- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ വിഷയത്തിൽ സർക്കാറിന് ഇപ്പോഴും മെല്ലേപ്പോക്ക്; 26,030 പരാതികൾ ലഭിച്ചിട്ടും തീർപ്പാക്കിയത് 18 എണ്ണം മാത്രം; മൂന്നുദിവസം മാത്രം ബാക്കി നിൽക്കെ മറ്റു പരാതികളുടെ കാര്യത്തിൽ അവ്യക്തത; വനം വകുപ്പ് നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ പഞ്ചായത്തുകളിൽ സ്ഥലപരിശോധന പകുതി പോലും പൂർത്തിയാകില്ല; ഫീൽഡ് സർവേയും മന്ദഗതിയിൽ
തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ മലയോര ജനതയെ സർക്കാർ തീർത്തും കൈവിട്ട അവസ്ഥയിലാണ് കാര്യങ്ങൾ. പരിസ്ഥിതിലോല മേഖല വിഷയത്തിൽ നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ പഞ്ചായത്ത് ഹെൽപ് ഡെസ്‌കുകളിൽ ലഭിച്ച 26,030 പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ പരാതികളിൽ എന്തു നടപടി എടുത്തു എന്നു പരിശോധിക്കുമ്പോഴാണ് സർക്കാറിന്റെ ആത്മാർത്ഥത ഇല്ലായ്മ വ്യക്തമാകുക.
ഇതു വരെ തീർപ്പാക്കിയത് 18 എണ്ണം മാത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വനം വകുപ്പ് പുറത്തു വിട്ട രണ്ടു ഭൂപടങ്ങളിൽ വിട്ടു പോയ നിർമ്മിതികൾ ചേർക്കുന്നതിനും പരാതി നൽകുന്നതിനുമായി മൂന്നുദിവസം മാത്രം ബാക്കി നിൽക്കെ മറ്റു പരാതികളുടെ കാര്യം എന്താകുമെന്ന് വ്യക്തതയില്ല. സമയപരിധി അവസാനിക്കുന്നത് ശനിയാഴ്ചയാണ്. വനം വകുപ്പ് നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ ഈ പഞ്ചായത്തുകളിൽ സ്ഥലപരിശോധന പകുതി പോലും പൂർത്തിയാകില്ല. സ്ഥലപരിശോധനയടക്കം എല്ലാ നടപടിയും പൂർത്തിയാക്കി ഈ മാസം 11 നുള്ളിൽ സുപ്രീം കോടതിക്കു റിപ്പോർട്ടു നൽകുമെന്നാണ് മുഖ്യമന്ത്രി മുൻപ് പറഞ്ഞത്.
സ്ഥലപരിശോധന സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച പരാതികൾ ചേർത്തു തയാറാക്കിയ പുരോഗതി റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ് വനം മന്ത്രി എ.െക.ശശീന്ദ്രനു കൈമാറി. പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കാൻ 5 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ടു സ്ഥലപരിശോധന തുടങ്ങിയതെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
91 തദ്ദേശ സ്ഥാപനങ്ങളിലാണ് നേരിട്ടു സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചത്. സൈലന്റ് വാലി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന തെങ്കര പഞ്ചായത്തിലൊഴികെ എല്ലായിടത്തും ഹെൽപ് ഡെസ്‌കുകൾ തുടങ്ങി. 33 പഞ്ചായത്തുകളിൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ(കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ് പ്രകാരം ജനവാസമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതു വരെയും അപ്‌ലോഡ് ചെയ്തിട്ടില്ല. പകുതിയോളം പഞ്ചായത്തുകളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള പരിശീലനം മാത്രമാണ് ഇതുവരെ നൽകിയത്. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ ലഭിച്ച 340 പരാതികളിൽ ഇരട്ടിപ്പു കണ്ടെത്തിയതിനാൽ ഒഴിവാക്കി. ചില തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ച പരാതികളിൽ ഇപ്പോഴും പരിശോധന നടന്നു വരികയാണ്.
പെരിയാർ കടുവ സങ്കേതത്തിലെ 7 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ ലഭിച്ച 16 പരാതികളിൽ മുഴുവൻ എണ്ണവും തീർപ്പാക്കി. പീച്ചിവാഴാനിചിമ്മിനിചൂലന്നൂർ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികൾ ലഭിച്ചത് 6133. എന്നാൽ ഇവയിൽ ഒന്നു പോലും പരിഹരിച്ചിട്ടില്ല. മലബാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന 9 പഞ്ചായത്തുകളിലായി 5203 പരാതികൾ ലഭിച്ചെങ്കിലും ഒരെണ്ണം പോലും തീർപ്പാക്കിയില്ല. മലബാർ വന്യജീവി സങ്കേതത്തിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ മാത്രം 4240 പരാതികളാണ് ഇതു വരെ ലഭിച്ചത്.
അതേസമയം കൃത്യമായി വിവരങ്ങൾ അടയാളപ്പെടുത്തിയ മാപ് നൽകാത്ത സർക്കാർ ബഫർ സോൺ പ്രദേശം കണ്ടെത്തുന്നതിന് വേണ്ടിയുള്ള ആപ് പഞ്ചായത്തുകൾക്ക് നൽകി. എല്ലാ തരം ഫോണുകളിലും പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് ആപ് എന്നു പരാതിയുണ്ട്. ആപ് തുറന്ന് ആദ്യം ഫോൺ നമ്പറും ഇ മെയിൽ ഐഡിയും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. റജിസ്‌ട്രേഷൻ അംഗീകരിക്കപ്പെട്ടാൽ ലോഗിൻ ചെയ്യാം. ലൊക്കേഷനിൽ നിന്ന ശേഷം ആപ് തുറന്നാൽ ജിപിഎസ് വഴി നിൽക്കുന്ന സ്ഥലം വ്യക്തമാകും. തുടർന്ന് ആപിലെ ദൃശ്യം സൂം ഇൻ ചെയ്താൽ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയും ബഫർ സോണിന്റെ അതിരും വ്യക്തമാകും. സോണിന് ഉള്ളിൽ ആണ് എന്ന് കണ്ടെത്തിയാൽ നിർമ്മിതികളുടെ ഫോട്ടോ സഹിതം പ്രൊഫോർമ സമർപ്പിക്കണം. ആപ് റജിസ്‌ട്രേഷൻ അനുവദിക്കുന്നത് വന്യജീവി സങ്കേതം വാർഡനാണ്.
ഇതിനിടെ വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്റീയർമാരുടെ പരിശീലനം പോലും പലയിടങ്ങളിലും പൂർത്തിയാക്കാനായില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തുവിട്ട ബഫർ സോൺ മാപ്പുകളിൽ ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഫീൽഡ് സർവേ നടത്തുന്നത്. മിക്ക ജില്ലകളിലും നടപടികൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിക്കുന്ന വയനാട്ടിലെ സ്ഥിതി മറ്റൊന്നാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. പഞ്ചായത്തുകളെയും റവന്യൂ വനം വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് നാഥനില്ലാത്ത സ്ഥിതിയാണ്.
ബഫർസോണിലെ ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിൽ സർവേ എങ്ങനെ നടത്തുമെന്നതിൽ വ്യക്തതയില്ല. തിരുനെല്ലിയിൽ റവന്യൂ നടപടികൾക്ക് നേതൃത്വം നൽകേണ്ട വില്ലേജ് ഓഫീസർ കസേരയിൽ എട്ടുമാസമായി ആളില്ലാത്തതും പരാതികൾക്കിടയാക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. സാഹചര്യം വിലയിരുത്താൻ കളക്റ്റ്രേറ്റിൽ ഉടൻ ഉന്നതതല യോഗം ചേരും.
മറുനാടന് മലയാളി ബ്യൂറോ