തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയിൽ (ബഫർസോൺ) കർഷകരുടെ ആശങ്ക തുടരും. ബഫർസോണിൽ കേരളം സുപ്രീംകോടതിയിൽ നൽകുന്നത് ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് മാത്രം ആയിരിക്കില്ല. വനംതദ്ദേശറവന്യു വകുപ്പുകൾ ചേർന്ന് ഇപ്പോൾ നടത്തുന്ന നേരിട്ടുള്ള സ്ഥലപരിശോധനയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കില്ല. ഉപഗ്രഹ സർവ്വേയ്‌ക്കെതിരെയായിരുന്നു ജനകീയ പ്രതിഷേധമെല്ലാം. ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. ഉപഗ്രഹ സർവ്വേ നൽകുന്നത് കർഷകർക്ക് തിരിച്ചടിയാകും. നിരവധി ജനവാസ മേഖലകൾ ഈ ഉപഗ്രഹ സർവ്വേയിൽ നിറയുന്നുണ്ട്.

ഉപഗ്രഹ ചിത്രങ്ങൾ ആസ്പദമാക്കി സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഇസി) തയാറാക്കിയ സർവേ റിപ്പോർട്ടിൽ വീടുകൾ, വ്യാപാരവാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ എണ്ണത്തിൽ കൃത്യതയില്ലെന്നും പിഴവുകളുണ്ടെന്നും ആക്ഷേപമുയർന്നിരുന്നു. ഉപഗ്രഹസർവേ റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. ഇതിനെതിരെയാണ് കർഷക സംഘടനകൾ സമരം ചെയ്തത്. എന്നാൽ ഈ സമരമൊന്നും ഫലം കാണാത്ത അവസ്ഥയാണ് ഇപ്പോഴുണ്ടാകുന്നത്. ഉപഗ്രഹ സർവ്വേ കർഷക പ്രതീക്ഷകൾക്ക് തിരിച്ചടിയാകും.

അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിയമോപദേശത്തെ തുടർന്നാണ് തീരുമാനം. സ്ഥലപരിശോധനാ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടാൽ 3 മാസത്തെ സാവകാശം ചോദിക്കും. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ലെങ്കിൽ വലിയ പ്രശ്‌നമാകും. ബഫർ സോൺ നിർണ്ണയത്തിൽ ഇതു വരെ സംസ്ഥാനം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണവും കോടതിയിൽ നൽകും. ഈ മാസം 11 നാണ് കേസ് പരിഗണിക്കുന്നത്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ സുപ്രീംകോടതി കഴിഞ്ഞ ജൂൺ 3 ന് പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസിൽ കക്ഷി ചേരാനുള്ള നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്. ഇതാണ് കേരളത്തിനുള്ള പ്രതീക്ഷ. കർഷകാനുകൂല നിലപാട് കേന്ദ്രം എടുത്തേക്കും.

വനം വകുപ്പിന്റെ കരടുഭൂപടം, സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ ഭൂപടം എന്നിവയിൽ ചേർക്കാൻ വിട്ടുപോയ നിർമ്മിതികളെക്കുറിച്ച് ജനങ്ങൾക്ക് പരാതി നൽകാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ശനിയാഴ്ച അവസാനിക്കും. പരാതികൾ തരംതിരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനൊപ്പം പഞ്ചായത്തുകളിൽ നേരിട്ടു സ്ഥലപരിശോധനയും നടത്തേണ്ടതുണ്ട്. എന്നാൽ പകുതിയോളം പഞ്ചായത്തുകളിൽ മാത്രമാണു സ്ഥലപരിശോധന നിലവിൽ നടക്കുന്നത്. 4 ദിവസത്തിനകം ഇതു പൂർത്തിയാക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ.

മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതിനായി നടത്തിയ ഉപഗ്രഹസർവേ റിപ്പോർട്ട് അശാസ്ത്രീയമാണെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ നടത്തിയ ഫീൽഡ് സർവേയിലെ കണ്ടെത്തൽ. ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രകാരം ചക്കിട്ടപാറ പഞ്ചായത്തിലെ 13 വാർഡുകളാണ് ബഫർസോണിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഫീൽഡ് സർവേ നടത്തിയപ്പോൾ 10 വാർഡുകൾ മാത്രമാണ് ഉൾപ്പെടുന്നത് എന്നു കണ്ടെത്തി.

ഇതിൽ പൂർണമായും ഉൾപ്പെടുന്നത് 5 വാർഡുകൾ മാത്രമാണ്. 5 വാർഡുകളുടെ ചില ഭാഗങ്ങൾ മാത്രമാണുള്ളത്. വീടുകൾക്കു പുറമേ 4 ക്രിസ്ത്യൻ പള്ളികൾ, 3 മസ്ജിദുകൾ, 16 ക്ഷേത്രങ്ങൾ, 7 സ്‌കൂളുകളുകൾ എന്നിവയും ഫീൽഡ് സർവേ അനുസരിച്ച് ബഫർസോണിലാണ്. പഞ്ചായത്ത്, വനം, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഫീൽഡ് സർവേ നടത്തുന്നത്.

രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണിപ്പോൾ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികൾ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫർസോൺ വിഷയത്തിൽ സജീവമാണ്.