- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർ സോൺ സർവേ സർക്കാർ പൂഴ്‌ത്തിയത് സംശയാസ്പദം; മാനുവൽ സർവേ നടത്താൻ കിട്ടിയ സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ല; പുതിയ സർവേ നടത്താൻ നിർദേശിച്ചിട്ട് പഴയ സർവേ റിപ്പോർട്ടുമായി ചെന്നാൽ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ? കൂടുതൽ സമയം തേടണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ബഫർ സോൺ സംബന്ധിച്ച ഉപഗ്രഹ സർവേയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവേ സംസ്ഥാന സർക്കാർ പൂഴ്‌ത്തിയത് സംശയാസ്പദമെന്ന് സതീശൻ വിമർശിച്ചു. മാനുവൽ സർവേ നടത്താൻ കിട്ടിയ സമയം സർക്കാർ പ്രയോജനപ്പെടുത്തിയില്ല. ഓഗസ്റ്റ് 29ന് ഉപഗ്രഹ സർവേയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. ആ റിപ്പോർട്ട് അപൂർണവും അവ്യക്തത നിറഞ്ഞതുമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടതാണ്. എന്നാൽ, സർക്കാർ റിപ്പോർട്ട് മൂന്നര മാസം പൂഴ്‌ത്തിവെച്ചെന്നും സതീശൻ പറഞ്ഞു.
ബഫർ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ സർവേ നടത്തി, വേണമെങ്കിൽ ഉപഗ്രഹ സർവേ കൂടി നടത്തി മൂന്ന് മാസത്തിനുള്ളിൽ കൃത്യമായ വിവരം നൽകാനാണ് ജൂൺ മൂന്നിന് പുറപ്പെടുവിച്ച വിധിയിൽ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. വിധി വന്നതിന് ശേഷം സമയമുണ്ടായിരുന്നിട്ടും സർവേ നടത്തിയില്ല. പുതിയ വിവരങ്ങൾക്ക് പകരം 2020 -21ൽ നടത്തിയ സർവേയിലെ വിവരങ്ങളാണ് സർക്കാർ സുപ്രീംകോടതിയിൽ നൽകുന്നത്. പുതിയ സർവേ നടത്താൻ നിർദേശിച്ചിട്ട് പഴയ സർവേ റിപ്പോർട്ടുമായി ചെന്നാൽ സുപ്രീംകോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ?
2020 -21 മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ പരാതികളുണ്ടെങ്കിൽ പറയാമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയല്ല ചെയ്യേണ്ടത്. ബഫർ സോണിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരല്ല പരാതി നൽകേണ്ടത്. ബഫർ സോൺ ഒഴിവാക്കണമെന്ന് സർക്കാരാണ് സുപ്രീംകോടതിയിൽ വാദിച്ച് ബോധ്യപ്പെടുത്തേണ്ടത്. പഴയ റിപ്പോർട്ട് നൽകാതെ സുപ്രീംകോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സർക്കാർ പുതിയ സർവേ റിപ്പോർട്ട് നൽകണം. പുതിയ സർവേയിൽ ബഫർ സോണിൽ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകൾ ദേവാലയങ്ങൾ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ അടക്കമുള്ള കെട്ടിടങ്ങളുടെയും കണക്കെടുക്കണം.
ഇത്തരത്തിൽ 90 ശതമാനമെങ്കിലും ശരിയായ സർവേ റിപ്പോർട്ടാകണം സുപ്രീംകോടതിയിൽ കൊടുക്കേണ്ടത്. ജനസാന്ദ്രതയും കൃഷിയിടങ്ങളുമുള്ള പ്രദേശത്തെയാണ് ബഫർ സോണാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതിയെ ഈ റിപ്പോർട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. അതിന് വേണ്ടിയാണ് മാനുവൽ സർവെ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ടും സർക്കാർ എന്തിനാണ് നാടകം കളിക്കുന്നത്?
ജനുവരിയിൽ തന്നെ മാനുവൽ സർവേ ആരംഭിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം ഇത്. വനം വകുപ്പ് മാത്രമല്ല സർവേ നടത്തേണ്ടത്. വിവിധ സർക്കാർ ഏജൻസികളുടെ സഹായം തേടാമെന്ന് ഉത്തരവിലുണ്ട്. വനം മന്ത്രി ഉത്തരവ് വായിച്ച് നോക്കണം. ജനുവരിയിൽ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോൾ ഏത് റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കാൻ പോകുന്നതെന്നു പോലും വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തോടെ ആശയക്കുഴപ്പം വർധിച്ചിരിക്കുകയാണ്. സർക്കാർ ചെയ്ത തെറ്റുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
മാനുവൽ സർവേ നടത്തുമെന്ന് ഇപ്പോൾ പറയുന്നവർ മാസങ്ങൾ സമയമുണ്ടായിരുന്നിട്ടും അതിന് തയാറായില്ല. അവ്യക്തതകൾ നിറഞ്ഞ ഉപഗ്രഹ സർവ് റിപ്പോർട്ട് ഓഗസ്റ്റ് 29-ന് കയ്യിൽ കിട്ടിയിട്ടും മൂന്നര മാസം പൂഴ്‌ത്തി വച്ചു. വിവാദമായപ്പോഴാണ് മാനുവൽ സർവേ നടത്തുമെന്ന് പറയുന്നത്. ഇപ്പോഴും അത് എന്ന് തുടങ്ങുമെന്നും വ്യക്തമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ