തിരുവനന്തപുരം: ബഫർസോൺ ഉപഗ്രഹ സർവേയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അനുനയ ശ്രമവുമായി സംസ്ഥാന സർക്കാർ. അനുനയ നീക്കമായി മന്ത്രിമാർ ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തി. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനും കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് ബാവയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. പട്ടത്തെ ബിഷപ്പ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സമരരംഗത്തുള്ള ക്രൈസ്തവസഭയെ അനുനയിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ബഫർസോണിൽ സഭ നേതൃത്വവുമായി തർക്കമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഉപഗ്രഹസർവേയിലെ അപാകതകൾ പരിഹകരിക്കും. ഫീൽഡ് സർവേ തീരുമാനിച്ചിട്ടുണ്ട്. കാര്യങ്ങൾ മനസിലാകുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഫീൽഡ് സർവേ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. കർദിനാളിനെ കണ്ടത് ക്രിസ്തുമസ് ആശംസ അറിയിക്കാനെന്നും മന്ത്രി പറഞ്ഞു.

ബഫർ സോൺ ആശങ്ക തീർക്കാനുള്ള തുടർനടപടി സ്വീകരിക്കാൻ ഇന്ന് രണ്ട് നിർണായക യോഗങ്ങൾ ചേരും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗവും സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും ഇന്ന് ചേരും. ഇടുക്കി ജില്ലയിലെ ബഫർസോൺ ഉപഗ്രഹ സർവേയിലെ അപാകത കണ്ടെത്താൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് തുടങ്ങും. മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവ്വേ നമ്പറുകൾ വനാതിർത്തിയോട് ചേർന്ന പ്രദേശമാണോ, സംരക്ഷിത വനമേഖലയുടെ അതിർത്തിയാണോ, ജനസാന്ദ്രത കൂടിയ പ്രദേശമാണോ തുടങ്ങിയവയൊക്കെയാണ് പരിശോധിക്കുക.

വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, ഡിഎഫ്ഒ നിർദേശിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവരുടെ സംഘമാണ് പരിശോധന നടത്തുക. മൂന്ന് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിർത്തിയിലെ വില്ലേജുകൾ, ബഫർ സോൺ സർവ്വേയുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ച വില്ലേജുകൾ എന്നിവിടങ്ങളിലെ വില്ലേജ് ഓഫീസർമാരോട് ആണ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ബഫർ സോണിലെ ജനവാസ മേഖല സംബന്ധിച്ച ഉപഗ്രഹ സർവേയുടെ പ്രാഥമിക റിപ്പോർട്ടിനെപ്പറ്റി കർഷകരും ജനങ്ങളും പ്രതിപക്ഷവും ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നലെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നടത്തിയ പ്രതികരണം. റിപ്പോർട്ട് പൂർണമല്ലെന്നും അപാകതകളുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഭൂരേഖകൾ കൂടി പരിശോധിച്ച് അതിസൂക്ഷ്മമായി നടത്തേണ്ട സർവേയെക്കുറിച്ചു തുടക്കം മുതൽ ആരോപണങ്ങളും പരാതിയും ഉയർന്നിരുന്നു. വനംവകുപ്പ് അതു ഗൗരവത്തിലെടുത്തു പോരായ്മകൾ പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.

സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ജൂൺ മൂന്നിനു സുപ്രീം കോടതി നിർദേശിച്ചെങ്കിലും 10 ദിവസത്തിനു ശേഷമാണു വനം വകുപ്പിൽ ഇതിനായുള്ള ആലോചന തുടങ്ങിയത്. സർവേ സംബന്ധിച്ചു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായഭിന്നത പിന്നെയും കാര്യങ്ങൾ വൈകിപ്പിച്ചു. ഒടുവിൽ കെഎസ്ആർഇസിയെ ഏൽപിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരത്തെ നെയ്യാർ, തൃശൂരിലെ പീച്ചി വാഴാനി വന്യജീവി സങ്കേതങ്ങളെക്കുറിച്ചു പരീക്ഷണാർഥം സർവേ നടത്തിയ ശേഷം തീരുമാനിക്കാമെന്ന് അവിടെനിന്ന് അറിയിച്ചു. സർവേ നടത്താൻ ജൂലൈ 11നു ധാരണയാകുമ്പോഴേക്കും കോടതി ഉത്തരവിട്ട് ഒരു മാസവും 8 ദിവസം കഴിഞ്ഞിരുന്നു. സർക്കാർ ഉത്തരവിറങ്ങാൻ പിന്നെയും വൈകി. സർവേ നടത്താൻ കെഎസ്ആർഇസിക്കു വനം വകുപ്പ് 50 ദിവസമാണ് അനുവദിച്ചത്. 42 ദിവസത്തിനകം സെന്റർ റിപ്പോർട്ട് നൽകി. 22 സംരക്ഷിതവന മേഖലകളിൽ 14 എണ്ണത്തിന്റെ സർവേ പൂർത്തിയാക്കിയത് വെറും 16 ദിവസം കൊണ്ടാണ്. തിരക്കിട്ടു നടത്തിയ സർവേയിലെ പിഴവുകൾ പരിശോധിച്ചു തിരുത്താൻ വനം വകുപ്പും ശ്രമിച്ചില്ല. കെഎസ്ആർഇസി ഓഗസ്റ്റ് 29നു നൽകിയ റിപ്പോർട്ട് സർക്കാർ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത് ഈ മാസം 12നു മാത്രമാണ്. അപ്പോഴേക്കും കോടതി തീരുമാനം വന്ന് ആറുമാസം കഴിഞ്ഞിരുന്നു. ഇത്രയും വച്ചുതാമസിപ്പിച്ചതിനും വനംവകുപ്പിന് ഉത്തരമില്ല. റിപ്പോർട്ട് പുറത്തായതോടെ, കർഷകരും ജനങ്ങളും അതിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആശങ്കകൾ പങ്കുവച്ചും രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലുമായി.

ഓഗസ്റ്റ് 29നു കെഎസ്ആർഇസി മുഖ്യമന്ത്രി പിണറായി വിജയൻ മുൻപാകെ പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി, നേരിട്ടു സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകാനും അതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശിച്ചു. ഇതനുസരിച്ചാണ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായി വിദഗ്ധസമിതി രൂപീകരിച്ചത്. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ടും 3 മാസത്തിനകം അന്തിമ റിപ്പോർട്ടും നൽകാനാണ് നിർദേശിച്ചതെങ്കിലും ഇതുവരെ ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. സമിതിയുടെ 3 മാസ കാലാവധി 2 മാസം കൂടി നീട്ടിനൽകി. പ്രതിമാസം 1.15 ലക്ഷം രൂപയാണു സമിതി ചെയർമാന്റെ പ്രതിഫലം.