തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല (ബഫർസോൺ) വിഷയത്തിൽ ലഭിച്ച പരാതികളിൽ നേരിട്ടുള്ള സ്ഥലപരിശോധനയിലൂടെ ഇതുവരെ തീർപ്പാക്കിയത് 45.64 % മാത്രം. പഞ്ചായത്ത് ഹെൽപ് ഡെസ്‌ക്കുകളിൽ ആകെ ലഭിച്ച 65,701 പരാതികളിൽ 29,900 എണ്ണം തീർപ്പാക്കി. 35,601 പരാതികൾ ശേഷിക്കുകയാണെന്നും ഇതുവരെയുള്ള നടപടികൾ സംബന്ധിച്ചു സർക്കാരിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു. പകുതി പോലും പരാതികൾ തീർപ്പായില്ലെന്നതാണ് വസ്തുത. അതിനിടെ ബഫർ സോണിൽ നിർദ്ദേശിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ വനാവരണം കേരളത്തിൽ കർഷകർ സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കർഷക സംഘടനകളും സുപ്രീം കോടതിയെ സമീപിച്ചുിട്ടുണ്ട്.

പരാതി തീർപ്പാക്കുന്നതിൽ ചില പഞ്ചായത്തുകളുടെ നിസ്സഹകരണവും നടപടികൾ വൈകിപ്പിക്കുന്നു എന്നതാണ് വസ്തുത. 10 പഞ്ചായത്തുകൾ നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ അസറ്റ് മാപ്പർ ആപ്പിൽ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. 45 പഞ്ചായത്തുകളിൽ നടപടികൾ പുരോഗമിക്കുന്നു. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു. മലബാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ 96.40 % പരാതികൾ തീർപ്പാക്കി. അതേസമയം, പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ 2.88% പരാതികൾ മാത്രമാണ് ഇതുവരെ പരിഹരിച്ചത്.

ആറളം, കൊട്ടിയൂർ, വയനാട്, ശെന്തുരുണി സംരക്ഷിത മേഖലകളിൽ പഞ്ചായത്തുകളിൽ നിന്നു വിവരങ്ങൾ ലഭിക്കാത്തതിനാൽ ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. ഈ മാസം മൂന്നിനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അസറ്റ് മാപ്പർ ലഭ്യമാക്കിയത്. സ്ഥലപരിശോധന വൈകാൻ ഇതും കാരണമായി. ഇതുവരെ 34,854 പുതിയ നിർമ്മിതികളെക്കുറിച്ചുള്ള വിവരം ആപ്പിലൂടെ വനം വകുപ്പ് ഭൂപടത്തിൽ അപ്‌ലോഡ് ചെയ്തു. ഉപഗ്രഹസർവേയിലൂടെ കണ്ടെത്തി അപ്ലോഡ് ചെയ്ത 49,300 നിർമ്മിതികൾക്കു പുറമേയാണിത്. ഇതോടെ ആകെ 84,184 നിർമ്മിതികൾ. ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മിതികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണു കരുതുന്നത്. പുതുതായി കണ്ടെത്തിയവയിൽ കൃഷിഭൂമിയും ഉൾപ്പെടുന്നുണ്ട്.

അതിനിടെയാണ് കർഷക സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ആവശ്യം. പാലാ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനുവേണ്ടി ജയിംസ് വടക്കൻ, കോഴിക്കോട് സേവ് വെസ്റ്റേൺ ഗാട്ട്‌സ് പീപ്പിൾസ് ഫൗണ്ടേഷനുവേണ്ടി ജോസ് കണ്ണംചിറ എന്നിവർ അഭിഭാഷകനായ വിൽസ് മാത്യു വഴിയാണു ഹർജി നൽകിയത്. കേരളത്തിൽനിന്നുള്ള ആദ്യ സർക്കാരിതര ഹർജിയാണിത്.

കർഷകർ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ക്വാറി പ്രവർത്തനം സർക്കാർ അനുവദിക്കാതിരിക്കുകയും ചെയ്താൽ കേരളത്തിൽ ഒരു കിലോമീറ്റർ ബഫർ സോണിന്റെ ആവശ്യമില്ലെന്നു ഹർജിയിൽ പറയുന്നു. കർഷകരുടെ കയ്യിലുള്ള ഭൂമി പരിസ്ഥിതിസൗഹൃദപരമാണ്. വനത്തിലും വനാതിർത്തിയിലും കൃഷിക്കു ഭൂമി കിട്ടിയിട്ടുള്ളത് നിയമപരമായാണ്. സ്ഥലപരിമിതി രൂക്ഷമായ കേരളത്തിൽ 28 ലക്ഷം ഭൂരഹിതരുണ്ട്. ഇവർക്കുകൂടി ഭൂമി നൽകണമെന്നിരിക്കെ കൂടുതൽ റവന്യു ഭൂമി ബഫർസോണാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേരളം ഇന്ന് അപേക്ഷ നൽകും. കേരളത്തിന്റെ നിലപാടും ആശങ്കകളും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. 11നാണു കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്.