തിരുവനന്തപുരം: ബഫർ സോണിൽ മുഖം രക്ഷിക്കാൻ പിണറായി സർക്കാർ. ജനകീയ പ്രക്ഷോഭങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞാണ് ഇതെല്ലാം. പ്രക്ഷോഭത്തിന് ക്രൈസ്തവ സഭകൾ രംഗത്തിറങ്ങിയും സർക്കാരിനെ വെട്ടിലാക്കി. അതിനിടെ സംസ്ഥാനത്തെ പരിസ്ഥിതിലോല മേഖലകളിൽ നേരിട്ടുള്ള സ്ഥല പരിശോധന (ഫീൽഡ് സർവേ) എത്രയും വേഗം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പരാതികൾ അറിയിക്കാൻ കോൾ സെന്റർ സജ്ജമാക്കാനും തീരുമാനിച്ചു. പരാതികൾ മനസ്സിലാക്കി ഇടപെടുകയാണ് ഉദ്ദേശ്യം.

ഉപഗ്രഹ സർവേയാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയതെന്ന് സർക്കാർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ സർക്കാർ മതിയായ തിരുത്തലുകൾക്കും ശ്രമിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമില്ല. ഉപഗ്രഹ സർവേ റിപ്പോർട്ട് ആശയക്കുഴപ്പത്തിനും അവ്യക്തതയ്ക്കും ഇടയാക്കിയ സാഹചര്യത്തിൽ ഇതു സുപ്രീം കോടതിയിൽ നൽകുന്നതിനു സാവകാശം തേടി അപേക്ഷ നൽകും. അടുത്ത മാസം രണ്ടാംവാരമാണ് കേസ് പരിഗണിക്കുക. ഉപഗ്രഹ സർവേയിൽ ചേർക്കാൻ വിട്ടുപോയ നിർമ്മിതികളെക്കുറിച്ചുള്ള പരാതികളും മറ്റും ജനങ്ങളിൽ നിന്നു ലഭ്യമാക്കാനുള്ള സമയം അടുത്ത മാസം 7 വരെ നീട്ടി. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീൽഡ് തലത്തിൽ പരിശോധിച്ച് ഉറപ്പാക്കാൻ പഞ്ചായത്ത് തലത്തിൽ റവന്യു വനംതദ്ദേശ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കി ജനങ്ങളിൽ നിന്നു വിവരശേഖരണം നടത്തും.

പരിസ്ഥിതി ലോല (ബഫർസോൺ) വിഷയത്തിൽ സർക്കാരിനെതിരെ വിമർശനം രൂക്ഷമാവുകയും പ്രക്ഷോഭത്തിനു തുടക്കം കുറിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി കൃത്യതയോടെ സ്ഥല പരിശോധന നടത്താൻ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസമിതിയും തീരുമാനിച്ചു. ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ തരംതിരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറി പരിഹരിക്കാനും നിർദ്ദേശം നൽകി.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് 2020-21 ൽ സംസ്ഥാന സർക്കാർ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച ഭൂപടം ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്താൻ തീരുമാനം. സംരക്ഷിത വനപ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ, ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഭൂപടമാണിത്. ഇതിൽ ഉൾപ്പെടുത്തേണ്ട അധിക വിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാനും അവസരമൊരുക്കും. പഞ്ചായത്ത് സെക്രട്ടറിമാർക്കും വനം വകുപ്പിനും അധിക വിവരങ്ങൾ നൽകാം.

ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ്, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ.ബാലഗോപാൽ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി.വേണു, ശാരദ മുരളീധരൻ, ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

ഭൂപടം പുറത്തു വിടുന്നത് പ്രതിരോധത്തിന്

സംസ്ഥാന സർക്കാർ തയാറക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് വ്യാപക പ്രതിഷേധത്തിനു വഴിവച്ചതോടെയാണ് സർക്കാർ തിരുത്തലിന് ശ്രമിക്കുന്നത്. 2 വർഷം മുൻപ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടും ഭൂപടവും പുറത്തുവിട്ട് പ്രതിരോധം തീർക്കാൻ സർക്കാർ നീക്കം. സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമായി പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ മാത്രം പരിധിയിൽ പരിസ്ഥിതിലോല മേഖല നിശ്ചയിച്ചാണു 2 വർഷം മുൻപ് സർക്കാർ റിപ്പോർട്ടും ഭൂപടവും തയാറാക്കിയത്. ഇതുതന്നെ വീണ്ടും സജീവ പരിഗണനയിലേക്കു കൊണ്ടുവരാൻ പോകുന്നുവെന്നാണു സർക്കാർ നൽകുന്ന സൂചന.

ഈ ഭൂപടം അനുബന്ധ റിപ്പോർട്ടിൽ സുപ്രീംകോടതി മുൻപാകെയും നേരത്തേ സമർപ്പിച്ചിരുന്നു. പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തയാറാക്കി അംഗീകാരത്തിനായി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉൾപ്പെടുത്തേണ്ട അധിക വിവരങ്ങൾ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ അവസരമൊരുക്കും. അതതു പഞ്ചായത്ത് സെക്രട്ടറിമാർക്ക് അവ നൽകാം. വനം വകുപ്പിനു നേരിട്ടും നൽകാവുന്നതാണ്'.

ഉദ്യോഗസ്ഥർക്കെതിരെ ബിഷപ്പ്

ഉദ്യോഗസ്ഥർ സേഫ് സോണിൽ ഇരുന്നു കർഷകർക്കു ബഫർ സോൺ നിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. സാറ്റലൈറ്റ് സർവേ മാപ്പ് തയാറാക്കിയവർക്കു മാപ്പ് നൽകാനാവില്ല. വന്യജീവി സങ്കേതങ്ങളോടു ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടി കർഷകദ്രോഹമാണ്. നൂറ്റാണ്ടായി ഇവിടെ കൃഷി ചെയ്തു ജീവിക്കുന്നവർക്കു പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം കനത്ത ആഘാതമാകും. കർഷകരെ മറന്നുള്ള പരിസ്ഥിതി സ്‌നേഹം ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

തട്ടേക്കാട് പക്ഷിസങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിനെതിരെ കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ റാലിയുടെ സമാപനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ മഠത്തിക്കണ്ടത്തിൽ. കെഎസ്ആർടിസി ജംക്ഷനിൽ തുടങ്ങി മുനിസിപ്പൽ ജംക്ഷനിൽ സമാപിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ ഫ്‌ളാഗ്ഓഫ് ചെയ്തു.

ബഫർ സോൺ വിവാദത്തിൽ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങൾ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനോട് അഞ്ച് ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഇതിന് സർക്കാർ ഇനിയും മറുപടി നൽകുന്നില്ല.

1) 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെത്തുടർന്നു ജനവാസ മേഖലകളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർ സോൺ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിനു വേണ്ടി?

2) വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവ് ഇറക്കിയത് ആരെ സഹായിക്കാൻ?

3) റവന്യു - തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ചു മാനുവൽ സർവേ നടത്താതെ ഉപഗ്രഹ സർവേ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിനുവേണ്ടി?

4) അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹ സർവേ റിപ്പോർട്ട് മൂന്നര മാസത്തോളം പൂഴ്‌ത്തിവച്ചതെന്തിന്?

5) ഉപഗ്രഹ സർവേ റിപ്പോർട്ടിൽ സുപ്രീം കോടതിയിൽ നിന്ന് കേരള താൽപര്യത്തിന് വിരുദ്ധമായ തീരുമാനം ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്താമെന്ന ഉത്തരവ് 2019 ൽ ഇറക്കിയതിനു പിന്നാലെയാണു സുപ്രീം കോടതിയിൽ നിന്നു കേരളത്തിനു തിരിച്ചടി ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തരുതെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ തീരുമാനത്തെ അട്ടിമറിക്കുന്നതാണ് 2019 ലെ ഉത്തരവ്. വിഷയത്തിൽ പ്രതിപക്ഷം സംവാദത്തിനു തയാറാണെന്നും സതീശൻ പറഞ്ഞു.

ബിഷപ്പുമായി മന്ത്രിതല ചർച്ച

പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവർ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുമായി ചർച്ച നടത്തി. പട്ടം ബിഷപ്‌സ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

വിഷയത്തിൽ സഭാ നേതൃത്വവുമായി തർക്കമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞു. 'പരിസ്ഥിതിലോല മേഖല വനാതിർത്തിക്കുള്ളിൽ നിർത്താനാണു സർക്കാർ ശ്രമിക്കുന്നത്. ഉപഗ്രഹസർവേ അപാകതകൾ പരിഹരിക്കും. ഫീൽഡ് സർവേ നടപടികളുമായി മുന്നോട്ടു പോകുകയാണ്. ആശങ്ക വേണ്ടെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കർദിനാളിനെ കണ്ടതു ക്രിസ്മസ് ആശംസ അറിയിക്കാനാണെന്നും മന്ത്രി പറഞ്ഞു.