- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസ് കൂട്ടിയത് 30 രൂപയിൽ നിന്ന് 300 രൂപയിലേക്ക്; 10,000 സ്‌ക്വയർ മീറ്ററിലെ ഫ്ളാറ്റ് നിർമ്മാണത്തിന് പെർമിറ്റ് ഫീസ് 20 ലക്ഷവും! അന്യായ ഫീസ് വർധനവിൽ ജനരോഷം ശക്തമായതോടെ സർക്കാർ യുടേണിന്; ഇളവ് അനുവദിക്കണമെന്ന് സിപിഎം നിർദ്ദേശം; പാർട്ടി ഭയക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് ഏർപ്പെടുത്തിയ ഫീസ് വർദ്ധനയിൽ സർക്കാർ ഇളവ് അനുവദിക്കാൻ സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തു വരുന്ന സാഹചര്യത്തിൽ ജനരോഷം കുറയ്ക്കാനുള്ള വഴികളാണ് സിപിഎം തേടുന്നത്. അതുകൊണ്ടു കൂടിയാണ് പത്ത് മടങ്ങ് നിരക്ക് വർധിപ്പിച്ച തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോക്കം പോകുന്നത്. പാർട്ടി യോഗത്തിൽ ഇത്തരം ഒരു അഭിപ്രായം ഉയർന്നു.
കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ പ്രഖ്യാപിച്ച നികുതി വർദ്ധനക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ലാബിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കിയാൽ മതിയെന്നാണ് ഭരണത്തിലിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോട് കോൺഗ്രസ് നിർദ്ദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന സർക്കാർ നിലപാട് പുനപരിശോധിക്കണമെന്നാണ് ആവശ്യം.
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനയിൽ കടുത്ത വിമർശനമാണ് മൂന്ന് ദിവസങ്ങളിലായി നടന്ന സിപിഎം നേതൃയോഗത്തിൽ ഉയർന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ജനരോഷം കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകില്ല. നിരക്ക് വർദ്ധന പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ അടങ്ങിയ സബ് കമ്മറ്റിയുടെ കൂടി നിർദ്ദേശങ്ങൾ പരിഗണിച്ചാകും പുനഃപരിശോധന. പൊതുജനങ്ങളിൽ തുടങ്ങി പാർട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയർന്ന സ്ഥിതിക്ക് നിരക്ക് വർദ്ധനയിൽ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പിൽ നിന്ന് അധികം വൈകാതെ ഉണ്ടാകും.
നേരത്തെ പെർമിറ്റ് ചാർജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ കൂട്ടികയാണ് സർക്കാർ ചെയ്തത്. 10,000 സ്‌ക്വയർ മീറ്ററിലെ നിർമ്മാണത്തിന് പെർമിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിർമ്മാതാക്കളും പ്രതിസന്ധിയിലായിരുന്നു. 10,000 സ്‌ക്വയർ മീറ്ററിൽ കോർപറേഷൻ പരിധിയിൽ നടക്കുന്ന നിർമ്മാണത്തിന് പെർമിറ്റെടുക്കാൻ ചെലവ് വന്നിരുന്ന ഒരു ലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. പരിഷ്‌കരിച്ച നികുതിഘടന മുതൽ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോൾ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സർക്കാർ ഖജനാവിലേക്ക് എത്തുന്നത്.
തനത് വരുമാന വർദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്‌കരിച്ച സർക്കാർ നടപടിയോടെ നിർമ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വൻകിട നിർമ്മാതാക്കളുടെ പരാതി. നിർമ്മാണ പെർമിറ്റിന് അപേക്ഷ സമർപ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ കൂടി. 10000 സ്‌ക്വയർ മീറ്ററിന് കോർപറേഷൻ പരിധിയിലെ പെർമിറ്റ് ഫീസ് 100050 രൂപയിൽ നിന്ന് 2005000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 150300 രൂപയായി.
വിവിധ ഫീസുകളും പെർമിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിർമ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്‌ക്വയർ ഫീറ്റിനുണ്ടായിരുന്ന നിർമ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം രജിസ്‌ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം. അതായത് വൻകിട നിർമ്മാണ മേഖലയിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 38.20 രൂപ പലതലത്തിൽ സർക്കാരിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് കണക്ക്
അതേസമയം ഏപ്രിൽ 9 വരെ കെട്ടിട നിർമ്മാണത്തിനായി ഓൺലൈനായും ഓഫ്ലൈനായും സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള നടപടി.
ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക. വാർഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫിസുകളിലും മാർച്ച് മാസത്തിൽ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ഇക്കാര്യങ്ങൾ നിരവധി പേർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് മന്ത്രി നിർദ്ദേശം നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ