തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം സമരം തുടങ്ങാൻ ഒരുങ്ങുമ്പോൾ യുഡിഎഫിനെ വെട്ടിലാക്കിയ രേഖ പുറത്ത്. യുഡിഎഫ് കാലത്തെ രേഖയാണ് പ്രതിപക്ഷത്തെ വെട്ടിലാക്കുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

2013 മെയ് എട്ടിന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംരക്ഷിത വനമേഖലകൾക്ക് ചുറ്റും പൂജ്യം മുതൽ 12 കിലോമീറ്റർ വരെ ബഫർസോണായി നിജപ്പെടുത്താനാണ് തീരുമാനമെടുത്തത്. ബഫർ സോൺ യുഡിഎഫ് സർക്കാർ 12 കിലോമീറ്ററാക്കിയത് ഒരുകിലോമീറ്ററാക്കി കുറയ്ക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ വിഷയത്തിൽ പ്രതിരോധത്തിലായ കോൺഗ്രസ് സർക്കാർ വാദങ്ങളെ പ്രതിരോധിച്ച് രംഗത്തുവന്നിട്ടുണ്ട്. 2013-ലെ തീരുമാനം ജനവാസമേഖലയെ ഒഴിവാക്കാനായിരുന്നെന്നും അത് 2015-ലെ കരട് നിർദേശത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും യുഡിഎഫ് വാദിക്കുന്നു.

ബഫർ സോണിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന രേഖകൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം വി ഡി സതീശൻ ഉൾപ്പെടുന്ന ഉപസമിതി റിപ്പോർട്ട് കൂടി പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ ബഫർസോൺ 12 കിലോമീറ്ററാക്കിയത്. ബഫർസോണിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

വിഷയത്തിൽ യുഡിഎഫിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഹരിത എം എൽ എമാർക്കെതിരെ മന്ത്രി എ കെ ശശീന്ദ്രനും രംഗത്തെത്തി. ബഫർ സോൺ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് മന്ത്രി എം വി ഗോവിന്ദൻ ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങളോടെ ബഫർസോണിൽ രാഷ്ട്രീയ പോരും കനക്കുകയാണ്.

അതേസമയം ബഫർസോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നൽകിയ ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ട്്. 2021ൽ തയ്യാറാക്കിയ സീറോ ബഫർസോൺ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. ഓരോ മേഖലയ്ക്കും പ്രത്യേക നിറങ്ങൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറത്തിലും വാണിജ്യ സ്ഥാപനങ്ങൾ ചുവപ്പ് നിറത്തിലും ജനവാസ മേഖല വയലറ്റ് നിറത്തിലും നൽകിയിട്ടുണ്ട്. ആശുപത്രികൾ, ആരാധനാലയങ്ങൾ, കടകൾ എന്നിവയും ഭൂപടത്തിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓരോ സംരക്ഷിത വനമേഖലയുടെയും ബഫർസോൺ പരിധിയിൽ വരുന്ന വിവിധ നിർമ്മിതികളുടെ പട്ടിക സൈറ്റിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട. പ്രാദേശിക തലങ്ങളിലെ സർക്കാർ ഓഫീസുകളിൽ ഭൂപടം പ്രസിദ്ധീകരിക്കും. പുതിയ ഭൂപടത്തെ അടിസ്ഥാനമാക്കി വേണം പരാതി നൽകാനെന്നും വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ഉൾപ്പെടാതെ പോയ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാനും അവസരമുണ്ട്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തിൽ ഹെൽപ് ഡെസ്‌ക് തുടങ്ങണം. വാർഡ് തലത്തിൽ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. നടപടികൾ വേഗത്തിലാക്കാനും പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.