കോഴിക്കോട്: സർക്കാർ തയ്യാറാക്കിയ ഭൂപടം സിപിഎം ഭരിക്കുന്ന പഞ്ചായത്തിന് പോലും സ്വീകാര്യമല്ല. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടു സർക്കാർ പ്രസിദ്ധീകരിച്ച 2 ഭൂപടങ്ങളിലെയും അവ്യക്തത നീക്കാൻ, സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് സ്വന്തമായി ബഫർസോൺ ഭൂപടം തയാറാക്കുന്നു. പഞ്ചായത്തിനുള്ളിൽ മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളിലെ വീടുകൾ, സ്ഥാപനങ്ങൾ, കൃഷിഭൂമി, ആരാധനാലയങ്ങൾ തുടങ്ങിയവ അടയാളപ്പെടുത്തിയാണു ഭൂപടം തയാറാക്കുക. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരടുഭൂപടത്തെ സംബന്ധിച്ച് ആശങ്കയും ആശയക്കുഴപ്പവും വ്യാപകമാണ്. പല ജില്ലകളിലും ജനവാസമേഖലകളും വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയും പരിസ്ഥിതിലോല മേഖലയിൽ പെട്ടിട്ടുണ്ട്. ഇതു മനസ്സിലാക്കിയാണ് ചക്കിട്ടപാറ പഞ്ചായത്തിന്റെ നീക്കം.

കേരളത്തിലെ 22 സംരക്ഷിത വനമേഖലകൾക്കു ചുറ്റുമുള്ള ബഫർ സോൺ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് വനംവകുപ്പിന്റെ 2020-21 ലെ കരടു ഭൂപടം പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കി (സീറോ ബഫർ സോൺ) കേന്ദ്രത്തിനു ശുപാർശ ചെയ്ത ഭൂപടമാണിത്. ഉപഗ്രഹ സർവേ റിപ്പോർട്ട് സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാനാണ് ഇതു പ്രസിദ്ധീകരിച്ചതെങ്കിലും വിവിധ സ്ഥലങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. തിരുവനന്തപുരം ജില്ലയിൽ കള്ളിക്കാട്, മണ്ണൂർക്കര വില്ലേജുകളിലെ ഭൂരിപക്ഷം ജനവാസ മേഖലകളും അമ്പൂരി ടൗണിന്റെ ഭൂരിഭാഗം സ്ഥലവും ബഫർ സോണിൽ ഉൾപ്പെടുന്നു. പാലക്കാട്ട് ചൂലന്നൂർ മയിൽ സങ്കേതം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം എന്നിവയുടെ ബഫർ സോണിൽ ജനവാസ മേഖലകളുണ്ട്. സൈലന്റ്വാലി ദേശീയോദ്യാനത്തിനു സമീപമുള്ള 6 ആദിവാസി ഊരുകളും സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

പുറത്തുവിട്ട ഭൂപടത്തിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റേത് സർക്കാരിന്റെ പരിഗണനയിലുള്ള കരടു ശുപാർശയാണെന്നു വനം വകുപ്പ് അറിയിച്ചു. ഏതൊക്കെ ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കൃത്യമായി മനസ്സിലാക്കാനാണ് ഭൂപടം പുറത്തുവിട്ടതെന്നാണു സർക്കാർ വിശദീകരണം. ഈ ഭൂപടവുമായി സുപ്രീം കോടതിയെ സമീപിക്കാനാണു ചക്കിട്ടപ്പാറ ഭരണസമിതിയുടെ തീരുമാനം. വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർദേശിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനസർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ പഞ്ചായത്ത് കക്ഷി ചേരും. കേസിന്റെ ചെലവിനായി പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകളിൽനിന്ന് പണം സമാഹരിക്കും. 2 വില്ലേജുകളിലായി 5184 വീടുകളാണ് പഞ്ചായത്തിൽ പരിസ്ഥിതിലോല മേഖലയിൽ വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും ഉണ്ട്. പഞ്ചായത്തിന്റെ പ്രത്യേക സാഹചര്യം സുപ്രീം കോടതിയെ ബോധിപ്പിക്കുകയാണു ലക്ഷ്യമെന്ന് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു.

തിരുവനന്തപുരം: കള്ളിക്കാട് പഞ്ചായത്തിൽ നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രം, പൊലീസ് സ്റ്റേഷൻ, കെടിഡിസി ഹോട്ടൽ, പഞ്ചായത്ത് ഓഫിസ്, സഹകരണ കോളജ്, തുറന്ന ജയിൽ തുടങ്ങിയവയും സ്വകാര്യ ലോഡ്ജും പരിസ്ഥിതി ലോലമേഖലയിൽ. മണ്ണൂർക്കര വില്ലേജിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിനു പുറത്തു പകുതിയോളം ജനവാസ മേഖല പരിസ്ഥിതി ലോല പ്രദേശത്താണ്. അമ്പൂരി ടൗണിന്റെ ഭൂരിഭാഗവും മഹാദേവ ക്ഷേത്രം, സെന്റ് ജോർജ് ഫൊറോന പള്ളി, കുടുംബാരോഗ്യ കേന്ദ്രം, 3 സബ് സെന്ററുകൾ, 3 അങ്കണവാടികൾ തുടങ്ങിയവയെല്ലാം പരിസ്ഥിതിലോല മേഖലയിലാണ്. പത്തനംതിട്ട: പമ്പ, നിലയ്ക്കൽ, അട്ടത്തോട്, ഗവി എന്നീ പ്രദേശങ്ങൾ ബഫർ സോൺ ഭൂപടത്തിൽ ഉൾപ്പെടുന്നു. ശബരിമലയിലെ നിയന്ത്രണങ്ങൾ ഇവിടെയും ബാധകമാകുമെന്ന ആശങ്കയുണ്ട്. പമ്പയുടെ മറുകരയിലുള്ള ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട്, വിവിധ ഓഫിസുകൾ, കെഎസ്ആർടിസി, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങൾ ഒരു കിലോമീറ്റർ പരിധിയിൽ വരുമെന്നാണു സൂചന.

കോട്ടയം: എയ്ഞ്ചൽവാലി, പമ്പാവാലി ഭാഗങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ തന്നെ. പഞ്ചായത്തിലെ പമ്പാവാലി (11 വാർഡ്), എയ്ഞ്ചൽവാലി (12 വാർഡ്) എന്നിവിടങ്ങളിലെ 1200 കുടുംബങ്ങൾ വീണ്ടും ആശങ്കയിലായി. ഇടുക്കി: കുമളി നഗരത്തെയും ജനവാസമേഖലകളെയും കരടു ഭൂപടത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കിയിലെ മറ്റു ജനവാസ മേഖലകൾക്കും പ്രശ്‌നമില്ല. എറണാകുളം: പുതിയ ഭൂപടത്തിൽ കൊച്ചി നഗരത്തിനുള്ളിലെ മംഗളവനം പക്ഷിസങ്കേതത്തിന്റെ സംരക്ഷിത മേഖലയുടെ വിസ്തൃതി കുറഞ്ഞു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ കരുതൽ മേഖലയിലും കുറവുണ്ട്. പാലക്കാട്: സൈലന്റ്വാലി ദേശീയോദ്യാനത്തിനു ചുറ്റുമുള്ള 6 ആദിവാസി ഊരുകളും സ്ഥാപനങ്ങളും ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ നൂറോളം കുടുംബങ്ങൾ താമസിക്കുന്നു. ചിണ്ടക്കിയിലെ സ്വകാര്യ റിസോർട്ട്, ആദിവാസി ചികിത്സാ കേന്ദ്രങ്ങൾ, താന്നിച്ചുവട്ടിലെ ശുദ്ധജല ബോട്ടിലിങ് പ്ലാന്റ്, 2 സ്‌കൂളുകൾ, പ്രീ മട്രിക് ഹോസ്റ്റൽ എന്നിവയും ബഫർ സോണിലാകും. മണ്ണാർക്കാട് നഗരസഭ ഭൂപടത്തിൽ ഉൾപ്പെട്ടതു സാങ്കേതികപിഴവെന്നാണു സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡന്റെ വിശദീകരണം.

ചൂലന്നൂർ മയിൽ സങ്കേതത്തിനു ചുറ്റുമുള്ള പെരിങ്ങോട്ടുകുറിശ്ശിതിരുവില്വാമല റോഡും നടുവത്തുപാറതരൂർ റോഡും ഭൂപടത്തിൽ ഉൾപ്പെടുന്നു. ഇവിടെ 300 വീടുകളുണ്ടെന്നാണു കണക്ക്. പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിന്റെ ബഫർ സോണിൽ നെല്ലിയാമ്പതി പഞ്ചായത്തിന്റെ ഭൂരിഭാഗവും ഉൾപ്പെടുന്ന സ്ഥിതിയുണ്ട്. പീച്ചി, വാഴാനി സംരക്ഷിതവനമേഖലയുടെ കരുതൽ പ്രദേശത്തുൾപ്പെടുന്ന കിഴക്കഞ്ചേരി, കണ്ണമ്പ്ര പ്രദേശത്തെ ചില വീടുകളും സ്ഥലങ്ങളും ഉൾപ്പെടും. കോഴിക്കോട്: മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റുമുള്ള കോഴിക്കോട് ജില്ലയിലെ 4 പഞ്ചായത്തുകളാണ് പരിസ്ഥിതി ലോല മേഖലയായി രേഖപ്പെടുത്തിയിട്ടുള്ളത് ചക്കിട്ടപാറ, കൂരാച്ചുണ്ട്, കട്ടിപ്പാറ, പുതുപ്പാടി. ഇതിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട്, മാവട്ടം, താളിപ്പാറ പ്രദേശങ്ങളിൽ നാൽപതോളം വീടുകളുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഓട്ടപ്പാലം മുതൽ പെരുവണ്ണാമൂഴി റിസർവോയറിന്റെ അരികിലൂടെ കക്കയം വരെയുള്ള 3 കിലോമീറ്ററോളം ജനവാസമേഖലയാണ്. കണ്ണൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ പന്നിയാംമല മേഖലയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടതായി സംശയമുണ്ട്.

അതിനിടെ ബഫർസോണിൽനിന്നു ജനവാസമേഖല ഒഴിവാക്കണമെന്നാണു സർക്കാർ നിലപാടെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇതിനായി പരമാവധി ശ്രമിക്കും. സുപ്രീം കോടതി നിലപാടിന്റെ ഭാഗമായിട്ടാണ് ഉപഗ്രഹ സർവേ തുടങ്ങാൻ തീരുമാനിച്ചത്. അത് അശാസ്ത്രീയമാണെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനമെടുത്തത്. പൊതുസമൂഹത്തിന്റെ അഭിപ്രായം പറയാനും കേൾക്കാനുമുണ്ടെങ്കിൽ അതറിയിക്കാനാണ് ഇത്തരം സർവേ ഫലം പ്രസിദ്ധീകരിക്കുന്നത്. അല്ലാതെ സിനിമ കാണും പോലെ കയ്യടിച്ചു പോകാനല്ല മന്ത്രി പറഞ്ഞു.

അതിനിടെ സർക്കാർ പ്രസിദ്ധീകരിച്ച വനംവകുപ്പിന്റെ കരട് ഭൂപടം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) പ്രതികരിച്ചു. വനംവകുപ്പ് 202021 ൽ തയാറാക്കിയ ഈ ഭൂപടം ഒരു വർഷം മുൻപു കേന്ദ്രത്തിലേക്ക് സമർപ്പിച്ചതാണ്. 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയോടെ ഈ ഭൂപടവും റിപ്പോർട്ടും അസാധുവായി. വന്യമൃഗ സങ്കേതങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാണെന്നും അവിടത്തെ നിർമ്മിതികളുടെ കണക്കെടുക്കണമെന്നുമാണ് ജൂൺ 3ലെ വിധിയിൽ സുപ്രീം കോടതി നിർദേശിച്ചത്. ഇതിനു വേണ്ടിയാണ് സർക്കാർ ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചതും ഉപഗ്രഹസർവേ നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും. ആ റിപ്പോർട്ട് സാധാരണക്കാർക്കു മനസ്സിലാകുന്ന രീതിയിലല്ല എന്നതാണു പ്രശ്‌നം. ഫീൽഡ് സർവേ നടത്തി അതിർത്തികൾ രേഖപ്പെടുത്തുകയാണ് ഇതിനു പരിഹാരമെന്നു കിഫ ചൂണ്ടിക്കാട്ടി.