തിരുവനന്തപും: ബഫർസോൺ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും ബഫർസോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷണ പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തിൽ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിർമ്മിതികളും ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ് സർവ്വെയിൽ കൂട്ടിച്ചേർക്കുമെന്ന കാര്യവും സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നൽകുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ സർക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താൽപര്യങ്ങൾ തിരിച്ചറിയണം. തെറ്റായ പ്രചരണങ്ങളിൽ ജനങ്ങൾ കുടങ്ങിപ്പോകരുത്.

കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫർസോൺ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടത് എന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ബഫർ സോൺ ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനവാസമേഖല ഏതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സമരം അടക്കം സജീവമാക്കാൻ ഒരുങ്ങുമ്പോഴാണ് സർക്കാർ നിലപാട് മാറ്റവുമായി രംഗത്തുവന്നത്.

'ഈ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കാനേ പോകുന്നില്ല. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ടാണ് സമർപ്പിക്കുക. പരാതി സമർപ്പിക്കാനുള്ള സമയം നീട്ടും ഇതിനായാണ് കമ്മീഷന്റെ കാലാവധി നീട്ടിയത്. അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടും. റിപ്പോർട്ട് നൽകാൻ സമയപരിധി നീട്ടണമെന്ന് കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്' ശശീന്ദ്രൻ പറഞ്ഞു.

'ഇത് കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റിയ റിപ്പോർട്ടല്ലെന്ന് വ്യക്തമായതാണ്. ബഫർ സോണായി പ്രഖ്യാപിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യം. ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം നടത്തുന്നത് മംഗളവനത്തിന് 10 മീറ്റർ മാത്രം അകലത്തിലാണ് ഹൈക്കോടതി ഉൾപ്പെടെയുള്ളത്. കേരളത്തിലെ അവസ്ഥ ഇങ്ങനെയാണെന്ന് ബോധ്യപ്പെടുത്തും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജൻസിയെ വെച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. വിമർശിക്കാൻ വേണ്ടി ഒരു വിമർശനം നടത്തുകയാണ്. ഇതിൽ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇത് ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നു' ശശീന്ദ്രൻ കൂട്ടിച്ചേർത്തു.