തിരുവനന്തപുരം: സംസ്ഥാനത്തെ ബഫർസോൺ വിഷയത്തിൽ ഉപഗ്രഹസർവേ പ്രാഥമിക റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ വിട്ടുപോയ നിർമ്മിതികളെക്കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന സമയപരിധി ഇന്നു വൈകിട്ട് 5 ന് അവസാനിക്കുമ്പോഴും എങ്ങും ആശങ്ക. ഇതിനു ശേഷം പരാതികൾ ഇ മെയിലൂടെയോ നേരിട്ടോ സ്വീകരിക്കില്ലെന്നും നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും വനം വകുപ്പ് അറിയിച്ചു.

സ്ഥലപരിശോധന പൂർത്തിയാക്കി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ ആപ് തകരാറിലായത് നേരിട്ടുള്ള സ്ഥലപരിശോധനയെ ഇന്നലെ സാരമായി ബാധിച്ചു. ഇക്കാരണത്താൽ ജില്ലകളിൽ നേരിട്ടുള്ള സ്ഥലപരിശോധന മുടങ്ങിയതിനാൽ, പുതുതായി കണ്ടെത്തിയ നിർമ്മിതികളുടെ വിവരം രേഖപ്പെടുത്താനായിട്ടില്ല.

പരിസ്ഥിതിലോല മേഖലാ പ്രദേശത്തെ ജനവാസമേഖലകളിൽ വനം റവന്യു തദ്ദേശ വകുപ്പുകൾ നടത്തിയ സ്ഥലപരിശോധനയിലൂടെ പുതുതായി 64,000 നിർമ്മിതികൾ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ഇവ വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ അസറ്റ് മാപ്പർ ആപ്പിലൂടെ അപ്‌ലോഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടു മുതൽ ആപ് തകരാറിലായി. ഇന്നലെ പുലർച്ചെ രണ്ടോടെ കെഎസ്ആർഇസിയുടെ സെർവറിൽ പുതുതായി ഹാർഡ് ഡിസ്‌ക് കൂടി സ്ഥാപിച്ചെങ്കിലും രാവിലെ 11 മുതലാണ് ആപ് വീണ്ടും പ്രവർത്തനക്ഷമമായത്.

അതേസമയം പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ നേരിട്ടുള്ള സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടി പാതിവഴി പോലുമെത്താതെ കേരളം സുപ്രീംകോടതിയിലേക്ക് പോകേണ്ട അവസ്ഥയിലാണ്. കേസിൽ കക്ഷി ചേരുന്നതിനായുള്ള രേഖകൾസ്റ്റാൻഡിങ് കൗൺസലിനു സംസ്ഥാന വനം വകുപ്പ് കൈമാറിയിരുന്നു. സംരക്ഷിത വനമേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കണമെന്നു കഴിഞ്ഞ വർഷം ജൂൺ 3 ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ നൽകിയ കേസ് ഈ മാസം 11ന് ആണ് പരിഗണിക്കുന്നത്.

പിഴവുകളുള്ള ഉപഗ്രഹസർവേ റിപ്പോർട്ടും പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ കേരളം ഇതു വരെ സ്വീകരിച്ച നടപടികളുടെ സംക്ഷിപ്ത വിവരണവും കൈമാറിയിട്ടുണ്ട്. വനം സെക്രട്ടറിയാണ് കേരളത്തിനു വേണ്ടി കക്ഷി ചേരുന്നത്. ജനവാസകേന്ദ്രങ്ങളുടെ കൃത്യത ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച നേരിട്ടുള്ള സ്ഥലപരിശോധന പൂർത്തിയാകാൻ ഇിനിയും സമയെടുക്കും.

ഉപഗ്രഹ സർവേ റിപ്പോർട്ടിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ 2020-21 ൽ വനം വകുപ്പ് തയാറാക്കിയ കരടു ഭൂപടവും സർവേ നമ്പറുകൾ ഉൾപ്പെടുത്തിയുള്ള ഭൂപടവും സർക്കാർ പുറത്തു വിട്ടിരുന്നു. ഇതിന്മേലുള്ള പരാതി അയയ്ക്കാൻ 2 ദിവസം അവശേഷിക്കെയാണ് കേരളം കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. ഉപഗ്രഹസർവേ റിപ്പോർട്ട് മാത്രമേ കോടതിയിൽ സമർപ്പിക്കാനാവൂ എന്ന് സർക്കാരിന് അറിയാമായിരുന്നിട്ടും രണ്ടു ഭൂപടങ്ങൾ തുടരെ പുറത്തു വിട്ടത് ആശയക്കുഴപ്പമുണ്ടാക്കി.

കാൽലക്ഷത്തിലേറെ പരാതികളാണ് സെക്രട്ടേറിയറ്റിലെ വനം വകുപ്പിന്റെ ഓഫിസിൽ ഇതുവരെ ലഭിച്ചത്. 10,000 പരാതികൾ മാത്രമാണ് ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് അയച്ചു കൊടുത്തത്. ബാക്കി പരാതികൾ ഇനിയുള്ള ദിവസങ്ങളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുമെന്നും ഇതിന് സമയപരിധി മാനദണ്ഡമാക്കേണ്ടെന്നുമാണ് വനം വകുപ്പിന്റെ നിർദ്ദേശം. ഇമെയിലിലൂടെയും നേരിട്ടും ലഭിക്കുന്ന പരാതികൾ ഇനിയും സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.