തിരുവനന്തപുരം: സിപിഎം ഇടപെടൽ ശക്തം. പാർട്ടി സമ്മർദ്ദത്തിൽ സംസ്ഥാനത്തു കെട്ടിടനിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസിൽ വരുത്തിയ വൻ വർധനയിൽ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചേക്കും. 80 മുതൽ 150 ചതുരശ്ര മീറ്റർ വരെ (862 മുതൽ 1615 ചതുരശ്ര അടി) വിസ്തീർണമുള്ള കെട്ടിടങ്ങളുടെ സ്ലാബിലാണ് ഇളവിന് ആലോചന. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യത്തിൽ കടുത്ത നിലപാട് എടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതിയും വിമർശനം ഉയർത്തി. ഇതോടെയാണ് മനം മാറ്റം സർക്കാരിനുണ്ടാകുന്നത്.

ഈ സ്ലാബിൽ വരുന്ന പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കു പഞ്ചായത്തുകളിൽ 50 രൂപ, നഗരസഭകളിൽ 70 രൂപ, കോർപറേഷനുകളിൽ 100 രൂപ എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്. പെർമിറ്റ് ഫീസിലെ വർധന പ്രതീക്ഷിച്ചതിലും കൂടി എന്നാണ് സിപിഎം വിലയിരുത്തൽ. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മേൽ അമിതഭാരം ഏൽപിക്കരുതെന്ന നിർദേശവും ഉണ്ടായി. ഇക്കാര്യം സിപിഎം സംസ്ഥാന കമ്മിറ്റിയിലും പങ്കുവച്ച് സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുനരാലോചനകൾ. പെട്രോൾ സെസിലും ഇതേ നിലപാടാണ് സിപിഎമ്മിനുള്ളത്.

ഇതിനിടെ, പെർമിറ്റ് ഫീസ് കൂട്ടിയതിനെതിരെ യുഡിഎഫ് നടത്തിയ പ്രക്ഷോഭങ്ങളും കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പ്രമേയം പാസാക്കാനുള്ള നീക്കങ്ങളും സിപിഎം ഗൗരവത്തോടെ എടുക്കുന്നു. സംസ്ഥാനത്ത് ഇനി മുതൽ കെട്ടിട നിർമ്മാണത്തിന് ചെലവേറുന്ന അവസ്ഥയാണ്. കെട്ടിട നിർമ്മാണ അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് തുടങ്ങിയവയിൽ വലിയ വർധനവാണ് നിലവിൽ വന്നത്. ഫീസുകൾ പത്തിരട്ടിയോളം വർധിക്കും. ഇതാണ് തിരുത്താൻ സിപിഎം ആവശ്യപ്പെടുന്നത്.

കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസ് 30 രൂപയിൽ നിന്ന് മിനിമം 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1,000-5,000 രൂപ വരെയാകും. പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കുള്ള പെർമിറ്റ് ഫീസ് 525 രൂപയിൽ നിന്ന് 7,500 രൂപയാകും. 250 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വീടുകൾക്ക് 1,750 രൂപയിൽ നിന്ന് 25,000 രൂപയാകും.

നഗര മേഖലയിൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 750 രൂപയിൽ നിന്ന് 15,000 രൂപയാകും. നഗരമേഖലയിൽ 250 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് 2,500 രൂപയിൽ നിന്ന് 37,500 രൂപയാക്കിയും കൂട്ടും. അതേസമയം വേണ്ടത്ര ചർച്ചകൾ നടത്തിയ ശേഷമാണ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് പുതുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു.

ഏപ്രിൽ 9 വരെ കെട്ടിട നിർമ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് മന്ത്രി എം ബി രാജേഷ് അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദേശപ്രകാരമുള്ള നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക.

സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമ്മിറ്റുകൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന പെർമ്മിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. എന്നാൽ ഏപ്രിൽ 10ന് മുൻപ് ലഭിച്ച അപേക്ഷകളിൽ പെർമ്മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/സ്‌ക്രൂട്ട്‌നി ഫീസ്/ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് വ്യക്തമാക്കാനാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.