കോട്ടയം: ഇത്രയും കാലം വന്യമൃഗങ്ങളെ ഭയന്നാണ് ജീവിച്ചത് . ഇപ്പോൾ സർക്കാരും ഞങ്ങളോട് കാട്ടുനീതി കാട്ടുന്നു. വന്യ മൃഗങ്ങളോട് പടവെട്ടി മണ്ണിൽ പണിയെടുത്ത കർഷക ജനത ഇപ്പോൾ ആശങ്കയിലാണ്. പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്ന ഭൂമി വനമാണെന്ന് റിപ്പോർട്ട് ആണ് ഉറക്കം നഷ്ടപ്പെട്ട പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികളുടെ ജീവിതം വീണ്ടും ആശങ്കയുടെ മുൾ മുനയിലായിരിക്കുന്നത്. ഇത് പ്രതിഷേധമായി ആളിക്കത്തുകയാണ്. എരുമേലിയിൽ വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്. എയ്ഞ്ചൽ വാലിയിൽ വനംവകുപ്പിന്റെ ബോർഡ് ഇളക്കി മാറ്റി കരി ഓയിൽ ഒഴിച്ചാണ് പ്രതിഷേധത്തിന്റെ തുടക്കം.

ബഫർ സോൺ വിഷയത്തിൽ എരുമേലിയിൽ വൻ പ്രതിഷേധമാണ് ഇന്നുണ്ടായത്്. എരുമേലി ഏയ്ഞ്ചൽവാലിയിലാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്. ജനവാസ മേഖലകൾ ബഫർ സോണിൽ ഉൾപ്പെട്ടതിലാണ് പ്രതിഷേധം. വനംവകുപ്പിന്റെ ബോർഡുകൾ പ്രതിഷേധക്കാർ പിഴുതുമാറ്റി. അതേസമയം, ബഫർ സോൺ പ്രശ്നത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രളയമാണ്. 12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ.

ബഫർ സോൺ വിഷയത്തിൽ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ പുതിയ ഭൂപടം പുറത്തുവിടുമെന്നു പറഞ്ഞിരുന്നു. 2021ൽ വനംവകുപ്പ് തയാറാക്കിയ ഈ ഭൂപടത്തിലാണ് എരുമേലി പഞ്ചായത്തിന്റെ 11, 12 വാർഡുകളായ പമ്പാവാലിയും എയ്ഞ്ചൽവാലിയും വനമാണെന്നു ചിത്രീകരിച്ചിരിക്കുന്നത്. ഈ രണ്ടു വാർഡുകളിലുമായി 1200 കുടുംബങ്ങളുമാണുള്ളത്. ഇതാണ് പ്രതിഷേധത്തിന് കാരണം.

ഭൂമിയിൽ നിന്നുള്ളതല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഒന്നും ലഭിക്കാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ഭൂമിയാണ് ഇപ്പോൾ വനമാണെന്ന രീതിയിൽ ചിത്രീകരിച്ചത്. മുമ്പുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഞ്ചൽവാലി, പമ്പാവാലി, മൂക്കൻപെട്ടി വാർഡുകൾ പൂർണമായും കണമല വാർഡ് ഭാഗികമായും ബഫർ സോണിൽ വരുമെന്നായിരുന്നു വിശദീകരണം. പട്ടയം പ്രതിസന്ധിയും, ബഫർ സോൺ വിഷയവുമായി നാളുകളായി നീറിക്കഴിഞ്ഞിരുന്ന കർഷകരാണ് ഇപ്പോൾ പുതിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. നിലവിലെ, റിപ്പോർട്ടിലെ പൂർണമല്ലെന്നും പരാതികൾ സ്വീകരിക്കുമെന്നും തിരുത്തലുകൾ വരുത്തുമെന്നുമുള്ള സർക്കാരിന്റെ വാക്കിൽ വിശ്വസിച്ചിരിക്കുകയാണ് കർഷകർ.

എല്ലാ രാഷ്ട്രീയ കക്ഷിയിലും അംഗങ്ങളായ പ്രദേശവാസികൾ ഉൾപ്പെടുന്ന ബഫർ സോൺ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം കടുപ്പിക്കുന്നത് ഈ സാഹചര്യത്തിലാണ്. എയ്ഞ്ചൽവാലിയിലെ ഹെൽപ്പഡെസ്‌കിൽ ഇതോടകം ആയിരത്തോളം പേർ പരാതി നൽകിയിട്ടുണ്ട്. കോരുത്തോട് പഞ്ചായത്തിലും ബഫർ സോൺ വിഷയം നിലനിൽക്കുന്നുണ്ട്. പെരിയാർ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന 4 വാർഡുകളാണ് പഞ്ചായത്ത് പരിധിയിൽ ഉള്ളത്. കോരുത്തോട് ടൗൺ, മടുക്ക, പനക്കച്ചിറ, കുഴിമാവ് തുടങ്ങിയ പ്രദേശങ്ങളിലാണു ജനം ആശങ്കയിലായത്. ഇവിടെയും ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മൂഴിക്കലും സമാനമായ അവസ്ഥ നേരിടുന്നു.

സർക്കാർ ജണ്ടയിട്ടു തിരിച്ചു നൽകിയ സ്ഥലം എങ്ങനെ വനഭൂമിയാകും എന്ന കർഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ അധികൃതർക്കും കൃത്യമായ ഉത്തരമില്ല. വനംഭൂമിയാണെന്നു വിവാദമുയർന്നിരിക്കുന്ന പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകൾ 1956ൽ വനം,റവന്യൂ വകുപ്പൂകളുടെ നേതൃത്വത്തിൽ വനാതിർത്തിയിൽ ജണ്ടയിട്ടു തിരിച്ചു നൽകിയതാണെന്നു നാട്ടുകാർ പറയുന്നു. തുടർന്നു കിടങ്ങു തീർത്തും ഫെൻസിങ്ങ് നടത്തിയും കൃഷി ഭൂമിയും വനഭൂമിയും തിരിച്ചിരുന്നു.

അഴുതയാറും, പമ്പയാറും സംഗമിക്കുന്ന സ്ഥലത്താണു നിലവിൽ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. വനത്തിൽ നിന്നുള്ള ഒരു കിലോമീറ്റർ വായുദൂരമാണ് ബഫർ സോണായി വരിക. റോഡ് മാർഗമാകുമ്പോൾ ഈ ദൂരം മൂന്നുകിലോമീറ്റർ വരും. ഉപഗ്രഹ സർവേ പ്രകാരം പമ്പാവാലിയും എയ്ഞ്ചൽവാലിയും വനഭൂമിയാകുന്നതോടെ ബഫർ സോൺ പിന്നെയും ജനവാസ മേഖലകളിലേക്കു നീളും. ഇങ്ങനെ ജനങ്ങളുടെ ആശങ്ക ഓരോ ദിവസവും വർധിക്കുകയാണ്