- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ ഉപഗ്രഹ സർവയെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയുടെ കാലാവധിയും പരാതി നൽകാനുള്ള തീയതിയും നീട്ടി; പരാതി നൽകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെ തുടർന്ന് നടപടി; സർവേക്കെതിരെ കർഷക സംഘടനകളുമായി ചേർന്ന് ജനജാഗ്രതാ യാത്ര നടത്താൻ കെസിബിസി; രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്ന് വനം മന്ത്രിയും
തിരുവനന്തപുരം: ബഫർസോൺ ഉപഗ്രഹ സർവേയെ പരാതികൾ പ്രവഹിക്കുമ്പോൾ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി സംസ്ഥാന സർക്കാർ നീട്ടി. സമിതിയുടെ മുന്നിൽ പരാതി നൽകാൻ സമയം വേണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി. വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജനങ്ങൾക്ക് പരാതി നൽകാനുള്ള തീയതിയും നീട്ടി നൽകി.
ബഫർസോൺ വിഷയത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള വിദഗ്ധസമിതിയുടെ വിശദമായ പരിശോധനാ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സർക്കാർ അന്തിമതീരുമാനമെടുക്കൂ എന്ന് മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശങ്കയുള്ളവരും പരാതിയുള്ളവരും സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വിദഗ്ധസമിതിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാനുള്ള സമയം ഈ മാസം 23ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും സർക്കാർ സമയം നീട്ടിയിരിക്കുന്നത്. അതേസമയം, സാറ്റലൈറ്റ് സർവേയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കെ.സി.ബി.സി (കേരള കത്തോലിക്ക മെത്രാൻ സമിതി). ബഫർസോൺ നിർണയത്തിനായി നടത്തുന്ന ഉപഗ്രഹ സർവേയ്ക്കെതിരെ ജനജാഗ്രത യാത്ര നടത്താൻ കെ.സി.ബി.സി തീരുമാനിച്ചു.
കർഷക സംഘടനകളുമായി ചേർന്നാണ് ജനജാഗ്രത യാത്ര നടത്തുക. താമരശ്ശേരി രൂപത അധ്യക്ഷൻ റെമിജിയോസ് ഇഞ്ചനാനി യാത്ര ഉദ്ഘാടനം ചെയ്യും. ഈ മാസം 19നാണ് യാത്ര ആരംഭിക്കുക. ബഫർസോൺ ഉപഗ്രഹ സർവേയിൽ അടിമുടി ആശയക്കുഴപ്പമാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കെ.സി.ബി.സിയുടെ നീക്കം. അതിരുകളിലെ അവ്യക്തതയിൽ മലയോര കർഷകർ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവന്നിട്ടും മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോണിൽ അവ്യക്തത നിലനിൽക്കുകയാണ്.
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ കരടിൽ ജനവാസ മേഖലയിലെ നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും വിട്ടുപോയെന്നാണ് പരാതി. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അനുബന്ധ വിവരങ്ങൾ കൂടി ചേർത്ത് പുതിയ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ നിർദേശിച്ചെങ്കിലും ഇതും പ്രായോഗികമല്ലെന്നാണ് ആക്ഷേപം. ഇതിനിടെ ബഫർ സോൺ വിഷയത്തിൽ കെ.സി.ബി.സി സമരം ദൗർഭാഗ്യകരമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് കെ.സി.ബി.സി നിൽക്കരുത്.
സുപ്രീംകോടതി നിർദേശ പ്രകാരമാണ് സാറ്റലൈറ്റ് സർവേ നടത്തുന്നത്. സർവേ ചെയ്യാതിരിക്കാൻ സാധിക്കില്ല. സർവേ മാത്രം ആശ്രയിച്ചല്ല നിലപാട് സ്വീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിന് ശേഷമാണ് അന്തിമ നിലപാട് എടുക്കുക. ആശങ്കയുള്ളവർ വിദഗ്ധ സമിതിയുമായി സഹകരിക്കണം. ജുഡീഷ്യൽ സമിതിയുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ അന്തിമ തീരുമാനമുള്ളൂ. ഇക്കാര്യത്തിൽ എന്ത് പുകമറയാണ് ഉള്ളതെന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ സമരങ്ങൾക്ക് മതമേലധ്യക്ഷന്മാർ കൂട്ടുനിൽക്കരുതെന്നും മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ബഫർ സോൺ വിഷയത്തിൽ വനം വകുപ്പിനും മന്ത്രി എ.കെ ശശീന്ദ്രനുമെതിരെ രൂക്ഷ വിമർശനമാണ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നടത്തിയത്. വനം മന്ത്രിയും വകുപ്പും പുകമറ സൃഷ്ടിക്കുകയാണെന്നും കർഷകരെ വഴിയാധാരമാക്കുന്ന റിപ്പോർട്ട് നൽകാനാണ് ശ്രമിക്കുന്നതെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടുന്നു. വനം വകുപ്പിന്റെ നടപടികൾ നിരുത്തരവാദപരമാണ്. കർഷകരുടെ പ്രശ്നങ്ങളെ സർക്കാർ നിസാരവത്കരിക്കുകയാണ്. കർഷകരോഷം ജനകീയ പ്രക്ഷോഭമായി വളരുമെന്നും കർഷകരുടെ വികാരങ്ങൾക്കൊപ്പം സഭയുണ്ടാകുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ