- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഭൂമി കരുതൽ മേഖലാ പ്രദേശത്ത് കാണിച്ചിട്ടില്ല എന്നതാണ് ഉപഗ്രഹമാപ്പ് പരിശോധിച്ച് പറയാൻ ആവശ്യപ്പെട്ടത്; 20-21-ലെ ഭൂപടം പരിശോധിച്ച് ജനവാസമേഖല ഒഴിവാക്കാനും പറയണം; ഉപഗ്രഹ സർവ്വേയിൽ ഭൂമി ഉൾപ്പെടുത്താൻ പറയുമ്പോൾ അത് ബഫർസോണിൽ കയറാനുള്ള സമ്മതമായി ഭാവിയിൽ മാറിയേക്കും; ഇതുകൊടിയ വഞ്ചന; എന്തുകൊണ്ട് മലയോരം തിളച്ചു മറിയുന്നു?
തിരുവനന്തപുരം: ബഫർസോണിൽ സ്ഥല പരിശോധനയെക്കുറിച്ചും ഹെൽപ് ഡെസ്‌ക്കുകൾ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാർ സംവിധാനത്തിൽ ഏകോപനമില്ലെന്നും ആശയക്കുഴപ്പമുണ്ടെന്നും വ്യക്തം. റവന്യു വനം മന്ത്രിമാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞതും ആശയക്കുഴപ്പത്തിന്റെ ആക്കം കൂട്ടി. സൂക്ഷ്മതയോടെ നടത്തേണ്ട സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് സമയം ആവശ്യമാണ്. ഇത് ജനുവരി 11 ന് അകം ഇവ പൂർത്തിയാക്കുമോ എന്ന സംശയം ഉയരുന്നുണ്ട്. ജനവാസമേഖലകൾ ഒഴിവാക്കിയതെന്ന് അവകാശപ്പെട്ടാണ് 2020-21ലെ ഭൂപടം അടിസ്ഥാനമാക്കിയത്. പരിശോധനയിൽ പക്ഷേ, ജനവാസമേഖലകൾ കണ്ടെത്തി. ഇതാണ് പ്രതിഷേധം ആളിക്കത്തിക്കുന്നത്.
ബഫർ സോൺ പ്രതിഷേധക്കൊടുങ്കാറ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചർച്ചകളിലൂടെ തത്കാലം ശമിച്ചെന്ന് ആശ്വസിച്ച സർക്കാരിനെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടം വീണ്ടും പ്രതിരോധത്തിലാക്കി എന്നതാണ് വസ്തുത. മലയോരമേഖലയിൽ പ്രതിഷേധം ശക്തമാവുകയും ചെയ്തു.സാറ്റലൈറ്റ് സർവ്വേയുടെ ആശങ്കകളും ആക്ഷേപങ്ങളും പരിഹരിക്കാനായി സർക്കാർ 2021ൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് സമർപ്പിച്ച ഭൂപടം ജനവാസ മേഖലയെ ബാധിക്കുന്നതും മൊത്തം ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്.മുഖ്യമന്ത്രിയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ക്രൈസ്തവസഭകൾ വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തിയാണ് വീണ്ടും ആരോപണം ശക്തമാക്കിയത്. ഉയർത്തുന്ന പ്രശ്‌നങ്ങൾ ന്യായമാണ് താനും.
ഉപഗ്രഹസർവേ അടിസ്ഥാനമാക്കി ഡിസംബർ 12-ന് പ്രസിദ്ധീകരിച്ച ഭൂപടവും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 20-21-ലെ ഭൂപടവും ജനങ്ങൾക്കുമുന്നിൽ എത്തിയതും സങ്കീർണ്ണത കൂട്ടുന്നു. രണ്ടിലും ഒട്ടേറെ പരാതികൾ ജനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. രണ്ടുഭൂപടങ്ങളും പരിശോധിച്ച് ജനം പരാതികളുമായി എത്തുകയാണ്. 2020-21-ലെ ഭൂപടമാണ് അടിസ്ഥാനമായി കണക്കാക്കുകയെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ജൂണിലെ വിധി അനുസരിച്ച് ഒരുകിലോമീറ്റർ കരുതൽപരിധി വേണം. ഈ വിധി അനുസരിച്ചാണ് ഉപഗ്രഹസർവേ നടത്തി ഭൂപടം തയ്യാറാക്കിയത്. അതിൽ അവ്യക്തതയുണ്ട്. ഇത് പരിഹരിക്കാൻ 20-21-ലെ ഭൂപടം അടിസ്ഥാനമാക്കുന്നത് നിയമപരമായി നിലനിൽക്കുമോയെന്നാണ് ചോദ്യം. സുപ്രീംകോടതിവിധിയോടെ ഈ ഭൂപടം അസാധുവായെന്ന് കൃഷിക്കാരുടെ സംഘടനകൾ പറയുന്നു.
2020-21-ലെ ഭൂപടത്തിൽ സർവേനമ്പറുകളും ഇടംകണ്ടെത്താനുള്ള ജിയോ കോർഡിനേറ്റുമില്ല. ഇത് ഒരാഴ്ചയ്ക്കകം നൽകുമെന്നാണ് വനംവകുപ്പ് പറഞ്ഞത്. പരാതി സ്വീകരിക്കൽ ജനുവരി ഏഴുവരെയാണ്. രണ്ടുഭൂപടങ്ങളിലും ജനങ്ങൾക്ക് പരാതിനൽകാനുള്ള ഫോമുകൾ ഒന്നുതന്നെയാണ്. സ്വന്തം വീട്/കൃഷിയിടം എന്നിവ കരുതൽമേഖലാപ്രദേശത്ത് കാണിച്ചിട്ടില്ല എന്നതാണ് ഉപഗ്രഹമാപ്പ് പരിശോധിച്ച് പറയാൻ ആവശ്യപ്പെട്ടത്. ഇത് സ്വയംകുരുക്കാണെന്ന് കൃഷിക്കാർ ആരോപിക്കുന്നു. 20-21-ലെ ഭൂപടം പരിശോധിച്ച് ജനവാസമേഖല ഒഴിവാക്കാനാണ് പറയേണ്ടത്. ഒന്നിൽ ഉൾപ്പെടുത്താനും മറ്റേതിൽ ഒഴിവാക്കാനും. ഉൾപ്പെടുത്താൻ പറയുമ്പോൾ അത് ബഫർസോണിൽ കയറാനുള്ള സമ്മതമായി ഭാവിയിൽ മാറാനും സാധ്യതയുണ്ട്.
സുപ്രീംകോടതി നിർദ്ദേശിച്ചത് ഒരുകിലോമീറ്റർ കരുതൽമേഖല വേണമെന്നും അവിടെ ജനവാസമേഖലകൾ എത്രയുണ്ടെന്ന് അറിയിക്കാനുമാണ്. സർക്കാർ ഇതിനകം ഏഴുമാസം കിട്ടിയിട്ടും പ്രയോജനപ്പെടുത്തിയില്ല. വിദഗ്ധസമിതിയുണ്ടാക്കിയെങ്കിലും കാര്യങ്ങൾ മുന്നോട്ടുപോകുന്നതിൽ വലിയ താമസം വന്നു. 20-21 ലെ ഭൂപടവും ഉപഗ്രഹസർവേ പ്രകാരമുള്ള ഭൂപടവും പരിശോധിച്ച് കരുതൽമേഖല വനത്തിനുള്ളിൽമാത്രം ഒതുക്കി റിപ്പോർട്ട് കൊടുത്താൽ കോടതി അംഗീകരിക്കുമോയെന്ന പ്രശ്‌നവുമുണ്ട്. കുറഞ്ഞത് ഒരു കിലോമീറ്ററെന്ന പരിധി പാലിക്കാതെ വരുന്നതാണ് പ്രശ്‌നം.
ചിലയിടങ്ങളിൽ ജനവാസമേഖലകൾ ഉപഗ്രഹ സർവേയിലും വനംവകുപ്പു ഭൂപടത്തിലും ഉൾപ്പെട്ടിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ ഉപഗ്രഹ സർവേപ്രകാരമുള്ള ബഫർസോണിനെക്കാൾ കുറവാണു വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ ഉള്ളത്. റോഡുകളെ ഉൾപ്പെടുത്തിയതും കൃഷിഭൂമി വനഭൂമിയായി രേഖപ്പെടുത്തിയതും ആശങ്കയാണ്. ചില സ്ഥലങ്ങളിൽ ഉപഗ്രഹ സർവേയിൽ ബഫർസോണിൽ ഉൾപ്പെട്ടിരുന്ന പല പ്രദേശങ്ങളും വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ നിന്ന് ഒഴിവായെന്ന ആശ്വാസവുമുണ്ട്. നേരിട്ടുള്ള സ്ഥലപരിശോധന നടത്തി അന്തിമറിപ്പോർട്ട് അതിവേഗമുണ്ടാക്കുകയാണ് പ്രശ്‌ന പരിഹാരം.
ജനത്തിന്റെ ആശങ്കകളും സുപ്രീംകോടതിയെ അറിയിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുത്ത് തുടർനടപടികളെ ക്ഷമയോടെ വീക്ഷിക്കാനാണ് ക്രൈസ്തവസഭാനേതൃത്വങ്ങൾ തീരുമാനിച്ചത്. എന്നാൽ, സുപ്രീംകോടതി എന്ത് പറയുമെന്ന ചോദ്യം സർക്കാരിന്റെയും പ്രതിഷേധക്കാരുടെയും നെഞ്ചിടിപ്പുയർത്തുന്നു.ജനുവരി 11നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജനുവരി ഏഴ് വരെ പരാതികൾ നൽകാമെങ്കിലും 11ന് മുമ്പ് സർക്കാർ എങ്ങനെ പരിഹാരം കാണുമെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു.
ജനവാസമേഖലകളും കെട്ടിടങ്ങളുമടക്കം ഭൂപടത്തിലുൾപ്പെട്ടിട്ടുണ്ടെന്ന പരാതികൾ പ്രവഹിക്കുകയാണ്. ഇതിനകം മുപ്പതിനായിരത്തിന് മുകളിൽ പരാതികളെത്തിക്കഴിഞ്ഞു.സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാൻ അനുമതിതേടി മലയോര മേഖലയിലെ പഞ്ചായത്തുകൾ കൂട്ടത്തോടെ സർക്കാരിനെ സമീപിക്കുകയാണ്. സുപ്രീംകോടതിയുടെ ജൂൺ 3ലെ വിധിയിൽ നിർദ്ദേശിച്ചത് പ്രകാരമാണ് സാറ്റലൈറ്റ് സർവ്വേ സർക്കാർ നടത്തിയത്. അതുകൊണ്ടു തന്നെ ഇത് കോടതിയിൽ സമർപ്പിച്ചേ പറ്റൂ. ജനങ്ങളുടെ ആശങ്ക സർക്കാർ അറിയിച്ചാലും, സുപ്രീംകോടതി അത് നിരാകരിക്കുകയും സാറ്റലൈറ്റ് മാപ്പ് അംഗീകരിച്ച് വിധി പുറപ്പെടുവിക്കുകയും ചെയ്താൽ ഇടതുമുന്നണിയിൽ തന്നെ ഉലച്ചിലുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ