- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രോഗം മൂർച്ഛിച്ച് ആറു മാസത്തിനകം മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി; മരണമില്ലാത്ത ബ്ലൂസോൺ എന്ന ഗ്രീക്ക് ദ്വീപിലേക്ക് കുടിയേറിയ ക്യാൻസർ രോഗി മരണത്തെ പറ്റിച്ച് ജീവിച്ചത് 45 വർഷം; ഒരു അത്ഭുത കഥ!
മരണത്തെ കബളിപ്പിച്ച് ജീവിച്ചത് നീണ്ട 45 വർഷക്കാലം. ഇതൊരു യക്ഷിക്കഥയല്ല, ഏതോ തിരക്കഥാകൃത്ത് മെനഞ്ഞെടുത്ത സിനിമാക്കഥയുമല്ല. സ്റ്റമാറ്റിസ് മൊറൈറ്റിസ് എന്ന 98 കാരന്റെ നേരനുഭവങ്ങളുടെ കഥ, ഒപ്പം മരണം വഴിമാറി പോകുന്ന ഒരു കൊച്ചു ദ്വീപിന്റെയും കഥ. 1976-ൽ ആയിരുന്നു സ്റ്റമറ്റിസ് മൊറൈറ്റിസിന് അർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇനി ആറുമാസം, അല്ലെങ്കിൽ പരമാവധി ഒൻപത് മാസം വരെ മാത്രമേ ജീവിക്കുകയുള്ളു എന്നും ഡോക്ടർമാർ വിധിയെഴുതി.
അർബുദ ചികിത്സ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത കാലമാണ് അതെന്ന് ഓർക്കണം. അമേരിക്കയിൽ വർഷങ്ങളോളം കഷ്ടപ്പെട്ട്, കഠിനാദ്ധ്വാനം ചെയ്ത് കുടുംബം പടുത്തുയർത്തിയ മൊറൈറ്റിസ് എടുത്ത തീരുമാനം തന്റെ ജന്മനാടായാ ഇക്കാറീയ ദ്വീപിലേക്ക് മടങ്ങുക എന്നതായിരുന്നു. അമേരിക്കയിലെ ശവസംസ്‌കാര ചടങ്ങുകൾക്ക് വൻ തുക ചെലവാകും എന്നതായിരുന്നു ഇയാളെ അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
തന്റെ ജന്മനാട്ടിൽ തിരിച്ചെത്തി, അവസാന നാളുകൾ വീഞ്ഞും ഭക്ഷണവുമായി കഴിച്ചുകൂട്ടുക എന്നായിരുന്നു അയാൾ തീരുമാനിച്ചത്. വാതിലിൽ മുട്ടി വിളിക്കുന്ന മരണത്തെ സന്തോഷത്തോടെ വരവേൽക്കാൻ അയാൾ തീരുമാനിച്ചുറച്ചിരുന്നു. ഇക്കാറിയയിൽ എത്തി ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, തന്റെ ശരീരത്തിന്റെ ശക്തി വർദ്ധിച്ചു വരുന്നതായി അയാൾ തിരിച്ചറിഞ്ഞു. ഡോക്ടർമാർ കുറിച്ചു നൽകിയ ഒൻപത് മാസങ്ങൾ കടന്നുപോയപ്പോൾ അയാൾക്ക് മനസ്സിലായി ജീവിച്ച് തീർക്കാൻ ഇനിയും ജീവിതം ഏറെ ബാക്കിയുണ്ടെന്ന്.
ആ തോന്നൽ ശരിയായിരുന്നു. പിന്നീടയാൾ ജീവിച്ചത് നീണ്ട 45 വർഷക്കാലമായിരുന്നു. ബി ബി സിയുമായുള്ള അഭിമുഖത്തിൽ അയാൾ പറഞ്ഞത് തന്നെ രക്ഷിച്ചത് വീഞ്ഞ് ആയിരുന്നു എന്നാണ്.എന്നാൽ, ഇതിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. ബ്ലൂ സോൺ എന്നറിയപ്പെടുന്ന ഇക്കാറിയ ദ്വീപിലെ ജനങ്ങൾ ബാക്കി പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങളേക്കാൾ 10 വർഷം കൂടുതൽ ജീവിക്കുന്നു എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ ആളുകൾ മരിക്കാൻ മറക്കുന്ന ഇടം എന്നൊരു വിശേഷണം കൂടി ഈ ദ്വീപിനുണ്ട്.
മൊറൈറ്റിസ് പറയുന്നത്, തികച്ചും ശുദ്ധമായ സസ്യാഹാരം, വൈൻ, ശുദ്ധ വായു എന്നിവയ്ക്കൊപ്പം, മാനസിക സമ്മർദ്ദം തീരെയില്ലാത്ത ജീവിതവുമാണ് തന്റെ ആയുസ്സ് നീട്ടി നൽകിയിയത് എന്നാണ്. പുറത്ത് എവിടെ പോയാലും വൈൻ വാങ്ങിക്കുടിക്കാൻ വിസമ്മതിക്കുന്ന ഇയാൾ, എപ്പോഴും തനിക്കൊപ്പം പ്രാദേശികമായി ഉണ്ടാക്കിയ വൈൻ കരുതും. വാണിജ്യാടിസ്ഥാനത്തിലുള്ള വൈനുകളിൽ ധാരാളം പ്രിസർവേറ്റീവുകൾ ചേർക്കുന്നു എന്നാണ് മൊറൈറ്റിസ് പരാതിപ്പെടുന്നത്.
ഒരു മനുഷ്യന്റെ ആയുസ്സ് നിർണ്ണയിക്കുന്നതിൽ ജനിതക ഘടനക്കുള്ള പങ്ക് വെറും 20 ശതമാനം മാത്രമാണെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. ബാക്കി 80 ശതമാനവും ആ വ്യക്തി എപ്രകാരം ജീവിക്കുന്നു എന്നതിനെ ആശ്രയിച്ചാണെന്നും ഗവേഷകർ പറയുന്നു. പ്രാദേശികമായി ശുദ്ധമായ ആഹാരം ലഭിക്കുമെന്നതും, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങൾ അനുഭവിക്കാത്തതുമായിരിക്കാം മൊറൈറ്റിസിന് ആയുസ്സ് നീട്ടിക്കിട്ടാൻ കാരണമായതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നുണ്ട്.




