റെ അഴക് വർദ്ധിപ്പിക്കൂവാനും ശ്രമിക്കാതിരുന്നില്ല.

ഓരോ ഭാഗത്തു നിന്നും നൂറുകണക്കിന് ആളുകൾ ഈ യാത്രയിൽ പങ്കുചേർന്നു. അവയിൽ ചില റാലികൾ ലണ്ടനിലെ പ്രധാന സ്ഥലങ്ങളിലൂടെയും കടന്നുപോയി. ശരാശരി 8 മൈലോളമാണ് നഗ്‌നരായി അവർ സൈക്കിൾ യാത്ര നടത്തിയത്. 2004 മുതൽ എല്ലാ വർഷവും ബ്രിട്ടനിൽ നേക്കഡ് ബൈക്ക് റൈഡ് നടക്കാറുണ്ട്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മാത്രമായിരുന്നു അത് നടക്കാതിരുന്നത്.