- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റയെ കൊണ്ടുവന്ന് ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ബുഹാരി ഹോട്ടൽ ഉടമ; വിമർശനം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിന് പൂട്ടിട്ടതിന് പിന്നാലെ; രണ്ടാഴ്ചയിലൊരിക്കൽ പരിശോധന നടത്താറുണ്ടെന്നും ഉടമ
തിരുവനന്തപുരം: ഹോട്ടലിനെതിരെ നടപടി സ്വീകരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി ബുഹാരി ഹോട്ടൽ ഉടമ.ഉദ്യോഗസ്ഥർ മനപ്പൂർവം പാറ്റയെ കൊണ്ടുവന്ന് ഉപയോഗിക്കാത്ത ഫ്രിഡ്ജിൽ വെച്ച് ഫോട്ടോ എടുത്തതാണെന്ന് ഹോട്ടൽ ഉടമ കുറ്റപ്പെടുത്തി.ഇപ്പോൾ രണ്ടാഴ്ചയിൽ ഒരിക്കൽ ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്താറുണ്ട്.പഴയ ഭക്ഷണം വിൽക്കാറില്ലെന്നും ഹോട്ടലുടമ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നൽകിയിരുന്നു. പാറ്റ, പ്രാണികൾ തുടങ്ങിയവയെ അടുക്കളയിൽ കണ്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ നടപടിയെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഉടമ രംഗത്ത് വന്നത്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നതിനായി രാവിലെ ഉദ്യോഗസ്ഥർ ഹോട്ടലിലേക്കെത്തിയെങ്കിലും ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥ സംഘത്തെ തടയുകയായിരുന്നു.പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് ഹോട്ടൽ അടപ്പിച്ചത്.ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് നിർദ്ദേശം
കോട്ടയത്ത് അൽഫാം കഴിച്ച് യുവതി മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയത്.സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ ഹോളിഡേ എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു.
അവധി ദിവസങ്ങൾക്ക് ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിർദ്ദേശം നൽകിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലർന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ രശ്മി രാജ് മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്ന ഹോട്ടൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിലേക്കാണ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തുടർന്ന് സിസിടിവി അടക്കം അടിച്ചുതകർക്കുകയായിരുന്നു.
മലപ്പുറം കുഴിമന്തിയിൽ നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സ് രശ്മി രാജ് (33) കഴിഞ്ഞദിവസം മരിച്ചത്. മെഡിക്കൽ കോളജ് നഴ്സിങ് ഹോസ്റ്റലിലേക്ക് ഓൺലൈനായി ഓർഡർ നൽകിയാണ് ഭക്ഷണം വരുത്തിച്ചത്. അൽഫാം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. മൂന്നു ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിനെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.രേഖകൾ പ്രകാരം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്ക് ഇതുവരെ ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോർട്ടുകൾ. യഥാർഥത്തിൽ ഇതിൽ കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കാമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം. ഹോട്ടലിനെതിരെ പ്രതിഷേധിക്കുക എന്ന പോസ്റ്റർ ഒട്ടിച്ച ശേഷമായിരുന്നു പ്രതിഷേധ പ്രകടനം.
രണ്ടു മാസം മുൻപ് വ്യാപക പരാതി ഉണ്ടായതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൂട്ടിയ ഹോട്ടലിൽ നിന്ന് വീണ്ടും ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ഭക്ഷ്യസുരക്ഷാ നടപടികൾ പ്രഹസനമായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. രശ്മിയുടെ സഹോദരൻ വിഷ്ണുരാജിനും ഈ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ടുകളുണ്ട്.
രശ്മി രാജ് ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദിയും വയറിളക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ വയറ്റിൽ അണുബാധയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ ട്രോമ കെയർ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. 2015-16 വർഷം മുതലാണ് പാലത്തറ സ്വദേശിനിയായ രശ്മി രാജ് കോട്ടയം മെഡിക്കൽ കോളേജിൽ ജോലിക്കെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ