- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ; പുറത്ത് വിട്ടത് 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട്; ജനങ്ങൾ പരാതി നൽകേണ്ടത് ഈ ഭൂപടം നോക്കി; ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കൂടി ഇനി ബഫർ സോൺ നിർണ്ണയത്തിൽ പരിഗണിക്കും; തെറ്റു തിരുത്താൻ അതിവേഗ നടപടി; കർഷക പ്രതിഷേധം ഫലം കാണുമ്പോൾ
തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്. ഭൂപടത്തിൽ താമസ സ്ഥലം വയലറ്റ് നിറത്തിൽ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറവും നൽകിയിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ പരാതികളും ആശങ്കകളും അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. വിട്ടുപോയ നിർമ്മിതികൾ കൂട്ടിച്ചേർക്കാനും നിർദ്ദേശം ഉണ്ട്. ഇതോടെ പരാതികൾ പരിഹരിക്കപ്പെടും.
2020-21ലെ വനം വകുപ്പിന്റെ ഭൂപടത്തിൽ ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സമയം നൽകും. ഇത്തരം അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി 7 വരെ നീട്ടിയിട്ടുണ്ട്. ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കൂടി ഇനി ബഫർ സോൺ നിർണ്ണയത്തിൽ പരിഗണിക്കും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് തദ്ദേശ, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഇതിനുള്ള തീരുമാനം ആയിരുന്നു.
എല്ലാ തരം നിർമ്മിതികളും സ്ഥലപരിശോധനയിൽ ഉൾപ്പെടുത്തും. തൊഴുത്ത്, ഏറുമാടം, കാത്തിരിപ്പു കേന്ദ്രം, പുൽമേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ നിർമ്മിതികൾ എന്നിവ ഉൾക്കൊള്ളിക്കും. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കും .പഞ്ചായത്തിൽ ഹെൽപ് ഡെസ്‌ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുവേ ജനവാസമുള്ള മേഖലകളിലെ നിലവിൽ ഒഴിഞ്ഞു കിടക്കുന്നയിടങ്ങളിൽ ഭാവിയിൽ വീടുകളോ മറ്റ് നിർമ്മിതികളോ വരാനുള്ള സാധ്യതയും കണക്കിലെടുക്കും. ഇത്തരം പ്രദേശങ്ങളിൽ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഉപഗ്രഹ സർവേയിൽ ഉൾപ്പെടാത്തവർക്ക് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി മുൻപാകെ വിവരം സമർപ്പിക്കാം. ഇതിനായാണ് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡെസ്‌ക്. വിവരങ്ങൾ നൽകേണ്ട മാതൃക ഹെൽപ് ഡെസ്‌ക്കിൽ നിന്നോ സർക്കാർ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. വിവരങ്ങൾ ഇ മെയിലിലോ ഹെൽപ് ഡെസ്‌കിലോ നൽകാം.
ഓരോ വാർഡിലും വാർഡ് അംഗവും വനം, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡേറ്റ അപ്ലോഡ് ചെയ്യാൻ പരിശീലനം ലഭിച്ച എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ രൂപീകരിക്കും. ഈ സമിതിയാണ് ഹെൽപ് ഡെസ്‌കുകളുടെ മേൽനോട്ടം വഹിക്കേണ്ടത്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനം, തദ്ദേശം, റവന്യു വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി മേൽനോട്ട സമിതി രൂപീകരിക്കും. കർഷക പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ ഇടപെടൽ നടത്തുന്നത്.
മൊബൈൽ ആപ് ഉപയോഗിച്ച് ഓരോ നിർമ്മിതിയുടെയും ജനവാസകേന്ദ്രത്തിന്റെ കൃഷിയിടത്തിന്റെ ജിയോ ടാഗിങ് നടത്തും. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാംപ് ഓഫിസുകൾ ആയി ഹെൽപ് ഡെസ്‌കുകൾ ക്രമീകരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്തും. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച ശേഷം പരിശോധനയ്ക്കായി വാർഡ് തല ഹെൽപ് ഡെസ്‌കിനു കൈമാറും.
മറുനാടന് മലയാളി ബ്യൂറോ