തിരുവനന്തപുരം: വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള നിർദിഷ്ട കരുതൽമേഖലാപ്രദേശത്തെ സർവേനമ്പറുകൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പ്രസിദ്ധീകരിച്ചെങ്കിലും ആശങ്കകൾക്ക് അറുതിയില്ല. ജനവാസമേഖലകളും നിർമ്മിതികളും ഒഴിവാക്കി ഒരുകിലോമീറ്റർ പരിധിയിൽവരുന്ന കരുതൽമേഖല കണക്കാക്കി വനംവകുപ്പ് നേരത്തെ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടത്തിലാണ് സർവേനമ്പർകൂടി ഉൾപ്പെടുത്തിയത്.

എന്നാൽ പുതിയ ഭൂപടത്തിലും തെറ്റുകൾ കടന്ന്കൂടിയിട്ടുണ്ട്. ഒരേ സർവേ നമ്പറിലുള്ള പ്രദേശങ്ങൾ ബഫർ സോൺ മേഖലയ്ക്ക് ഉള്ളിലും പുറത്തുമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഭൂപടം സംബന്ധിച്ച പരാതികൾ 2023 ജനുവരി ഏഴ് വരെ ഉന്നയിക്കാമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഇതിനിടെ, സ്ഥലപരിശോധന നടത്തി ബഫർ സോൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ സമിതിയുടെ കാലാവധി 2023 ഫെബ്രുവരി 8 വരെ നീട്ടി. സമിതിയുടെ കാലാവധി ഡിസംബർ 30-ന് അവസാനിക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.

സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ പുറത്തിറക്കിയ ഭൂപടത്തെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു വനംവകുപ്പ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതിൽ സർവേനമ്പറുകൾ ഉൾപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപത്തിന് പരിഹാരമായാണ് ബുധനാഴ്ച വീണ്ടും ഭൂപടം പുതുക്കിയിറക്കിയത്. സാങ്കേതികപരിജ്ഞാനമുള്ളവരുടെ സഹായത്തോടെമാത്രമേ സർവേനമ്പർ ഉൾപ്പെടുത്തിയ പുതിയ ഭൂപടം പരിശോധിക്കാനാകൂ എന്നതും വെല്ലുവിളിയാണ്.

പാലക്കാട്ടെ സൈലന്റ്വാലി നാഷണൽപാർക്കിനു പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭൂപടമാണ് നൽകിയിട്ടുള്ളത്. സൈലന്റ്വാലിയുടേത് ഉൾപ്പെടുത്തിയിട്ടുമില്ല. ഭൂപടത്തിൽ ചുവപ്പ്-മജന്ത അതിരടയാളത്തിനുള്ളിലാണ് കരുതൽമേഖല രേഖപ്പെടുത്തിയിട്ടുള്ളത്. വന്യജീവിസങ്കേതത്തിനൊപ്പം ഓരോ തദ്ദേശസ്ഥാപനത്തിലെയും കരുതൽമേഖല പ്രത്യേകം രേഖപ്പെടുത്തിയെങ്കിലും മനസ്സിലാക്കാൻ പ്രയാസമാണ്. എന്നാൽ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ഇത് വിശദീകരിക്കാനാവുമെന്നാണ് അധികൃതർ പറയുന്നത്.

കരുതൽമേഖല സംബന്ധിച്ച ഭൂപടത്തിൽ ഏതെങ്കിലും ജനവാസകേന്ദ്രമോ നിർമ്മിതികളോ കൃഷിയിടങ്ങളോ ഉണ്ടെങ്കിൽ അവയുടെ വിശദാംശം നൽകാൻ ജനുവരി ഏഴുവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ജനങ്ങൾക്ക് അതത് തദ്ദേശസ്ഥാപനങ്ങളിലോ സർക്കാർ നിയോഗിച്ചിട്ടുള്ള വിദഗ്ധസമിതിക്കോ പരാതി നൽകാം. ജോയന്റ് സെക്രട്ടറി, വനം വന്യജീവിവകുപ്പ്, അഞ്ചാംനില, സെക്രട്ടേറിയറ്റ് അനക്‌സ് ബിൽഡിങ്; തിരുവനന്തപുരം-695001 എന്ന വിലാസത്തിലും eszforest@kerala.gov.in എന്ന ഇമെയിലിലും പരാതികൾ അറിയിക്കാം.