- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ പുറത്തു വിട്ടത് 2021ൽ കേന്ദ്രത്തിന് നൽകിയ മാപ്പ്; ജൂണിലെ സുപ്രീംകോടതി വിധിയോടെ അത് അസാധുവായി; കോടതി പറയുന്നത് ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമെന്നും; ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റി ആകാശ സർവ്വേയിൽ പുറത്തു വിട്ടത് സാധാരണക്കാർക്ക് മനസ്സിലാകാത്ത മാപ്പുകൾ; ഇത് കേസ് തോൽക്കാനുള്ള കള്ളക്കളിയോ? പുറത്തു വിട്ട ബഫർസോൺ മാപ്പിലുള്ളത് ചതികൾ
തിരുവനന്തപുരം:ബഫർ സോണുമായി ബന്ധപ്പെട്ട് സർക്കാർ അപ്ലോഡ് ചെയ്തിരിക്കുന്ന മാപ്പുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന വാദം ശക്തം.ഇത് ഒരു വർഷം മുൻപ് കേരള സർക്കാർ കേന്ദ്രത്തിലേക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടാണ്. ഈ റിപ്പോർട്ടുകളും മാപ്പുകളും ഒക്കെ 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയോടുകൂടി അപ്രസക്തവും അസാധുവും ആയിരിക്കുകയാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.പഴയ മാപ്പും പുതിയ മാപ്പും കണ്ട് ജനങ്ങൾ വഞ്ചിതരാവരുതെന്ന് കർഷക സംഘടനയായ കിഫ ആവശ്യപ്പെട്ടു.
ജൂൺ 3 ലെ സുപ്രീംകോടതി വിധിയിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നത് ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാണ് എന്നും ആ ഒരു കിലോമീറ്ററിൽ ഉള്ള നിർമ്മിതികളുടെ കണക്കെടുക്കണം എന്നുമാണ്. അങ്ങനെ കണക്കെടുക്കുന്നതിന് വേണ്ടിയിട്ടാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിച്ചതും ആ കമ്മിറ്റി ആകാശ സർവ്വേ നടത്തി ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾകൊള്ളുന്ന മാപ്പുകൾ പ്രസിദ്ധീകരിച്ചതും. പക്ഷെ അങ്ങനെ പ്രസിദ്ധീകരിച്ച മാപ്പുകൾ സാധാരണക്കാർക്ക് മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നില്ല എന്നുള്ളതാണ് ഇവിടുത്തെ പ്രശ്നം.
ആ പ്രശ്നത്തിന് പരിഹാരം എന്ന് പറയുന്നത് മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ മാപ്പ് പ്രസിദ്ധീകരിക്കുകയും അത് ഗ്രൗണ്ടിൽ മാർക്ക് ചെയ്യുകയും ചെയ്യുക എന്നുള്ളതാണ്. അതിനുപകരം നിയമപരമായി യാതൊരു നിലനിൽപ്പും ഇല്ലാത്തതും സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ സുപ്രീംകോടതി തള്ളിക്കളയുമെന്ന് ഉറപ്പുള്ളതുമായ ഒരു മാപ്പ് പ്രസിദ്ധീകരിച്ചുകൊണ്ട് ആ മാപ്പിന്റെ അടിസ്ഥാനത്തിൽ ഇനി ഫീൽഡ് സർവ്വേ നടത്തുമെന്ന് പറയുന്നത് സുപ്രീം കോടതിയിൽ ഈ കേസ് തോൽക്കാൻ വേണ്ടി തന്നെയാണ് എന്നുറപ്പിച്ചു പറയേണ്ടിയിരിക്കുന്നുവെന്നാണ് കിഫയുടെ നിലപാട്.
അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ജനങ്ങൾ ജാഗരൂകരായിരിക്കണം എന്നും സുപ്രീം കോടതി വിധിപ്രകാരമുള്ള ഒരു കിലോമീറ്റർ മാർക്ക് ചെയ്തു നൽകണമെന്നുമുള്ള ഡിമാന്റിൽ ഉറച്ചു നിൽക്കുകയും ആ ഒരു കിലോമീറ്റർ പരിധിയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും ജനസംഘ്യയുടെയും കണക്കുകൾ സുപ്രീം കോടതിയിൽ നൽകികൊണ്ട് കേരളത്തിൽ വനത്തിന് വെളിയിൽ ബഫർ പ്രായോഗികമല്ലെന്ന് നിലപാട് കേരള സർക്കാർ എടുക്കുകയും സംസ്ഥാനത്തിന് മുഴുവനായി ഈ വിധിയിൽ നിന്ന് ഇളവ് വാങ്ങുകയും ചെയ്യണമെന്നാണ് കിഫയുടെ നിലപാടെന്നും അവർ അറിയിച്ചു.
ബഫർസോണിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കൈമാറിയ ഭൂപടവും റിപ്പോർട്ടും പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. സർക്കാർ വെബ്‌സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. 2021ൽ കേന്ദ്ര വനംമന്ത്രാലയത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടാണ് പുറത്തുവിട്ടത്. ഇത് പരിശോധിച്ച ശേഷം ജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതി നൽകാനുള്ള അപേക്ഷയുടെ ഫോം ഉൾപ്പെടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 22 സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ജനവാസമേഖലകൾ ബഫർ സോണിൽനിന്ന് ഒഴിവാക്കികൊണ്ടുള്ള റിപ്പോർട്ടാണിത്. ജനവാസ മേഖല വയലറ്റ് നിറത്തിലും പരിസ്ഥിതിലോല മേഖല പിങ്ക് നിറത്തിലും വിദ്യാഭ്യാസ മേഖലകൾ നീല നിറത്തിലുമാണ് സീറോ ബഫർസോൺ ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തുകൾ കറുപ്പ് നിറത്തിലും വനം പച്ച നിറത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിനെതിരെയാണ് കിഫ നിലപാട് എടുക്കുന്നത്.
അതിനിടെ ബഫർ സോണിൽ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ വിശദീകരിച്ചിട്ടുണ്ട്. സർക്കാർ നിലപാടിൽ സംശയം വേണ്ടതില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ല. ബഫർ സോണിൽ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. ഉപഗ്രഹ സർവ്വേ കോടതി ആവശ്യപ്പെട്ടാൽ നൽകാൻ കഴിയില്ലെന്ന് നിലപാടെടുക്കാൻ സർക്കാരിന് സാധിക്കില്ല. സർക്കാർ നിലപാട് വ്യക്തമായി കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
കോടതിയിൽ കക്ഷി ചേരാനുള്ള നടപടി സ്വീകരിക്കും. ഫീൽഡ് സർവ്വേ ഏറ്റവും വേഗതയിൽ നടക്കും. സർവ്വേ എങ്ങനെ വേണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ട്രെയിനിങ് നൽകും. 26 മുതൽ സർവ്വേ തുടങ്ങുമെന്നും ഭൂമി തരം മാറ്റൽ അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ