- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40 വർഷമല്ലെന്നും തലമുറകളായി ജീവിക്കുന്നവരും കുടിയിറക്ക് ഭീഷണിയിലെന്ന പെരിയാർ വാലി പ്രൊട്ടക്ഷൻ വാലി മൂവ്മെന്റ് വാദം നിർണ്ണായകമായി; ബഫർസോണിൽ ലക്ഷ്യമിട്ടത് 'ഖനനം' തടയൽ മാത്രമെന്ന് വിശദീകരിച്ച് സുപ്രീംകോടതിയും; പ്രതിസന്ധികൾ കോടതിയെ അറിയിക്കാത്ത കേന്ദ്ര സർക്കാരിനും വിമർശനം; മൂന്നംഗ ബഞ്ച് നിയന്ത്രങ്ങളിൽ ഇളവ് നൽകുമെന്ന് സൂചന; കേരളത്തിലെ മലയോരം പ്രതീക്ഷയിലേക്ക്
ന്യൂഡൽഹി: വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന സുപ്രീം കോടതി വിധിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിൽ മലയോരം. സുപ്രീംകോടതിയിൽ ഇന്നലെ നടന്ന വാദങ്ങൾ ശുഭസൂചകമാണ്. ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ പരിഗണിക്കവേ ഉന്നയിക്കപ്പെട്ടത് ഏറെയും കേരളത്തിന്റെ ആശങ്കകളാണ്. ബഫർസോണിലെ ജനവാസത്തിന് കുഴപ്പമില്ലെന്ന് വാദത്തിനിടെ കോടതിയിൽ അഭിപ്രായം ഉയർന്നിരിക്കുന്നു. ബഫർ സോണിൽ ജനവാസം അനുവദിക്കാത്ത പ്രശ്‌നമില്ല. വനം മന്ത്രാലയത്തിന്റെ മാർഗരേഖ പ്രകാരം നിയന്ത്രണവും നിരോധനവുമുള്ളതും അനുവദനീയവുമായ കാര്യങ്ങൾ വ്യക്തമാണെന്നാണ് അമിക്കസ് ക്യൂറിയായ കെ പരമേശ്വർ അഭിപ്രായപ്പെട്ടത്. കാടതിയുടെ വിധി ഖനനം ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും രണ്ടാമത്തെ അമിക്കസ് ക്യൂറി എ.ഡി.എൻ.റാവുവും പറയുന്നു. ഇതിന് ജസ്റ്റിസ് ഗവായ് നടത്തിയ നിരീക്ഷണം ബഫർ സോണിലൂടെ നിയന്ത്രിക്കാൻ നിശ്ചയിച്ചത് ഖനനമാണ് എന്നായിരുന്നു. അതായത് മലയോരത്ത് നിന്ന് കർഷർക്ക് കുടിയിറങ്ങേണ്ടി വരില്ലെന്ന സൂചനയാണ് ഇത്.
പെരിയാർ വാലി പ്രൊട്ടക്ഷൻ വാലി മൂവ്‌മെന്റിന് വേണ്ടി വാദിച്ച അഡ്വ വികെ ബിജുവിന്റെ വിശദീകരണവും നിർണ്ണായകമായി. ഇത്തരം സ്ഥലങ്ങളിൽ 10-40 വർഷമായി താമസിക്കുന്നവരുണ്ടെന്ന് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ബിജു കാര്യങ്ങൾ വിശദീകരിച്ചത്. 40 വർഷമായല്ല, തലമുറകളായുണ്ട്. പെട്ടെന്നൊരു ദിവസം അധികൃതർ വന്ന് നിങ്ങൾ ബഫർ സോണിലാണെന്നു പറയുന്നു. ഇടുക്കിയിൽ തോട്ടം തൊഴിലാളികൾക്കും മറ്റും കാര്യങ്ങൾ പറയാൻ അവസരം പോലും നൽകാതെയാണ് നടപടി-ഇതായിരുന്നു ബിജു കോടതിയെ അറിയിച്ചത്. ഇതിന് ശേഷമാണ് ബഫർസോണിൽ ലക്ഷ്യമിടുന്നത് ഖനനം തടയലാണെന്ന നിലപാട് കോടതി എടുത്തത്. ഏതായാലും ഖനനത്തിനെതിരായ നിലപാട് പ്രഖ്യാപനമായി ബഫർസോൺ കേസ് മാറാനാണ് സാധ്യത.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവിൽ ഇളവ് തേടിയുള്ള അപേക്ഷകൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കും. മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാൻ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവ് പുറത്തിറക്കിയത് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ആ ഉത്തരവിൽ ഭേദഗതി കൊണ്ടുവരാൻ മൂന്നംഗ ബെഞ്ചിന് മാത്രമേ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതുതായി രൂപവത്കരിക്കുന്ന മൂന്നംഗ ബെഞ്ചിനും നേതൃത്വം നൽകുക ജസ്റ്റിസ് ബി.ആർ ഗവായ് ആയിരിക്കും. മറ്റുരണ്ട് അംഗങ്ങളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിശ്ചയിക്കും.
കരട് വിജ്ഞാപനം ഇറങ്ങിയ എല്ലാ സംരക്ഷിത മേഖലകൾക്കും ഇളവ് അനുവദിക്കരുതെന്ന് അമിക്കസ് ക്യുറി കെ പരമേശ്വർ ആവശ്യപ്പെട്ടു. ആദ്യം പത്ത് കിലോമീറ്റർ ആയിരുന്നു ബഫർ സോൺ. അത് പിന്നീട് കോടതി ഉത്തരവിലൂടെ അഞ്ച് കിലോമീറ്ററാക്കി. നിലവിൽ അത് ഒരു കിലോമീറ്റർ ആയി ചുരുക്കി. ചില മേഖലകൾക്ക് ഇളവ് വേണമെന്ന ആവശ്യം ന്യായമാണ്. അതിനാൽ വിശദ പരിശോധനകൾക്ക് ശേഷം കരട് വിജ്ഞാപനം ഇറങ്ങിയ ഈ മേഖലകൾക്ക് ഇളവ് അനുവദിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ജൂൺ മൂന്നിലെ ഉത്തരവിലെ ചില നിർദേശങ്ങളിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതിയും വാക്കാൽ നിരീക്ഷിച്ചു. തുടർന്നാണ് ബഫർ സോണിൽ പ്രധാനമായും നിയന്ത്രിക്കാൻ ഉദേശിച്ചത് ഖനനം ആണെന്ന് സുപ്രീം കോടതി പറഞ്ഞത്.
സ്ഥിരം നിർമ്മാണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് വിവിധ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങൾ സംബന്ധിച്ച് ജൂൺ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ എന്തെങ്കിലും ഭേദഗതി വരുത്തണമോ എന്ന കാര്യവും മൂന്ന് അംഗ ബെഞ്ച് പരിഗണിക്കും. ബഫർസോൺ വിഷയങ്ങളുമായി ബന്ധപ്പെട്ട സങ്കീർണ്ണത എന്തുകൊണ്ടാണ് നേരത്തെ തങ്ങളുടെ ശ്രദ്ധയിൽ പെടുത്താത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. ജൂൺ മൂന്നിലെ ഉത്തരവിന് മുന്നോടിയായി നടന്ന വാദംകേൾക്കലിൽ ഇക്കാര്യം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നും ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കോടതിയുടെ വിമർശനം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശരിവച്ചു. രാജസ്ഥാനിലെ ഒരു സംരക്ഷിത മേഖലയുടെ കേസിലാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. രാജ്യവ്യാപകമായ കേസ് അല്ലാതിരുന്നതിനാൽ അന്ന് ഈ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താതിരുന്നത് എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. രാജസ്ഥാൻ കേസ് ആയതിനാൽ ആണ് തങ്ങൾ ശ്രദ്ധിക്കാത്തത് എന്ന് കേരള സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി ആണ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. കേരളത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. വിവിധ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി എൻ രവീന്ദ്രൻ, അഭിഭാഷകരായ ഉഷ നന്ദിനി, വി കെ ബിജു, വിൽസ് മാത്യൂസ്, ദീപക് പ്രകാശ് എന്നിവരും ഹാജരായി.
അന്തിമ വിജ്ഞാപനമായ ചില സംരക്ഷിത മേഖലകൾക്ക് 2022 ജൂൺ 3ലെ വിധിയിൽ ഇളവ് അനുവദിച്ചിരുന്നു. ചില കാര്യങ്ങളിൽ തീർപ്പു വേണം. കരടുവിജ്ഞാപനമായതിനെ ഒറ്റവിധിയിലൂടെ ഒഴിവാക്കാനാകുമോ ഇതായിരുന്നു അമിക്കസ് ക്യൂറിയായ കെ പരമേശ്വർ ഉയർത്തിയ വാദം. ഇതിനോടാണ് എല്ലാറ്റിനും ഇളവു നൽകുക ബുദ്ധിമുട്ടാകും. ആ വിഷയം മൂന്നംഗ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് വിശദീകരിച്ചത്. എല്ലായിടത്തും ഒരേരീതി നടപ്പാകില്ലെന്നു കോടതി തന്നെ പറഞ്ഞിരുന്നു. ജനം താമസിക്കുകയും ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണ്. നിരോധിതം, നിയന്ത്രിതം, അനുവദനീയം എന്നിങ്ങനെയാണ് ഈ മേഖലയിൽ പ്രവർത്തനങ്ങളെ തിട്ടപ്പെടുത്തിയിരിക്കുന്നത്-ഇതായിരുന്നു കേന്ദ്ര വാദം. ഇതിനോട് ഈ വിഷയങ്ങളൊന്നും കേന്ദ്ര സർക്കാർ ശരിയാംവണ്ണം കോടതിക്കു മുന്നിൽ കൊണ്ടുവന്നിരുന്നില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് പ്രതികരിച്ചു.
കേന്ദ്രം ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശരിയാണ്. കേരളത്തിൽ വനമേഖലയും ടൗണും ചേർന്നുകിടക്കുകയാണ്. മംഗളവനം പക്ഷിസങ്കേതത്തിനു തൊട്ടടുത്താണ് ഹൈക്കോടതി. അതിനെയും ബാധിക്കുമെന്നും കേരളം അറിയിച്ചു. അങ്ങനെയെങ്കിൽ ഹൈക്കോടതിയും പൊളിച്ചുമാറ്റേണ്ടി വരുമല്ലോ എന്നതായിരുന്നു പ്രതികരണം. പൊളിച്ചുമാറ്റാൻ പോലും പറ്റാത്ത സ്ഥിതിയാകും. നിർമ്മിതികളും മറ്റും അതേപടി തുടരേണ്ടി വരും. കേരളത്തിൽ 23 ദേശീയോദ്യാനങ്ങളുണ്ട്. വിഷയം മൂന്നംഗ ബെഞ്ചിനു വിടുന്നതാകും നല്ലത്. അങ്ങനെ വരുമ്പോൾ അനുബന്ധമായി ചില പ്രശ്‌നങ്ങൾ കൂടി ഉന്നയിക്കാനാകുമെന്ന വാദവുമെത്തി.
കേരളത്തിൽ ബഫർസോൺ വിഷയത്തിൽ സംസ്ഥാനത്ത് ഇനി തീർപ്പാക്കാനുള്ളത് 10,419 പരാതികളാണ്. ഇതുവരെ ലഭിച്ച 65,774 പരാതികളിൽ 55,355 എണ്ണത്തിൽ സ്ഥലപരിശോധന നടത്തി തീർപ്പാക്കി. 73,085 നിർമ്മിതികളുടെ എണ്ണം അസറ്റ് മാപ്പർ ആപ്പിൽ അപ്‌ലോഡ് ചെയ്തു. നെറ്റ് വർക്ക് തകരാറുള്ളതിനാൽ അപ്‌ലോഡ് ചെയ്യാൻ ചില പഞ്ചായത്തുകൾക്കു കഴിഞ്ഞിട്ടില്ല. ബഫർസോൺ മേഖലയിലെ ജനവാസമേഖലകളുടെ കൃത്യത ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കഴിഞ്ഞ ദിവസം സർക്കാരിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടാണ് കൈമാറിയത്. സെപ്റ്റംബർ 30 നാണു സമിതിയെ നിയോഗിച്ചു വനം വകുപ്പ് ഉത്തരവിറക്കിയത്. അടുത്ത മാസം 28 വരെയാണ് സമിതിയുടെ കാലാവധി.
മറുനാടന് മലയാളി ബ്യൂറോ