തിരുവനന്തപുരം: ബഫർസോണിൽ ആരും പറ്റിക്കപ്പെടുന്നില്ലെന്ന് ഉറപ്പിക്കാൻ ഇടപെടലുമായി സർക്കാർ. ജനവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള സ്ഥലപരിശോധനയ്ക്കായി വാർഡ് തലത്തിൽ ഹെൽപ് ഡെസ്‌കുകളും മേൽനോട്ട സമിതികളും വരും. 2020-21 ൽ വനം വകുപ്പിന്റെ ഭൂപടത്തിൽ ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സമയം നൽകും. ഇത്തരം അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി 7 വരെ നീട്ടി. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശം, റവന്യു വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി മേൽനോട്ട സമിതി രൂപീകരിക്കും. കർഷക പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ ഇടപെടൽ നടത്തുന്നത്.

അതിനിടെ ബഫർസോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ജനങ്ങളെയും ജീവനോപാദികളെയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ബഫർസോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഫർസോൺ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത്താകും അന്തിമ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകുക. മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്‌കും പുതിയ തീരുമാനങ്ങളും പ്രതീക്ഷയാണ്.

ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കൂടി കണക്കിലെടുക്കും ബഫർ സോൺ നിർണ്ണയത്തിൽ പരിഗണിക്കും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് തദ്ദേശ, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫിസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. എല്ലാ തരം നിർമ്മിതികളും സ്ഥലപരിശോധനയിൽ ഉൾപ്പെടുത്തും. തൊഴുത്ത്, ഏറുമാടം, കാത്തിരിപ്പു കേന്ദ്രം, പുൽമേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ നിർമ്മിതികൾ എന്നിവ ഉൾക്കൊള്ളിക്കും.

പൊതുവേ ജനവാസമുള്ള മേഖലകളിലെ നിലവിൽ ഒഴിഞ്ഞു കിടക്കുന്നയിടങ്ങളിൽ ഭാവിയിൽ വീടുകളോ മറ്റ് നിർമ്മിതികളോ വരാനുള്ള സാധ്യതയും കണക്കിലെടുക്കും. ഇത്തരം പ്രദേശങ്ങളിൽ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഉപഗ്രഹ സർവേയിൽ ഉൾപ്പെടാത്തവർക്ക് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി മുൻപാകെ വിവരം സമർപ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡെസ്‌ക് രൂപീകരിച്ചു. വിവരങ്ങൾ നൽകേണ്ട മാതൃക ഹെൽപ് ഡെസ്‌ക്കിൽ നിന്നോ സർക്കാർ വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും. വിവരങ്ങൾ ഇ മെയിലിലോ ഹെൽപ് ഡെസ്‌കിലോ നൽകാം.

ഓരോ വാർഡിലും വാർഡ് അംഗവും വനം, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡേറ്റ അപ്‌ലോഡ് ചെയ്യാൻ പരിശീലനം ലഭിച്ച എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ/ കുടുംബശ്രീ ഓക്‌സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ രൂപീകരിക്കും. ഈ സമിതിയാണ് ഹെൽപ് ഡെസ്‌കുകളുടെ മേൽനോട്ടം വഹിക്കേണ്ടത്.

മൊബൈൽ ആപ് ഉപയോഗിച്ച് ഓരോ നിർമ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെ കൃഷിയിടത്തിന്റെ ജിയോ ടാഗിങ് നടത്തും. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാംപ് ഓഫിസുകൾ ആയി ഹെൽപ് ഡെസ്‌കുകൾ ക്രമീകരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്തും. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച ശേഷം പരിശോധനയ്ക്കായി വാർഡ് തല ഹെൽപ് ഡെസ്‌കിനു കൈമാറും. അതിനിടെ എല്ലാ പ്രശ്‌നത്തിനും കാരണം യുഡിഎഫാണെന്നാണ് പിണറായി വിശദീകരിക്കുന്നത്.

യുപിഎ സർക്കാരിന്റെ കാലത്താണ് ബഫർസോൺ പ്രഖ്യാപനമുണ്ടായത്. അന്ന് ബഫർസോൺ വിഷയത്തിൽ രണ്ടാം യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടുംപിടുത്തം കാണിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ൽ സംസ്ഥാനങ്ങളെ ബഫർസോൺ വിഷയത്തിൽ ജയറാം രമേശ് വിമർശിച്ചിരുന്നു. 2002ലെ വന്യജീവി സംരക്ഷണ നയത്തിന്റെ ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്തിയത്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരായിരുന്നു. വിഡി സതീശൻ, ടിഎൻ പ്രതാപൻ, എൻ ഷംസൂദ്ദീൻ എന്നിവർ ചെയന്മാരായി മൂന്ന് ഉപസമിതികൾ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു.

2013 ജനുവരി 16നാണ് സംസ്ഥാന വന്യജീവി ബോർഡിന്റെ ഉപസമിതി യോഗം ചേർന്നത്. പിന്നീട് 2013 ഫെബ്രുവരി 11 ന് വയനാട്ടിൽ ബഫർസോൺ നിർണയിക്കാൻ വയനാട്ടിലെ യോഗം നടന്നു. എന്നാൽ ജനത്തിന്റെ ആശങ്ക ഉപസമിതി പരിഗണിച്ചോയെന്ന് സംശയമുണ്ട്. 12 കിലോമീറ്റർ ബഫർസോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത്. എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളിൽ നിന്ന് ബഫർസോൺ ഒഴിവാക്കാൻ ശ്രമിച്ചു. ബഫർസോണിൽ കേന്ദ്രം ഇളവുകൾ നൽകിയതും സംസ്ഥാനങ്ങളുടെ സമ്മർദം മൂലമാണ്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ബഫർ സോൺ എന്ന ഇളവ് നൽകിയതും സംസ്ഥാന സർക്കാരാണ്. ബഫർ സോണിൽ നേരിട്ട് ഫീൽഡ് സർവേ നടത്താനും തീരുമാനിച്ചു.

ജനവാസ മേഖല പൂർണമായും ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്. പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നു. 12 കിലോമീറ്റർ എന്ന യുഡിഎഫ് കാലത്തെ ബഫർ സോൺ പരിധി ഒരു കിലോമീറ്ററായി എൽഡിഎഫ് പിന്നീട് നിശ്ചയിച്ചു. ബഫർസോണിൽ ഫീൽഡ് സർവേ നടത്തിയ ശേഷമേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുകയുള്ളൂ. സംസ്ഥാനത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്.

ബഫർസോണിൽ ശരിയായതും ആധികാരികമായതുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണം. മലയോര ജനത ആശങ്കയിലാണ്. തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.