- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗൃഹനാഥന്‍ ഇല്ലാത്തപ്പോള്‍ ഓട്ടിസം ബാധിച്ച മകനെ അടക്കം പുറത്താക്കാന്‍ ശ്രമിച്ച ജപ്തി ക്രൂരത; ജപ്തിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വിറപ്പിച്ച് സന്ദീപ് വാചസ്പതി; ഗൃഹനാഥനില്ലാത്ത വീട്ടിലെ കുടിയിറക്കല്‍ നീക്കം തടഞ്ഞത് ഒരു ഗ്രാമത്തിന്റെ ഐക്യം; രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ചു; ബുധനൂര്‍ ഉള്ളന്തിയിലെ മേസ്തിരിപ്പണിക്കാരന്റെ വീട്ടില്‍ സന്തോഷം നിറച്ച കൂട്ടായ്മ കഥ

ബുധനൂര്‍: ഗൃഹനാഥന്‍ ജോലിക്ക് പോയ നേരത്ത്, ഓട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട് ജപ്തി നടത്താനുള്ള സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത് ഒരു ഗ്രാമത്തിന്റെ കരുതലാകുന്നു. രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമം ഒന്നടങ്കം സന്ദീപിന്റെ പോരാട്ടത്തിന് പിന്തുണയുമായി എത്തിയതോടെ ബാങ്ക് അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. ബുധനൂര്‍ ഉളളന്തിയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മേസ്തിരിപ്പണിക്കാരനായ ഗൃഹനാഥന്‍ ജോലിക്ക് പോയ സമയം നോക്കിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍ ഓട്ടിസം ബാധിച്ച 22 കാരനായ മകനും മഹേന്ദ്രന്റെ മകളും അവരുടെ കൈക്കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ആരേയും വീട്ടില്‍നിന്ന് പുറത്തിറക്കി ജപ്തി ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ, മാനുഷിക പരിഗണന പോലുമില്ലാതെ ഇവരോട് പുറത്തിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. വീട് പൂട്ടി സീല്‍ ചെയ്യാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പിയത്.
പലിശക്കെണിയില്‍പ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ഇടപെടണമെന്നതിന് സന്ദീപ് വാചസ്പതി മാതൃകയായി. നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സന്ദീപിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘം അമ്പരന്നു. ഈ പോരാട്ടത്തിന് കരുത്തുപകരാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആര്‍. മോഹനന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് ഗ്രാമം തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒപ്പം നിന്നു. അങ്ങനെ അതൊരു നാടിന്റെ കൂട്ടായ്മയായി. ഇതോടെ ബാങ്ക് അധികാരികള്‍ക്ക് പിന്മാറേണ്ടി വന്നു.
ഒരു കുടുംബത്തെ വഴിയാധാരമാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റായ സന്ദീപ് വാചസ്പതി ജനകീയ വിഷയങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടത്. രാഷ്ട്രീയത്തിന് അതീതമായി സന്ദീപിന്റെ ഈ ഇടപെടലിന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയയിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്.
സാധാരണക്കാരന്റെ കണ്ണുനീരൊപ്പാന്‍ ഒരു പ്രദേശം ഒരുമിച്ചു. ബാങ്ക് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ കെ.എം. ഗിരീഷ്, ജോണ്‍ ഉള്ളന്തി, ഹരി ഗ്രാമം, ബിനു പള്ളത്തെക്കേതില്‍ തുടങ്ങിയവരും പങ്കെടുത്തു. മാന്നാറില്‍ പട്ടികജാതി കുടുംബത്തെ കുടിയിറക്കാന്‍ എത്തിയ സ്വകാര്യ ബാങ്ക് ജീവനക്കാരെയും അധികൃതരെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചയച്ച സന്ദീപിന്റെ നടപടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അമിത പലിശയും നിയമക്കുരുക്കുകളും ഉപയോഗിച്ച് സാധാരണക്കാരെ തെരുവിലിറക്കുന്ന ബാങ്ക് നടപടികള്‍ക്കെതിരെയുള്ള കൃത്യമായ താക്കീതായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.


