കോഴിക്കോട്: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ജനവാസമേഖലകൾ നിർണയിക്കുന്നതിനും കൃത്യത ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച നേരിട്ടുള്ള സ്ഥലപരിശോധനയിലും വ്യാപക പ്രതിഷേധം. ഉപഗ്രഹ സർവ്വേയ്ക്ക് അപ്പുറം വിമർശനമാണ് ഇതും ഉണ്ടാക്കുന്നത്. ആകെ ആശയ കുഴപ്പമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചില പഞ്ചായത്തുകളിൽ നിർമ്മിതികളുടെയും കുടുംബങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മറ്റു ചില പഞ്ചായത്തുകളിൽ എണ്ണം കൂടുകയും ചെയ്തു. ഇത് കർഷകർക്കും ആശങ്കയാകുന്നു.

പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ വനം വകുപ്പ് കോടതിയിൽ ഏതു റിപ്പോർട്ട് നൽകുമെന്നതു സംബന്ധിച്ച് ആശങ്കയുയർന്നു. കേസ് ഈ മാസം 11 ന് സുപ്രീംകോടതി പരിഗണിക്കുമ്പോൾ ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം മറ്റു റിപ്പോർട്ടുകൾ സമർപ്പിക്കാൻ 3 മാസം സാവകാശം തേടാനാണു കേരളത്തിന്റെ തീരുമാനം. എന്നാൽ നേരിട്ടുള്ള സ്ഥലപരിശോധനയിൽ നിർമ്മിതികളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയതോടെ കർഷകർ ആശങ്കയിലാണ്. അനുബന്ധ റിപ്പോർട്ടുകളുടെ തയ്യാറാക്കലും പ്രതിസന്ധിയിലായി.

ഉപഗ്രഹ സർവേയിൽ ജനവാസമേഖലകളിലെ നിർമ്മിതികളുടെയും കുടുംബങ്ങളുടെയും എണ്ണം 49,330 ആയിരുന്നു. നേരിട്ടു സ്ഥലപരിശോധന നടത്തിയാൽ എണ്ണം 2 ലക്ഷം കവിയുമെന്നായിരുന്നു ജനങ്ങളും കർഷക സംഘടനകളും ചൂണ്ടിക്കാട്ടിയത്. എന്നാൽ സംഭവിക്കുന്നത് മറിച്ചാകുന്നുവെന്നാണ് പരാതി.കേരളത്തിലെ 85 പഞ്ചായത്തുകളിലാണു പരിസ്ഥിതിലോല മേഖല കൂടുതലുള്ളതെന്നാണു സംസ്ഥാന വനം വകുപ്പിന്റെ റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് ഇതിൽ പകുതിയിലേറെ പഞ്ചായത്തുകളിൽ വനംതദ്ദേശ റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ സ്ഥലപരിശോധന ആരംഭിച്ചത്.

ഇതിൽ 5 ജില്ലകളിലായി 7 പഞ്ചായത്തുകളിലാണ് നിർമ്മിതികളുടെ എണ്ണത്തിൽ കുറവു കണ്ടെത്തിയത്. മറ്റു പഞ്ചായത്തുകളിലെ സ്ഥലപരിശോധന കൂടി പൂർത്തിയാകുമ്പോഴേ അന്തിമചിത്രം വ്യക്തമാകൂ. ഇതേസമയം, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്ന നിർമ്മിതികളുടെ എണ്ണം മൂന്നിരട്ടിയിലേറേയായി. ഇതെല്ലാം കർഷകർക്ക് ആശങ്കയായി മാറുന്നു.

ഉപഗ്രഹസർവേയിൽ 600 നിർമ്മിതികളാണു കണ്ടെത്തിയതെങ്കിൽ നേരിട്ടുള്ള പരിശോധനയിലതു 2104 ആയി ഉയർന്നു. കോഴിക്കോട്ടെ കൂരാച്ചുണ്ടിൽ 1800 നിർമ്മിതികളുണ്ടെന്നായിരുന്നു ഉപഗ്രഹ സർവേ റിപ്പോർട്ട്. എന്നാൽ, സ്ഥലപരിശോധനയിൽ എണ്ണം 1200 ആയി താഴ്ന്നു. അതിനിടെ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന റാന്നി നിയോജക മണ്ഡലത്തിലെ സ്ഥലങ്ങളുടെ സംയുക്ത പരിശോധന ജനുവരി ഏഴിനകം പൂർത്തീകരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. പെരുനാട് പഞ്ചായത്തിൽ ഉൾപ്പെട്ട 6, 7, 8, 9 വാർഡുകളുടെ ചില ഭാഗങ്ങളാണ് പരിധിയിൽ വരിക.

ഉപഗ്രഹ സർവേയിൽ ബഫർ സോൺ പരിധിയിൽപ്പെടുന്ന വീടുകൾ, കൃഷിസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ കൃത്യമായ വിവരങ്ങൾ വരാത്ത സാഹചര്യത്തിലാണ് ഇവിടങ്ങളിൽ ഫീൽഡ് സർവ്വേ നടത്തി മൊബൈൽ ആപ്പ് വഴി ബഫർ സോണിൽ ഉൾപ്പെട്ട ഭാഗങ്ങളാണോ എന്ന് പരിശോധിച്ച് ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പ്രദേശത്തെ എല്ലാ താമസ സ്ഥലങ്ങളും ആരാധനാലയങ്ങളും കൃഷിസ്ഥലങ്ങളും വീടുകളും മറ്റു കെട്ടിടങ്ങളും അടയാളപ്പെടുത്തി പോകുന്നതിന് തീരുമാനിച്ചത്. സർവ്വേ നടപടി കൃത്യവും സമയബന്ധിതവും ആയിരിക്കണമെന്ന് എംഎൽഎ അധികൃതർക്ക് നിർദ്ദേശം നൽകി.

നാല് വാർഡ്കളിലും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 4 സ്‌ക്വാർഡുകൾ രൂപീകരിച്ചാണ് വരും ദിവസങ്ങളിൽ സർവ്വേ നടപടികൾ നടത്തുക വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഇവരോടൊപ്പം ഉണ്ടാകും ഈ സർവ്വേ നടപടികൾ പൂർത്തിയാലേ നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ജനവാസമേഖല ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഓരോ വാർഡിലെയും പ്രശ്‌നങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ക്ലബ്ബുകളുടെ ചുമതലക്കാരുടെയും സമിതി രൂപീകരിക്കാനും തീരുമാനമായി.